മുല്ലപ്പൂവല്ല പൊന്നിന്‍പൂവ്!

കൊല്ലം ∙ മുല്ലപ്പൂവിന്റെ സുഗന്ധം ഹൃദയം കവരും; എന്നാൽ വില കൈപൊള്ളിക്കും. കിലോഗ്രാമിനു 4,000 രൂപയിലധികം! റെക്കോർഡ് വിലയാണിതെന്നു വ്യാപാരികൾ. തമിഴ്നാട്ടിൽ നല്ല തണുപ്പായതോടെ മുല്ലപ്പൂവ് ഉൽപാദനം ഗണ്യമായി കുറഞ്ഞതും അവിടെ പൊങ്കൽ ആഘോഷമായതുമാണ് വില കുതിച്ചു കയറാൻ കാരണമത്രെ.

തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെ പുഷ്പ ലേല മാർക്കറ്റിൽ നിന്നു 4,000 രൂപ നിരക്കിലാണ് കൊല്ലത്തെ വ്യാപാരികൾ മുല്ലപ്പൂവ് വാങ്ങിയത്. കേരളത്തിൽ നിന്നുള്ള ഓരോ ദിവസത്തെയും ഡിമാൻഡ് അനുസരിച്ചാണ് ശങ്കരൻകോവിൽ ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ പൂവിനു വില നിശ്ചയിക്കുന്നത്. മധുരയിൽ ഇന്നലെ മുല്ലപ്പൂവിന് 3,600 രൂപയായിരുന്നു വില. ഒന്നു രണ്ടു ദിവസത്തിനകം വില കുറഞ്ഞേക്കുമെന്നു വ്യാപാരികൾ പറയുന്നു.