റോഡരികില്‍ ഭര്‍ത്താവിന് ചിതയൊരുക്കി, എരിയും മനസുമായി അനു അരങ്ങിലേക്ക്‌

ചാരുംമൂട് (മാവേലിക്കര) : റോഡരികില്‍ നാടക കലാകാരനായ ഭര്‍ത്താവിനു ചിതയൊരുക്കിയശേഷം എരിയുന്ന മനസുമായി ഭാര്യ വീണ്ടും അരങ്ങിലേക്ക്. നാടക കലാകാരന്‍ ചുനക്കര കരിമുളയ്ക്കല്‍ മാമൂട് വാലുകുറ്റിയില്‍ ജേക്കബ്മാത്യു(കുഞ്ഞുമോന്‍-63)വിന്റെ സംസ്‌കാരമാണു റോഡരികില്‍, വീടിന്റെ ഭിത്തിയോടു ചേര്‍ന്നു നടന്നത്.

വടക്കന്‍കേരളത്തില്‍ ഒരു നാടകം കഴിഞ്ഞു മടങ്ങുമ്പോഴാണു മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാര ജേതാവായ അനു ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞത്. ക്രിസ്മസിനു മുമ്പ് നാടകത്തിനായി വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്ന ഭര്‍ത്താവിന്റെ മരണം അനുവിനെ തളര്‍ത്തി. കരിമുളയ്ക്കല്‍ കണ്ണനാകുഴി റോഡരികിലെ അഞ്ചര സെന്റിലുള്ള വീടിനോടു ചേര്‍ന്നു ചിതയൊരുക്കാന്‍ സ്ഥലമില്ലായിരുന്നു. എന്തു ചെയ്യുമെന്നറിയാതെ അനു പകച്ചുനിന്നപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു വീടിന്റെ ഭിത്തിയോടു ചേര്‍ന്ന്, റോഡരികില്‍ ചിതയൊരുക്കി. അനു ദുഃഖം കടിച്ചമര്‍ത്തി മുന്‍നിശ്ചയപ്രകാരമുള്ള അരങ്ങിലേക്ക് മടങ്ങി.

നാടകവേദിയില്‍തന്നെയാണു കുഞ്ഞുമോനും അനുവും കണ്ടുമുട്ടിയത്. അതു പ്രണയമായി വളര്‍ന്നു. മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ഇരുവരും വിവാഹിതരായി. 20 വര്‍ഷമായി നാടകരംഗത്തു സജീവമായിരുന്ന കുഞ്ഞുമോന്‍ വിശ്വസാരഥി എന്ന പേരില്‍ ട്രൂപ്പും നടത്തിയിരുന്നു. പിന്നീടു പല സമിതികളിലും വേഷങ്ങള്‍ ചെയ്തു. പ്രോഗ്രാം ഏജന്‍സിയും പ്രശാന്തി എന്‍ജിനീയറിങ് എന്ന സ്ഥാപനവും നടത്തിവരുമ്പോഴാണു കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 2010-ല്‍ കൊല്ലം അസീസിയുടെ പഞ്ചനക്ഷത്രസ്വപ്നം എന്ന നാടകത്തിലെ അഭിനയത്തിനാണ് അനു സംസ്ഥാന നാടകപുരസ്‌കാരം നേടിയത്. അഞ്ജലിയാണു മകള്‍.