വിദേശത്തേക്കു കടത്തിയ 4.8 ലക്ഷം ഡോളറുമായി എയർഹോസ്റ്റസ് പിടിയിൽ

ന്യൂഡൽഹി∙ വിദേശത്തേക്കു കടത്താൻ ശ്രമിച്ച മൂന്നേകാൽ കോടി രൂപയുടെ വിദേശ കറൻസിയുമായി എയർ ഹോസ്റ്റസ് പിടിയിൽ. ഹോങ്കോങ്ങിലേക്കുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിലെ ജീവനക്കാരി ദേവേഷി കുൽശ്രേസ്തയുടെ പക്കൽനിന്നാണു റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ 4.8 ലക്ഷം യുഎസ് ഡോളർ പിടികൂടിയത്.

ചെക്ക് ഇൻ ബാഗിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണം. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹവാല ഏജന്റും ഡൽഹി നിവാസിയുമായ അമിത് മൽഹോത്ര അറസ്റ്റിലായി. മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും രണ്ടുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അമിത്തിനുവേണ്ടി ദേവേഷി മുൻപും പലതവണ പണം കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

ഡൽഹിയിലെ സ്വർണവ്യാപാരികളിൽനിന്നു ശേഖരിക്കുന്ന വിദേശ കറൻസി എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചു കടത്തുകയായിരുന്നു അമിത്തിന്റെ രീതി. ഈ തുക ഉപയോഗിച്ചു വിദേശത്തുനിന്നു സ്വർണം വാങ്ങും. അത് ഇന്ത്യയിലേക്കു കടത്തും. ആറുമാസം മുൻപു വിമാനയാത്രയ്ക്കിടെയാണു ദേവേഷിയുമായി ഇയാൾ പരിചയത്തിലായത്. കഴിഞ്ഞ ഒരുവർഷമായി അമിത് ഇത്തരത്തിൽ പണം കടത്തുന്നുണ്ടെന്നും കൂടുതൽ വിമാനജീവനക്കാർക്ക് ഇടപാടിൽ പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.