യുവാക്കളെ വേണം; സി.പി.എമ്മും ക്യാമ്പസ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു

ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി, കാമ്പസുകളില്‍നിന്ന് യുവാക്കളെ പാര്‍ട്ടിയിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിന് സി.പി.എം. ആലോചിക്കുന്നു. പാര്‍ട്ടിയിലേക്ക് ചെറുപ്പക്കാര്‍ വരുന്നത് കുറയുന്നുവെന്ന സ്വയം വിമര്‍ശനം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കത്തിന് പാര്‍ട്ടി ആലോചിക്കുന്നത്.

കാമ്പസുകളില്‍ എസ്.എഫ്.ഐ. അതിശക്തമാണ്. പക്ഷേ, അതിന്റെ ഗുണം പൂര്‍ണമായി പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. കാമ്പസുകളില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ, തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവുന്ന നിലവാരുമുള്ള “കാഡര്‍മാര്‍” കാമ്പസുകളിലുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിന് സംവിധാനമില്ല. പാര്‍ട്ടി നേതൃത്വം തന്നെ “കാമ്പസ് രാഷ്ട്രീയ”മായി ഇതിനെ വിലകുറച്ചു കാണുകയാണ്.

ഇവരെ പാര്‍ട്ടിയിലേക്ക് എത്തിച്ചാല്‍ വലിയ മുന്നേറ്റം ഉണ്ടാവും. പ്രാദേശികമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് കാന്‍ഡിഡേറ്റ് അംഗത്വത്തിലൂടെ പാര്‍ട്ടി അംഗമായി മാറുന്നതാണ് സി.പി.എമ്മിന്റെ രീതി. എന്നാല്‍ അങ്ങനെ ചെറുപ്പക്കാരുടെ വരവ് കുറയുമ്പോള്‍ത്തന്നെ, കാമ്പസുകളില്‍ എസ്.എഫ്.ഐ. വളരെ ശക്തവുമാണ്. കാമ്പസുകളില്‍ എസ്.എഫ്‌.െഎ.യുമായി ബന്ധപ്പെടുന്നവരെ തിരിച്ചറിഞ്ഞ് അവരവരുടെ സ്ഥലങ്ങളിലെ പാര്‍ട്ടി ഘടകങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതിനാണ് ആലോചിക്കുന്നത്.

കാമ്പസ് വിടുന്നവരില്‍ 90 ശതമാനം പേരും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാതെ രംഗംവിടുകയാണ് ചെയ്യുന്നത്. പാര്‍ട്ടിയിലേക്ക് ചെറുപ്പക്കാരെ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നത് സി.പി.എം. ജില്ലാ സമ്മേളനങ്ങളിലെ പൊതുവായ ചര്‍ച്ചയാണ്. അപൂര്‍വം ജില്ലകളില്‍ മാത്രമാണ് ഇതിനൊരു മാറ്റം ഉണ്ടായിട്ടുള്ളത്. പാര്‍ട്ടിയില്‍ ചെറുപ്പക്കാരുടെയും വനിതകളുടെയും വരവ് കുറയുന്നതായി വിലയിരുത്തിയിട്ടുള്ളതിനാല്‍ ഇക്കുറി കമ്മിറ്റികളില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പാര്‍ട്ടി കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. സ്ത്രീകളെ കൊണ്ടുവരാന്‍ കുടുംബശ്രീ പോലുള്ള സംവിധാനമാണ് പാര്‍ട്ടി ഉപയോഗിക്കുന്നത്.

Read more

കാമ്പസില്‍നിന്ന് നേരിട്ട് പാര്‍ട്ടിയിലേക്കുള്ള റിക്രൂട്ട് മെന്റ് നടക്കുമ്പോള്‍ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും അത് ഗുണം ചെയ്യും. എസ്.എഫ്.ഐ.യില്‍ വിദ്യാര്‍ഥിനികള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാല്‍ അത് മുതല്‍ക്കൂട്ടാവും. നിലവില്‍ കാമ്പസുകളില്‍നിന്ന് പാര്‍ട്ടിയിലേക്ക് നേരിട്ട് ആളെ കൊണ്ടുവരാന്‍ സംവിധാനമില്ല. കാമ്പസുകളുടെ ചുമതല അതതിടത്തെ പാര്‍ട്ടി കമ്മിറ്റികള്‍ക്കാണെങ്കിലും, കാമ്പസില്‍ പാര്‍ട്ടി ബ്രാഞ്ചുകളോ, ഫ്രാക്ഷനോ പ്രവര്‍ത്തിക്കുന്നില്ല. കാമ്പസിലെ നേതാക്കളെ അവരുടെ പ്രദേശത്തോടു ചേര്‍ന്നുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുത്തി പാര്‍ട്ടിയിലേക്ക്് അടുപ്പിക്കുന്നതിനായിരിക്കും ശ്രമിക്കുക.