ഇഞ്ചോടിഞ്ച് 'പോരാട്ടം': ഒടുവില്‍ പാലാരിവട്ടത്തെ 'പിന്നിലാക്കി' കണ്ണൂര്‍ പാറക്കണ്ടി

ബവ്‌റിജസ് കോര്‍പ്പറേഷന്റെ ക്രിസ്മസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ 67.91 ലക്ഷം രൂപയുടെ മദ്യം വിറ്റ് കണ്ണൂര്‍ പാറക്കണ്ടിയിലെ ചില്ലറ വില്‍പ്പന ശാല മുന്നില്‍. എറണാകുളം പാലാരിവട്ടത്തെ ചില്ലറ വില്‍പ്പന ശാലയാണ് 66.71 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാമത്. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള വില്‍പ്പന കണക്കുകളാണിത്.

ഇക്കാലയളവില്‍ 62.14 ലക്ഷം രൂപ മദ്യ വില്‍പ്പനയിലൂടെ നേടി പട്ടാമ്പി കൊപ്പം വില്‍പ്പനശാലയാണ് മൂന്നാമത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്തവണ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ വില. 2016ല്‍ ഇതേകാലയളവില്‍ 402 കോടിയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ 2017ല്‍ ഇത് 480 കോടി രൂപയായി.

പുതുവത്സര തലേന്നാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 61.74 കോടി രൂപയ്ക്കുള്ള മദ്യം കുടിച്ചാണ് കേരളം പുതുവര്‍ഷത്തെ വരവേറ്റത്.