'മിന്നല്‍' സര്‍വീസില്‍ മാനുഷിക പരിഗണന ഇല്ല; നിര്‍ത്തെരുതെന്ന് ഉത്തരവുണ്ടെന്ന് ജീവനക്കാര്‍

അര്‍ധരാത്രിയില്‍ തനിച്ചു യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കു വീടിനടുത്ത്‌ ഇറങ്ങാനായി കെ.എസ്‌.ആര്‍.ടി.സിയുടെ “മിന്നല്‍” ബസ്‌ നിര്‍ത്താതിരുന്ന സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ വിമര്‍ശനമുയരുന്നു.
പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയോടു മാനുഷിക പരിഗണന കാണിച്ചില്ലെന്നാണു കുറ്റപ്പെടുത്തല്‍. പോലീസ്‌ കൈകാണിച്ചിട്ടു നിര്‍ത്താതിരുന്നതും വിവാദമായി. അതേസമയം, മിന്നല്‍ നിശ്‌ചിത സ്‌ഥലങ്ങളിലല്ലാതെ നിര്‍ത്തരുതെന്ന എം.ഡിയുടെ ഉത്തരവ്‌ പാലിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ എന്നാണ്‌ ജീവനക്കാരുടെ നിലപാട്‌. എന്നാല്‍, ഇവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ ഉന്നതര്‍ നല്‍കുന്ന സൂചന. കോട്ടയം പാലായിലെ എന്‍ട്രന്‍സ്‌ കോച്ചിങ്‌ സെന്ററില്‍നിന്നു പയേ്ാേളിയിലെ വീട്ടിലേക്കു വരികയായിരുന്നു വിദ്യാര്‍ഥിനി.

കോഴിക്കോട്‌ വരെയായിരുന്നു ബുക്കിങ്‌. രാത്രി രണ്ടിന്‌ ബസ്‌ കോഴിക്കോട്ടെത്തിയപ്പോള്‍ കൂട്ടുകാരികള്‍ ഇറങ്ങി. കാസര്‍ഗോട്ടേക്കാണു ബസെന്നറിഞ്ഞതോടെ വിദ്യാര്‍ഥിനി ബസിലിരുന്നു. പയ്യോളിയില്‍ സ്‌റ്റോപ്പില്ലെന്ന്‌ അറിഞ്ഞിരുന്നില്ല. അടുത്ത സ്‌റ്റോപ്പ്‌ കണ്ണൂരിലാണെന്നു പറഞ്ഞ്‌ കണ്ടക്‌ടര്‍ 111 രൂപയുടെ ടിക്കറ്റ്‌ നല്‍കി. അബദ്ധം പറ്റിയ കാര്യം പെണ്‍കുട്ടി ഫോണിലൂടെ അറിയിച്ചതോടെ പിതാവ്‌ പയേ്ോളി പോലീസ്‌ സ്‌റ്റേഷനില്‍ സഹായം തേടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പയ്യോളിയില്‍വച്ചു കൈകാണിച്ചെങ്കിലും മിന്നല്‍ നിര്‍ത്താതെ പാഞ്ഞു. അദ്ദേഹം ഉടനെ മൂരാട്‌ പാലത്തില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥനെ വിവരമറിയിച്ചു.
അദ്ദേഹം കൈ കാണിച്ചിട്ടും ബസ്‌ നിര്‍ത്തിയില്ല. പിന്നീട്‌ വയര്‍ലെസ്‌ സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന്‌ ചോമ്പാല പോലീസ്‌ ജീപ്പ്‌ കുറുകെയിട്ടാണ്‌ മൂന്നു മണിയോടെ ബസ്‌ തടഞ്ഞ്‌ വിദ്യാര്‍ഥിനിക്ക്‌ ഇറങ്ങാന്‍ സൗകര്യമൊരുക്കിയത്‌.

മിന്നല്‍ ബസ്‌ ഒരു കാരണവശാലും നിശ്‌ചിത സ്‌റ്റോപ്പിലല്ലാതെ നിര്‍ത്തരുതെന്ന്‌ എം.ജി. രാജമാണിക്യം കെ.എസ്‌.ആര്‍.ടി.സി. എം.ഡിയായിരിക്കെ ഇറക്കിയ ഉത്തരവാണ്‌ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌. സൂപ്പര്‍ എക്‌സ്‌പ്രസ്‌ ഉള്‍പ്പെടെയുള്ള ബസുകള്‍ രാത്രി പത്തു കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക്‌ ഇറങ്ങാനുള്ള സ്‌ഥലത്ത്‌ നിര്‍ത്തണമെങ്കിലും അതില്‍നിന്നു മിന്നല്‍ സര്‍വീസിനെ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ അബദ്ധം പറ്റിയ പെണ്‍കുട്ടിയുടെ അവസ്‌ഥ മനസിലാക്കി മാനുഷിക പരിഗണന നല്‍കേണ്ടിയിരുന്നു എന്ന്‌ ഉയര്‍ന്ന ഉദ്യോഗസ്‌ഥരും ട്രേഡ്‌ യൂണിയന്‍ നേതാക്കന്‍മാരും പറയുന്നു. പോലീസുകാര്‍ കൈകാട്ടിയിട്ടും നിര്‍ത്താതിരുന്നതും വിമര്‍ശനവിധേയമായി. ബസ്‌ ജീവനക്കാര്‍ക്കെതിരേ കെ.എസ്‌.ആര്‍.ടി.സിയുടെ വിജിലന്‍സ്‌ വിഭാഗം ഇന്ന്‌ നടപടിയെടുക്കുമെന്നാണു സൂചന.

Read more

കെ.എസ്‌.ആര്‍.ടി.സിക്കു നല്ല വരുമാനമുള്ള സര്‍വീസാണ്‌ മിന്നല്‍ ബസിന്റേത്‌. സമയക്ലിപ്‌തതയും യാത്രാസമയക്കുറവുമാണ്‌ ആകര്‍ഷണം. രണ്ടു മാസം മുമ്പ്‌ കോഴിക്കോട്‌ ഡിപ്പോയില്‍നിന്നു പുറപ്പെടാന്‍ അഞ്ചു മിനിറ്റ്‌ താമസിപ്പിച്ചതിനു സ്‌റ്റേഷന്‍ മാസ്‌റ്ററെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.ബത്തേരിയിലേക്കുള്ള ഈ ബസ്‌ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാല്‍ അല്‍പം െൈവകിയാണു കോഴിക്കോട്ടെത്തിയത്‌. അതിനു മുമ്പു വന്ന ബസ്‌ ആദ്യം പോകട്ടെ എന്നു നിശ്‌ചയിച്ച്‌ മിന്നലിനെ അഞ്ചു മിനിറ്റ്‌ പിടിച്ചിട്ടതിനായിരുന്നു സസ്‌പെന്‍ഷന്‍