മാണി കുറ്റവിമുക്തനായാല്‍... അപകടം മണത്ത് സി.പി.ഐ. നീക്കം

ബാര്‍ കോഴ ഉള്‍പ്പെടെ യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരായ വിജിലന്‍സ്‌ കേസുകള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരേ സി.പി.ഐ. കടുത്ത നിലപാടിലേക്ക്‌. ബാര്‍ കോഴയടക്കമുള്ള കേസുകള്‍ സമയബന്ധിതമായി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു സി.പി.ഐ. സംസ്‌ഥാന നിര്‍വാഹകസമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു കത്ത്‌ നല്‍കും.

ബാര്‍ കോഴക്കേസില്‍ കോടതിയുടെ നിലപാട്‌ അറിയുന്നതുവരെ പരസ്യപ്രതികരണം വേണ്ടെന്നും നിര്‍വാഹകസമിതി തീരുമാനിച്ചു.
മുന്‍മന്ത്രി കെ. ബാബു കുമ്പളം സ്വദേശി പി.എസ്‌. ബാബുറാമിനെ ബിനാമിയാക്കി സ്വത്ത്‌ സമ്പാദിച്ചതിനു തെളിവില്ലെന്നു വിജിലന്‍സ്‌ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ മാണിക്കെതിരെയും തെളിവില്ലെന്ന അന്വേഷണപുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതോടെയാണു പ്രതിഷേധവുമായി സി.പി.ഐ. രംഗത്തെത്തിയത്‌. അഴിമതിക്കാരായ ചിലരെ സംരക്ഷിക്കാനാണു ശ്രമമെന്നും നിര്‍വാഹകസമിതിയില്‍ അഭിപ്രായമുയര്‍ന്നു.

മാണിയെ കുറ്റവിമുക്‌തനാക്കാനുള്ള വിജിലന്‍സ്‌ നീക്കത്തിനു പിന്നിലെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞാണു സി.പി.ഐ. മറുതന്ത്രം മെനയുന്നത്‌. കുറ്റമുക്‌തനായെത്തുന്ന മാണിയെയും കേരളാ കോണ്‍ഗ്രസി(എം)നെയും ഇടതുമുന്നണിയില്‍ എത്തിക്കുന്നതിലൂടെ സി.പി.ഐയെ ഒതുക്കാമെന്നു സി.പി.എം. കണക്കുകൂട്ടുന്നു.