സമ്മേളനം നടത്താന്‍ കുടുക്കപ്പിരിവുമായി സി.പി.ഐ.എം

സംസ്‌ഥാന സമ്മേളനത്തിനായി കുടുക്കപ്പിരിവുമായി സി.പി.ഐ.എം. സമ്മേളനത്തിന്റെ ചെലവ്‌ പ്രവര്‍ത്തകരുടെ വീടുകളില്‍വയ്‌ക്കുന്ന കുടുക്കയിലൂടെ സമാഹരിക്കണമെന്നാണു നിര്‍ദേശം. രണ്ടുകോടി രൂപയാണ്‌ ലക്ഷ്യമിടുന്നത്‌. സമുദായസംഘടനകളും ക്ഷേത്രകമ്മിറ്റികളും പിന്തുടരുന്ന മാതൃകയിലാണ്‌ സി.പി.ഐ.എം വീടുകളില്‍ കുടുക്കകള്‍ സ്‌ഥാപിക്കുന്നത്‌.

കാശുകുടുക്ക എന്ന പേരില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ഈമാസം 20ന്‌ കുടുക്ക വയ്‌ക്കും. ഫെബ്രുവരിയിലാവും ഏറ്റുവാങ്ങുക. ഫെബ്രുവരി 22നാണ്‌ സംസ്‌ഥാനസമ്മേളനം. 500 രൂപയെങ്കിലും കുടുക്കയില്‍ നിക്ഷേപിക്കണമെന്നാണു നിര്‍ദേശം. കോര്‍പറേറ്റുകളുടെ സഹായമില്ലാതെയാണു സമ്മേളനം നടത്തുകയെന്ന്‌ സംസ്‌ഥാന സമ്മേളനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണയോഗത്തിനിടെ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്‌തമാക്കിയിരുന്നു.

അതേസമയം ജനകീയശൈലി വിപുലീകരിച്ച്‌ സ്‌ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കാനും നേതൃത്വം മാര്‍ഗരേഖ ഒരുക്കിയിട്ടുണ്ട്‌. സമ്മേളനങ്ങളുടെ കര്‍ക്കശ ശൈലിക്കും മാറ്റംവരും. പാര്‍ട്ടിയില്‍ മുമ്പ്‌ സജീവമായിരുന്നവരെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരാനും തിരക്കിട്ട നീക്കം തുടങ്ങി. സംസ്‌ഥാന സമ്മേളനത്തിനു മുന്നോടിയായി ഏരിയാകേന്ദ്രങ്ങളിലും സ്വാഗതസംഘമുണ്ടാക്കും. ജനസമ്പര്‍ക്കം ശക്‌തമാക്കാനാണിത്‌.

അനുഭാവികളെയും പാര്‍ട്ടി അംഗങ്ങളല്ലാത്തവരെയും സംഘടനയിലേക്ക്‌ അടുപ്പിക്കാനാണ്‌ നോക്കുന്നത്‌. ലോക്‌സഭാതെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ്‌ പുതിയ ശൈലി. പാര്‍ട്ടി അംഗങ്ങളല്ലാത്തവര്‍ക്കും ചുമതലകള്‍ നല്‍കും. സര്‍വീസ്‌ സംഘടനകളില്‍നിന്നു റിട്ടയര്‍ ചെയ്‌തവര്‍ ഇപ്പോള്‍ ബ്രാഞ്ച്‌ ഘടകങ്ങളില്‍ സജീവമാണ്‌. വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്നവരെ നേതൃസ്‌ഥാനങ്ങളിലിരുത്തണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന്‌ മുന്‍ സര്‍ക്കാര്‍ ജീവനക്കാരെ വ്യാപകമായി തിരുകി കയറ്റിയിരുന്നു. ഇവര്‍ക്കിപ്പോള്‍ തിരക്കോടു തിരക്കാണ്‌.