ശ്രീജിത്ത് വല്യേട്ടനായി; പിന്തുണയ്ക്കാന്‍ അനുജന്മാരായിരം

ആരും ക്ഷണിച്ചില്ല, ആരും യാത്രക്കൂലി നല്‍കിയില്ല, കുടിവെള്ളം പോലും വാഗ്‌ദാനം ചെയ്‌തില്ല… സാമൂഹിക മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞതേയുള്ളൂ. എന്നിട്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്‌ ഒഴുകിയെത്തിയത്‌ ആയിരങ്ങളാണ്‌. പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച അനുജനു നീതി തേടി 765 ദിവസമായി സത്യഗ്രഹമിരിക്കുന്ന ശ്രീജിത്‌ അവര്‍ക്കെല്ലാം മനസാ ജ്യേഷ്‌ഠനായി മാറിക്കഴിഞ്ഞിരുന്നു.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ ആയിരങ്ങള്‍ ശ്രീജിത്തിനു പിന്തുണയും ഇതുവരെ കണ്ണടച്ചിരുന്നവരോടു പ്രതിഷേധവും അറിയിച്ചപ്പോള്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പോരാട്ടത്തിനാണു തലസ്‌ഥാനം സാക്ഷ്യംവഹിച്ചത്‌. ശ്രീജിത്തിനെ ഇത്രയും കാലം ഏതെങ്കിലും രാഷ്‌ട്രീയ നേതാവോ സാംസ്‌കാരിക നായകനോ തിരിഞ്ഞുനോക്കാതിരുന്നതിലുള്ള അമര്‍ഷം പ്രകടമായിരുന്നു.
പക്ഷേ, കര്‍ക്കശമായി അടക്കിനിര്‍ത്താന്‍ സംഘാടകരായി ആരുമില്ലാതിരുന്നിട്ടുകൂടി പ്രതിഷേധം അതിരുവിട്ടില്ല.

കക്ഷിരാഷ്‌ട്രീയമുള്ളവരും ധാരാളമായി അണിചേര്‍ന്നിരിക്കാം. പക്ഷേ, “ജസ്‌റ്റിസ്‌ ഫോര്‍ ശ്രീജിത്ത്‌” എന്നല്ലാതെ ഒരു മുദ്രാവാക്യം പോലും ഉയര്‍ന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ശ്രീജിത്തിനു ലഭിച്ച പിന്തുണ കണ്ട്‌ സമരപ്പന്തലില്‍ രാഷ്‌ട്രീയ നേതാക്കന്മാരുടെ സന്ദര്‍ശനം തുടങ്ങിയിട്ടുണ്ട്‌.

പ്രതിഷേധ കൂട്ടായ്‌മ രാവിലെ പതിനൊന്നിന്‌ ആരംഭിക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും രാവിലെ ആറര മുതല്‍ ജനങ്ങളുടെ ഒഴുക്കു തുടങ്ങി. കേരളമങ്ങോളമിങ്ങോളമുള്ള വിവിധ സാമൂഹികമാധ്യമ കൂട്ടായ്‌മകളുടെ ഭാഗമായുള്ള ചെറുപ്പക്കാരാണ്‌ സമരത്തില്‍ അണിനിരന്നത്‌. സമരക്കാരുടെ ബാഹുല്യം മൂലം സെക്രട്ടേറിയറ്റിനു മുന്നില്‍ ഗതാഗതം പലകുറി തടസപ്പെട്ടു.
എത്തിയവരുടെ ഒപ്പുകള്‍ ശേഖരിച്ച്‌ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കാനുള്ള നിവേദനം തയാറാക്കിയ ശേഷം രക്‌തസാക്ഷി മണ്ഡപത്തിന്റെ മുന്നില്‍നിന്നാണു ജാഥ തുടങ്ങിയത്‌. കേരളത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. അമ്മ രമണി ഇന്നലെയും ശ്രീജിത്തിനെ കാണാനെത്തിയിരുന്നു.

ശ്രീജിത്തിനു പിന്തുണയുമായി നടന്‍ ടൊവിനോ തോമസും സമരപ്പന്തലില്‍ എത്തിയിരുന്നു. സാമൂഹികമാധ്യമ കൂട്ടായ്‌മയുടെ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണു ടൊവിനോ വന്നത്‌.
കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ വി.എം. സുധീരന്‍ ശ്രീജിത്തിനെ കണ്ടു മടങ്ങിയതിനു ശേഷമെത്തിയ ടൊവിനോ ശ്രീജിത്തിന്റെ അരികിലിരുന്നു സംസാരിച്ചു.
തനിക്കു കക്ഷിരാഷ്‌ട്രീയമില്ല. ഏതെങ്കിലും പാര്‍ട്ടിയെയും പിന്തുണയ്‌ക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നില്ല. ഇവിടെ ആയിരങ്ങള്‍ പങ്കെടുത്ത സമരം കാണേണ്ടവര്‍ കാണുമെന്നും ചെയ്യേണ്ടതു ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു എന്നും ടൊവിനോ തോമസ്‌ പറഞ്ഞു.