Connect with us

NEWS ELSEWHERE

അവഗണിക്കാന്‍ ആവില്ല കര്‍ഷകരെ

, 7:46 am

കര്‍ഷകരെ അവഗണിച്ച് ഒരു സര്‍ക്കാരിനും ഇനി മുന്നോട്ടുപോകാനാവില്ലെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജോയന്റ് സെക്രട്ടറി വിജുകൃഷ്ണന്‍. നാസിക്കില്‍നിന്ന് മുംബൈയിലെത്തിയ കര്‍ഷകരുടെ ലോങ് മാര്‍ച്ചിന്റെ സംഘാടകനിരയുടെ ഭാഗമായ വിജുകൃഷ്ണന്‍ ‘മാതൃഭൂമി’യോട് സംസാരിക്കുമ്പോഴാണ് നിലപാടുകള്‍ വ്യക്തമാക്കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെയും മറ്റു ബഹുജനവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി ഉയരുകയാണ്. അത്തരത്തിലുള്ള അന്തരീക്ഷം വരുംകാലങ്ങളില്‍ രാജ്യത്ത് ഉണ്ടാവും. 2019-ലെ തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാസിക്കില്‍നിന്നാരംഭിച്ച ലോങ് മാര്‍ച്ചില്‍ മൂന്നുദിവസം വിജുകൃഷ്ണനും ഉണ്ടായിരുന്നു. എല്ലാ തരത്തിലുമുള്ള ജനവിഭാഗങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് മാര്‍ച്ചിന് കിട്ടിയത്. ജാഥാംഗങ്ങള്‍ക്കുവേണ്ട ഭക്ഷണം ഉള്‍പ്പെടെയുള്ളവ ഗ്രാമീണര്‍തന്നെയാണ് നല്‍കിയത്. സമരത്തിനുമുമ്പ് ഒരു മാസത്തോളം കര്‍ഷകരുടെ ഇടയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോങ് മാര്‍ച്ചില്‍ അലയടിച്ചത് -അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ ഭൂമിക്കുവേണ്ടി നടന്ന സമരം, രാജസ്ഥാനിലെ സമരം എന്നിവ വിജയിച്ചതിന്റെ ആവേശം ലോങ് മാര്‍ച്ചിലും പ്രകടമായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ സമരം തുടരും. മുന്നൂറു സംഘടനകളുടെ കൂട്ടായ്മയായ ഭൂമി അധികാര്‍ ആന്ദോളന്‍, ഇടതുപക്ഷ കര്‍ഷക-തൊഴിലാളി-ബഹുജന സംഘടനകളുടെ കൂട്ടായ്മ, അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി, ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്ദോളന്‍ ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ച് സമരരംഗത്തുണ്ട്. അവരുടെ കൂട്ടായ്മയില്‍ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറും -വിജുകൃഷ്ണന്‍ പറഞ്ഞു.