വ്യാജ കാര്‍ഡുപയോഗിച്ച് പണം തട്ടല്‍: എസ്.ബി.ഐ നഷ്ടപരിഹാരം നല്‍കി

വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് ചെന്നൈയില്‍നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയില്‍ എസ്.ബി.ഐ നഷ്ടപരിഹാരം നല്‍കി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് മലയില്‍ ഹൗസില്‍ ഡോ. ആദിലിനാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധിയെ തുടര്‍ന്ന് തുക നല്‍കിയത്.

2015 സെപ്റ്റംബര്‍ 18ന് രാത്രി എട്ടിനാണ് സംഭവം. ഡോ. ആദിലിന്റെ പേരില്‍ എസ്.ബി.ഐ പെരിന്തല്‍മണ്ണ കോഴിക്കോട് റോഡ് ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍നിന്ന് വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് ചെന്നൈയില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ചെന്നൈ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍നിന്ന് തുടര്‍ച്ചയായി നാല് തവണ 11,800 രൂപ പിന്‍വലിക്കുകയായിരുന്നു. ഡോ. ആദില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. തുടര്‍ന്ന് ബാങ്കിലും പൊലീസിലും പരാതി നല്‍കി.

എന്നാല്‍, ബാങ്കിന്റെ ഭാഗത്തുനിന്ന് അന്വേഷണമോ നടപടിയോ ഉണ്ടായില്ല. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇവര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

Read more

നഷ്ടപ്പെട്ട 11,800 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവും ലഭിക്കാനായി പിന്നീട് മലപ്പുറം ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. കേസ് പരിഗണനക്ക് വന്നപ്പോള്‍ ബാങ്ക് അധികൃതര്‍ കോടതിയില്‍ 11,800 രൂപയുടെ ചെക്ക് നല്‍കുകയും കേസ് തുടരുകയും ചെയ്തു. വിധിയെ തുടര്‍ന്ന് 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പലിശയുമടക്കം 35,172 രൂപയുടെ ചെക്ക് ബാങ്ക് അധികൃതര്‍ കൈമാറി.