ഭൂമിയുടെ ന്യായവില 20% വരെ കൂട്ടും; ബജറ്റിൽ യൂസർഫീ വർധനയ്ക്കു സാധ്യത

മൂന്നു വർഷത്തിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സർക്കാർ വർധിപ്പിക്കുന്നു. 10% മുതൽ 20% വരെ വർധന ഉണ്ടാകുമെന്നാണു സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി രണ്ടിനു മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു ന്യായവില കൂട്ടുന്നത്.

ആധാരം റജിസ്റ്റർ ചെയ്യുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും വർധന വേണ്ടെന്നു ധാരണയായതായി സൂചനയുണ്ട്. പകരം ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതോടെ സ്റ്റാപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് എന്നിവ വഴിയുള്ള വരുമാനം ഉയരും. 2010ൽ ആണു സംസ്ഥാനത്തു ഭൂമിക്കു ന്യായവില നിശ്ചയിച്ചത്.

2014ൽ ന്യായവില 50% വർധിപ്പിച്ചു. എന്നിട്ടും ശരിക്കുള്ള വിലയെക്കാൾ ഏറെ താഴ്ന്നാണ് ഇപ്പോഴും മിക്കയിടങ്ങളിലും ന്യായവിലയെന്ന നിലപാടാണു സർക്കാരിനുള്ളത്. നാലുലക്ഷം രൂപ വിലയുള്ള ഭൂമിക്ക് 7500 രൂപ മാത്രം ന്യായവിലയുള്ളതായി ഇൗയിടെ കണ്ടെത്തിയിരുന്നു. യഥാർഥ വിലയെക്കാൾ 30% വരെ കുറവാണു പുതുക്കിയ ന്യായവിലയെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഭൂമിയുടെ ഇപ്പോഴുള്ള അടിസ്ഥാന വില പുതുക്കാൻ ആദ്യം സർക്കാർ ആലോചിച്ചിരുന്നെങ്കിലും സങ്കീർണമായ പ്രക്രിയ ആയതിനാൽ വേഗത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നു വിലയിരുത്തി.

തുടർന്നാണു നിലവിലെ വിലയിൽ തന്നെ 10% മുതൽ 20% വരെ കൂട്ടാൻ തീരുമാനിച്ചത്. പ്രതിവർഷം 3000 കോടി രൂപയാണു റജിസ്ട്രേഷൻ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും ചേർത്തു സർക്കാരിനു ലഭിക്കുന്നത്. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വിലയുടെ എട്ടു ശതമാനമാണു സ്റ്റാംപ് ഡ്യൂട്ടി. റജിസ്ട്രേഷൻ ഫീസ് രണ്ടു ശതമാനവും.

ബജറ്റിൽ യൂസർഫീ വർധനയ്ക്കു സാധ്യത

ജിഎസ്ടി വന്നതോടെ നികുതികൾക്കു മേൽ സംസ്ഥാന സർക്കാരിന് അധികാരം നഷ്ടപ്പെട്ട ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. അതിനാൽ ഇത്തവണ ഒട്ടേറെ യൂസർ ഫീ ഇനങ്ങളിലാണു വർധനയ്ക്കു സാധ്യത. ബജറ്റിനു രൂപം നൽകാൻ മന്ത്രി ഐസക് ഇന്നു മുതൽ വിഴിഞ്ഞം ഇൻസ്പെക്‌ഷൻ ബംഗ്ലാവിലേക്കു മാറും.

നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇന്നലെ പൂർത്തിയാക്കി. ബജറ്റ് പ്രസംഗം തയാറാക്കിയ ശേഷം ഫെബ്രുവരി ഒന്നിനു വിഴിഞ്ഞത്തുവച്ചു തന്നെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തിയ ശേഷം അന്നു രാത്രി അച്ചടിക്കായി പ്രസിലേക്ക്.