നികുതി വെട്ടിച്ച് ഓടിയത് കാല്‍ലക്ഷത്തിലേറെ കാറുകള്‍; 11 ഡീലര്‍മാര്‍ക്കെതിരെ കേസ്

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാൽ ലക്ഷത്തിലേറെ കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെൽ. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക മോട്ടോർവാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇത്തരത്തിൽ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ഇത്തരം കാറുടമകളുടെ കേരളത്തിലെയും പുതുച്ചേരിയിലെയും വിലാസങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. പിവൈ–01, പിവൈ–03, പിവൈ–05 ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടികയാണു ശേഖരിക്കുന്നത്. ഇതിൽ, പിവൈ–03 മാഹി റജിസ്ട്രേഷനും മറ്റു രണ്ടും പുതുച്ചേരിയിലുമാണ്. നേരത്തേ, 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കാറുകളുടെ നികുതി വെട്ടിപ്പാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഇപ്പോൾ, 50 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളുടെ കണക്കാണു ശേഖരിക്കുന്നത്.

പുതുച്ചേരിയിൽ പതിനായിരത്തിലേറെ വാടകവീടുകൾ മാത്രമേയുള്ളൂവെന്നും അപ്പോൾ 23,000 പേർ അവിടെ എങ്ങനെ വാടകവീട്ടിൽ താമസിക്കുന്നുവെന്നത് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത് പറഞ്ഞു. കുറേ പേർ നേരായ രീതിയിൽ റജിസ്റ്റർ ചെയ്തവരാകാം. മാഹിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ പലതും അത്തരത്തിൽപെടും. എങ്കിലും ഇരുപതിനായിരത്തിലേറെ വാഹനങ്ങൾ നികുതിവെട്ടിച്ച പട്ടികയിൽ വരുമെന്നാണു നിഗമനം. പട്ടിക ഉടൻ മോട്ടോർവാഹന വകുപ്പിനു കൈമാറും. ഒരുകോടി വിലയുള്ള വാഹനം പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്താൽ 19 ലക്ഷം രൂപയാണ് ഉടമയ്ക്കു ലാഭം. കേരളത്തിൽ 20 ലക്ഷം രൂപ നികുതി നൽകണം.

നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ 11 കാർ ഡീലർമാർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ആഡംബര കാർ ഷോറൂം മാനേജർമാരെ പ്രതിയാക്കിയാണു കേസ്.

കൊച്ചിയിലെ ഒരു ഷോറൂമിൽനിന്നു കഴിഞ്ഞ രണ്ടുവർഷത്തിനിടെ വിറ്റ 46 കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതിവെട്ടിച്ചതായി ഐജി പറഞ്ഞു. മറ്റ് 20 കാർ ഡീലർമാരുടെ പങ്കും അന്വേഷണത്തിലാണ്.