ബി.എസ്.എന്‍.എല്‍. ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യ വിളികള്‍ നിര്‍ത്തുന്നു

രാത്രിയിലെ സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ ബി.എസ്.എന്‍.എല്‍. ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളി നിര്‍ത്തുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഞായറാഴ്ചയിലും സൗജന്യവിളികള്‍ രാത്രി മാത്രമേ ഉണ്ടാവൂ.

2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും മറ്റുദിവസങ്ങളില്‍ രാത്രികാല സൗജന്യവും ബി.എസ്.എന്‍.എല്‍. പ്രഖ്യാപിച്ചത്. രാത്രി ഒന്‍പതുമുതല്‍ രാവിലെ ഏഴുവരെ ബിഎസ്.എന്‍.എല്‍. ലാന്‍ഡ്, മൊബൈല്‍ നെറ്റ് വര്‍ക്കിലേക്ക് സൗജന്യമായി വിളിക്കാമായിരുന്നു. ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനുകള്‍ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഈ തീരുമാനം. ഇതോടെ ലാന്‍ഡ് ലൈന്‍ ഉപേക്ഷിക്കുന്നത് ഉപഭോക്താക്കള്‍ നിര്‍ത്തി.

അതിനിടെയാണ് കഴിഞ്ഞദിവസം, രാത്രിയിലെ സൗജന്യ വിളികളുടെ സമയം കുറച്ചത്. ഒന്‍പത് എന്നത് പത്തരയായും ഏഴുമണി എന്നത് ആറുമണിയായും കുറച്ചു. ഇപ്പോള്‍ ഞായറാഴ്ചത്തെ പകല്‍ സൗജന്യവും എടുത്തുകളഞ്ഞു.

സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതില്‍ ബി.എസ്.എന്‍.എല്‍. യൂനിയനുകളില്‍ വലിയ എതിര്‍പ്പുണ്ട്. ഓഫറുകള്‍ കുറയുമ്പോള്‍ ജനം സ്ഥാപനത്തെ കൈവിടുമെന്ന ആശങ്കയാണവര്‍ക്ക്. റിലയന്‍സ് ജിയോ പോലുള്ള കമ്പനികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് വരിക്കാരെ പിടിക്കുമ്പോള്‍ ബി.എസ്.എല്‍.എല്‍. പ്രതിസന്ധിയിലാകുമെന്നാണ് അവര്‍ പറയുന്നത്. സൗജന്യങ്ങള്‍ കുറക്കുന്നതിനെതിരേ പരാതി നല്‍കാനുള്ള നീക്കത്തിലാണ് യൂനിയനുകള്‍.