കുഞ്ഞിനെ വിമാനത്താവളത്തിൽ മറന്നു; മൂന്നു മണിക്കൂറിനു ശേഷം ‘വീണ്ടെടുത്തു’

ദുബായ്∙ വിമാനത്താവളത്തിൽ കുഞ്ഞിനെ മറന്നുവച്ചു കുടുംബം അൽഐനിലെ വീട്ടിലേക്ക് പോയി. വീട്ടുകാർ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെൺകുട്ടി കഴിഞ്ഞത് എയർപോർട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തിൽ. ദുബായ് എയർപോർട്ടിൽ വിമാനമിറങ്ങിയ പാകിസ്താനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അൽഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും കുട്ടി മറ്റേ വാഹനത്തിൽ ഉണ്ടാകുമെന്നാണു കരുതിയത്.

Read more

വിമാനത്താവള ഓഫീസിൽനിന്നും ഫോൺവിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്. വിമാനമിറങ്ങിയ കുടുംബാംഗങ്ങൾ യാത്രാനടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വിമാനത്താവളത്തിലെ ക്യാമറ നിരീക്ഷിക്കുമ്പോഴാണ് ഒറ്റപ്പെട്ട കുട്ടി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു വിമാനത്താവള ഉദ്യോഗസ്ഥർ യാത്രക്കാരുടെ ടെലഫോൺ നമ്പർ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കടുംബം കുഞ്ഞിനെ സ്വീകരിക്കാൻ തിരിച്ചു വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും മൂന്നുമണിക്കൂർ കഴിഞ്ഞു.