അക്ഷയ സെന്ററുകള്‍ക്ക് 'വ്യാജന്‍' ഭീഷണി

സംസ്ഥാന ഐടി മിഷന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച അക്ഷയ സെന്ററുകള്‍ വ്യാപകമായ വ്യാജകേന്ദ്രങ്ങള്‍മൂലം പ്രതിസന്ധിയിലായി.

പാസ്പോര്‍ട്ട്, പാന്‍, ആധാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയ്ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ അക്ഷയകേന്ദ്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഒരാള്‍ക്ക് സ്വന്തം ഐഡി ഉപയോഗിച്ച് ഓപ്പണ്‍ പോര്‍ട്ടലിലൂടെ മാസത്തില്‍ അഞ്ച് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാം. ഈ അനുമതിയാണ് വ്യാജകേന്ദ്രങ്ങള്‍ വ്യാപകമായി ദുരുപയോഗിക്കുന്നത്. തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ പേരിനോട് സാമ്യമുള്ള പേരുകളാണ് ഇത്തരം കേന്ദ്രങ്ങള്‍ക്കുള്ളത്.

ഓപ്പണ്‍പോര്‍ട്ടല്‍ സംവിധാനത്തിന് രഹസ്യസ്വഭാവം സൂക്ഷിക്കാനാകില്ല. വ്യാജകേന്ദ്രങ്ങളിലൂടെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്ന അനുബന്ധരേഖകളുടെ ആധികാരികത ഉറപ്പാക്കാനും കഴിയില്ല. ഈ കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുകയില്ല. സര്‍ക്കാര്‍ മോണിറ്ററിങ്ങുള്ളത്് അക്ഷയകേന്ദ്രങ്ങള്‍ക്ക് മാത്രം. വ്യാജകേന്ദ്രങ്ങളില്‍ നിന്ന് തെറ്റായ രേഖകള്‍ അപ്ലോഡ് ചെയ്താല്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് സംശയനിവാരണത്തിനു സാധ്യതയില്ല. തെറ്റായ വിവരങ്ങള്‍ തിരുത്താനുള്ള നിര്‍ദേശം നല്‍കാനും കഴിയില്ല. സംസ്ഥാനത്തുടനീളം ഇത്തരം പ്രശ്നങ്ങളുണ്ട്.
ജനസേവന കേന്ദ്രം എന്നപേരില്‍ സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസികള്‍ വ്യാപകമായി ആരംഭിക്കാനുള്ള നീക്കം നടത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശിയെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയിരുന്നു.

വ്യാജകേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് അമിതചാര്‍ജ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ടിന് 200 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ വ്യാജഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഇതിന്റെ മൂന്നിരട്ടിത്തുക ഈടാക്കുന്നു. അക്ഷയകേന്ദ്രങ്ങള്‍ പാസ്പോര്‍ട്ടിന് 1750 രൂപയും ആധാര്‍ കാര്‍ഡ് പ്രിന്റൗട്ടിനും കളര്‍ ചെയ്യുന്നതിനും 70 രൂപയുമാണ് ഈടാക്കുന്നത്. വില്ലേജുകളില്‍ നിന്നുള്ള സര്‍ട്ടിഫക്കറ്റുകള്‍ക്ക് ഇവിടെ കുറഞ്ഞ ചാര്‍ജാണ്.
ഏറിയാല്‍ 25 രൂപ. എന്നാല്‍ സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് മാനദണ്ഡം പാലിക്കാതെയാണ് വ്യാജകേന്ദ്രങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതിയുള്ളത് അക്ഷയകേന്ദ്രങ്ങള്‍ക്ക് മാത്രമാണ്.

സമ്പൂര്‍ണ ഇ സാക്ഷരത നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റിയ അക്ഷയസെന്ററുകള്‍ ഫലത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.