മുഖ്യമന്ത്രിയെ ട്രോളിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വയലിലെ ചെളി പുരളാതിരിക്കാന്‍ കാലില്‍ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു ഞാറു നട്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോള്‍ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഒരു വര്‍ഷത്തിനു ശേഷം പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്കിനു സസ്‌പെന്‍ഷന്‍. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പി.ജയരാജനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. നോട്ടു നിരോധന സമയത്തു മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന ട്രോളും ഇദ്ദേഹം ഷെയര്‍ ചെയ്തിരുന്നുവെന്നും ഉത്തരവിലുണ്ട്.

2016 ഡിസംബറിലാണു സംഭവം. മറ്റാരോ പോസ്റ്റ് ചെയ്ത ട്രോളുകളാണ് ജയരാജന്‍ ഷെയര്‍ ചെയ്തത്. കാസര്‍കോട് കലക്ടറേറ്റില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റര്‍ ആയിരിക്കെയാണ് സംഭവം. തുടര്‍ന്നു കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കാതെ ഇന്നലെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നവമാധ്യമങ്ങളിലൂടെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഉത്തരവില്‍. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് ഡയറക്ടറാണ് ജയരാജനെ സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് നടപടിക്കു പിന്നിലെന്നും വെള്ളോറ സിപിഎം ലോക്കല്‍ കമ്മിറ്റിയാണു പരാതി നല്‍കിയതെന്നും ജയരാജന്‍ പറയുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് മുന്‍ പ്രസിഡന്റാണ് ജയരാജന്‍. പയ്യന്നൂര്‍ വെള്ളോറ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരന്‍ സാജേഷിനെ 2010ല്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കേസില്‍ പുരോഗതിയില്ലാത്തതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ജയരാജന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള വിരോധമാണു സസ്‌പെന്‍ഷനു പിന്നിലെന്നും ജയരാജന്‍ ആരോപിക്കുന്നു.