രോഗികളുടെ കരളില്‍ സ്വന്തം പേരെഴുതിവെക്കുന്നത് ഒരു രോഗമാണോ ഡോക്ടര്‍

കണ്ടവന്റെ കരളില്‍ തന്റെ പേരു കുത്തിക്കുറിക്കാന്‍ ഡോക്ടര്‍ക്കു മോഹം. അങ്ങനെയാണ് കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കിടയില്‍ രണ്ടു പേരുടെ കരളിന്മേല്‍ തന്റെ ചുരുക്കപ്പേരു സൈമണ്‍ ബ്രാംഹാള്‍ (53) കൊത്തിവച്ചത്. പൊട്ടിയ രക്തക്കുഴലുകള്‍ വൈദ്യുത കിരണങ്ങള്‍ ഉപയോഗിച്ച് അടയ്ക്കുന്നതിനുള്ള ഉപകരണം (ആര്‍ഗണ്‍ ബീം കൊയാഗുലേറ്റര്‍) കൊണ്ടായിരുന്നു സഹപ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെ ഡോക്ടറുടെ കയ്യാങ്കളി.

ബര്‍മിങ്ങാം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലിലെ പേരുകേട്ട സര്‍ജനായിരുന്നു സൈമണ്‍. അച്ചടക്ക നടപടിയെടുക്കാവുന്ന കുറ്റമാണെന്നു വ്യക്തമായതോടെ, 2014ല്‍ ഡോക്ടര്‍ രാജിവച്ചുപോയി. കോടതിയില്‍ ഇക്കാര്യം സമ്മതിച്ചെങ്കിലും അന്യായമായി ശരീരത്തിനു ക്ഷതമേല്‍പ്പിച്ചതിനുള്ള കുറ്റം ഏല്‍ക്കാന്‍ ഡോക്ടര്‍ തയാറല്ല.

കുറ്റകൃത്യ ചരിത്രത്തില്‍ ഇങ്ങനൊരു സംഭവം ആദ്യത്തേതാണ്. മരവിപ്പിച്ചു കിടത്തിയ രോഗിയില്‍ ബോധപൂര്‍വം നടത്തിയ കയ്യേറ്റമാണിതെന്നും ധാര്‍മികമായി മാത്രമല്ല, നിയമപരമായും തെറ്റാണെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. വിശ്വാസം അര്‍പ്പിച്ച രോഗിയെ നിന്ദിക്കുന്ന നടപടിയാണിതെന്നും ചൂണ്ടിക്കാട്ടി.

ജനുവരി 12ന് കോടതി ശിക്ഷ വിധിക്കും.