നാലര വയസ്സുകാരിയുടെ കൊലപാതകം: 'ഇവരെ അമ്മയെന്ന് വിളിക്കാനാകില്ല'

“”ഇവരെ അമ്മയെന്ന് വിളിക്കാനാകില്ല… സ്ത്രീത്വത്തിന് ആകെ അപമാനമാണിവര്‍…”” – ചോറ്റാനിക്കരയിലെ നാലര വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ട് കോടതി കുറിച്ചത് ശ്രദ്ധേയമായ വരികള്‍. “ബയോളജിക്കല്‍ മദര്‍” എന്നാണ് കേസിലെ പ്രതിയായ അമ്മയെ കോടതി വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വിഭാഗത്തിലേക്ക് പരിഗണിക്കാവുന്ന പ്രവൃത്തികളാണ് അമ്മ അടക്കമുള്ള പ്രതികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

പെട്ടെന്നുള്ള പ്രകോപനം കൊണ്ടല്ലെന്നും ഗൂഢാലോചന നടത്തിയാണ് കൊലപാതകം ചെയ്തതെന്നും കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ ലക്ഷ്യം എന്തായിരുന്നെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ല. എന്നാല്‍ ലക്ഷ്യം എന്തായിരുന്നാലും അവര്‍ ചെയ്തത് അങ്ങേയറ്റത്തെ പാതകമാണ്. അവര്‍ക്ക് ഒന്നാം പ്രതിയുമായുള്ള അവിഹിത ബന്ധം തുടരുന്നതിന് കുട്ടി തടസ്സമായിരുന്നെങ്കില്‍ കുട്ടിയെ ഉപേക്ഷിക്കാമായിരുന്നു. കുട്ടിയുടെ സഹോദരിയെ അമ്മ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് അയച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

കുട്ടിയുടെ ശരീരത്തില്‍ 25 മുറിവുകള്‍ കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നാണെന്ന് നിരീക്ഷിച്ചത്. ഒന്നാം പ്രതി രഞ്ജിത്ത് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് വിഭാഗത്തിലെ അസി. പ്രൊഫസറുടെ മൊഴിയും റിപ്പോര്‍ട്ടും ഇത് ശരിവയ്ക്കുന്നതാണ്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ കണ്ട മുറിവുകളും ചതവുകളും ക്രൂരകൃത്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. കുട്ടി ബഹളം വച്ചപ്പോള്‍ കഴുത്തില്‍ കൈമുറുക്കിയ ശേഷം തല ചുമരില്‍ ശക്തിയായി ഇടിച്ചു. ഇത് തലച്ചോറില്‍ ക്ഷതമുണ്ടാക്കുകയും മരണ കാരണമാകുകയും ചെയ്തു. പിന്നീട് കുട്ടിയുടെ നെഞ്ചില്‍ രഞ്ജിത്ത് തൊഴിച്ചതും മരണ കാരണമായതായി കോടതി കണ്ടെത്തി.

രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രിയത്തില്‍ ആറു സെന്റിമീറ്ററോളം നീളത്തില്‍ മുറിവുണ്ടാകുകയും ചെയ്തിരുന്നു. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ മൃതദേഹം ഒളിപ്പിക്കാനാണ് പ്രതി ശ്രമിച്ചത്. ഇതിന് മറ്റുള്ളവരും കൂട്ടുനിന്നു. പിന്നീട് വീടിനടുത്തുള്ള പ്രദേശത്ത് ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹം എവിടെ മറവു ചെയ്യണമെന്ന് അമ്മ തന്നെയാണ് പ്രതികളോട് നിര്‍ദേശിച്ചത്. ഇതെല്ലാം പ്രതികളുടെ ക്രൂരമായ മനസ്സാണ് വെളിപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയത്. 37 സാക്ഷികളുടെ മൊഴികളും 50 രേഖകളും പരിശോധിച്ചാണ് കോടതി വിധിന്യായത്തിലെത്തിയത്.