25 വര്‍ഷം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞു പിറന്നു

25 വര്‍ഷം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പെണ്‍കുഞ്ഞ് പിറന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞ് ജനിക്കുന്നത്. ടെന്നിസീയിലെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സന്റെറില്‍ സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ് പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്.

നവംബര്‍ 25 നാണ് ടിനാ ഗിബ്‌സണ്‍ -ബെഞ്ചമിന്‍ ഗിബ്‌സണ്‍ ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചത്. 1992 ഒക്‌ടോബര്‍ 14 മുതല്‍ ശീതകരിച്ചു സൂക്ഷിച്ച ഭ്രൂണമാണ് 26 കാരിയായ ടിനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. 20 വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞു ജനിക്കുന്നത് ആദ്യമായാണ്.

ഏഴു വര്‍ഷം മുമ്പാണ് ടിനയും ബെഞ്ചമിനും വിവാഹിതരായത്. കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ഭ്രൂണം ദത്തെടുത്ത് സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് മാസികകളിലുടെ അറിയുകയും ഫെര്‍ട്ടിലിറ്റി സന്റെറിനെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഭ്രൂണം ടിനയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റിയത്. എംബ്രിയോ ഡൊണേഷന്‍ സന്റെറിലെ അധികൃതര്‍ ഏറ്റവും പ്രായമേറിയ ഭ്രൂണത്തെകുറിച്ച് അറിയിച്ചപ്പോള്‍ സ്വീകരിക്കാന്‍ ടിന തയാറാവുകയായിരുന്നു.

Read more

കുഞ്ഞ് എമ്മ ആരോഗ്യവതിയാണെന്നും ആറു പൗണ്ടിലേറെ തൂക്കമുണ്ടെന്നും ടിന പറയുന്നു. ഏറ്റവും കാലം സൂക്ഷിച്ച ഭ്രൂണത്തിലൂടെ അമ്മയാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ടിന.