ലാലുവിനെ ശിക്ഷിച്ച ജഡ്ജിയും മക്കളും തോക്ക് വാങ്ങുന്നു

കാലിത്തീറ്റക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെ മൂന്നരവർഷം തടവിനു ശിക്ഷിച്ച സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിങ്ങും മകനും മകളും തോക്ക് ലൈസൻസിന് അപേക്ഷിച്ചു. അപേക്ഷയിൽ ഒരാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, ഒരു അഭിഭാഷകന്റെ പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിനെ തുടർന്നു ശിവ്പാൽ സിങ്ങിനെ ബഹിഷ്കരിക്കാൻ റാഞ്ചി ബാർ അസോസിയേഷൻ തീരുമാനിച്ചു. ലാലുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതു ജഡ്ജിമാർ അവധിയായതിനാൽ ജാർഖണ്ഡ് ഹൈക്കോടതി മറ്റൊരു ദിവസത്തേക്കു മാറ്റി.

ഹർജി മറ്റൊരു ബെഞ്ചിൽ വാദം കേൾക്കണമെന്ന ലാലുവിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. ഡിസംബർ 23 മുതൽ റാഞ്ചി ബിർസമുണ്ട ജയിലിൽ കഴിയുന്ന ലാലു, സിബിഐ കോടതി വിധി സ്റ്റേ ചെയ്യണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിച്ചേക്കും.

നാലാം കേസിൽ അന്തിമവാദം 23 മുതൽ

റാഞ്ചി∙ ലാലുവിനെതിരായ നാലാം കേസിന്റെ അന്തിമ വാദം 23 തുടങ്ങും. വ്യാജരേഖകൾ നൽകി ഡുംക ട്രഷറിയിൽ നിന്നു 3.31 കോടിരൂപ പിൻവലിച്ച കേസിന്റെ നടപടികളാണ് അവസാന ഘട്ടത്തിലെത്തിയത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാൽ സിങ് ഇന്നലെ വിചാരണ നടപടികൾ പൂർത്തിയാക്കി. 23ന് അന്തിമ വാദം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ വിധി പ്രഖ്യാപിച്ചേക്കും. മൂന്നാമത്തെ കേസിന്റെ വിധി 24നു പ്രഖ്യാപിക്കും.