ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്റെ 18 ലക്ഷം തട്ടിയെടുത്തു

ഡോക്ടര്‍ ചമഞ്ഞ് നിരവധി ആളുകളുടെ കയ്യില്‍നിന്ന് പണം തട്ടിയെടുക്കുകയും പോലീസ് പിടിയിലായപ്പോള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്ത യുവാവിനെ വീണ്ടും പോലീസ് അറസ്റ്റുചെയ്തു. കല്ലറ സ്വദേശി കിടങ്ങൂര്‍-കൂടല്ലൂര്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മുണ്ടുവേലി പറമ്പില്‍ രതീഷാ (29)ണ് അറസ്റ്റിലായത്. ലോട്ടറിയടിച്ച തുകയില്‍നിന്ന് പതിനെട്ടുലക്ഷം കബളിപ്പിച്ചുവെന്ന പരാതിയിലാണ്അറസ്റ്റ്. ഏറ്റുമാനൂര്‍ ചിറക്കുളത്തിനുസമീപം സംഗീത ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരന്‍ കടപ്ലാമറ്റം ഇട്ടിയപ്പാറ മംഗനാടിയില്‍ ബാബുവിന്റെ മകന്‍ സനുമോന്‍ ബാബുവാണ് പരാതി നല്‍കിയത്.

കഴിഞ്ഞവര്‍ഷം കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപ സനുമോനാണ് അടിച്ചത്. നികുതികുറച്ച് 63 ലക്ഷം രൂപ സനുമോന്റെ അക്കൗണ്ടിലെത്തി. ഇതിനിടെയാണ് അഞ്ച് വര്‍ഷമായി പരിചയമുള്ള രതീഷ്, സനുമോനെ സഹായിക്കാനെന്ന പേരില്‍ അടുത്തുകൂടിയത്. ഡോക്ടര്‍ ആണെന്നാണ് ധരിപ്പിച്ചതെന്ന് സനുമോന്‍ പരാതിയില്‍ പറയുന്നു.

വിശ്വസിപ്പിച്ചത് ഈവിധം

ആരോഗ്യപരമായും സാമ്പത്തികമായും പ്രശ്നങ്ങളുള്ള സനുമോന് ലോട്ടറി സമ്മാനത്തുകയുടെ നികുതി തിരികെ കിട്ടാന്‍ മാര്‍ഗമുണ്ടെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കാരുണ്യാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഹൃദ്രോഗിയെന്ന നിലയില്‍ നികുതിയിനത്തില്‍ അടച്ച തുക മുഴുവന്‍ തിരികെ ലഭിക്കുമെന്നും അതിനായി ആദ്യം 18 ലക്ഷം രൂപാ അടയ്ക്കണമെന്നുമാണ് സനുമോനെ ധരിപ്പിച്ചത്. തുടര്‍ന്ന് രതീഷിന്റെ അക്കൗണ്ടിലേക്ക് സനുമോന്‍ തുക ട്രാന്‍സ്ഫര്‍ചെയ്തു നല്‍കി. പക്ഷേ, പണം മുഴുവന്‍ നല്‍കി ആഴ്ചകള്‍ കവിഞ്ഞിട്ടും യാതൊരു നടപടികളുമുണ്ടായില്ല. രതീഷിന്റെ ഫോണ്‍ നമ്പരില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സനുമോന്‍ രതീഷിനെ തിരയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട വിവരം അറിയുന്നത്.

ഡോക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് പലരും പരാതിയുമായി രംഗത്ത് വന്നതിനിടെയാണ് അസുഖബാധിതനായി ഇയാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്.എഫ്.ഐ. നേതാവും കബളിപ്പിക്കപ്പെട്ടവരില്‍പെടുന്നു. ഇതേത്തുടര്‍ന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പണം തിരികെ നല്‍കാമെന്നു പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.