വമ്പന്‍ ഏറ്റെടുക്കല്‍ നടത്തി വീണ്ടും ലുലു ഗ്രൂപ്പ്‌

അബുദാബി∙ സ്കോട്‌ലൻഡിലെ എഡിൻബറയിലുള്ള പൈതൃക ഹോട്ടൽ സമുച്ചയം ‘വാൽഡോഫ് അസ്റ്റോറിയ – ദ് കാലിഡോണിയൻ’ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി14 ഹോൾഡിങ്സ് (ടി14എച്ച്) സ്വന്തമാക്കി. 12 കോടി ഡോളറിന്റെതാണ് (ഏകദേശം 750 കോടി രൂപ) ഇടപാട്. ഹോട്ടലിന്റെ തനിമ നിലനിർത്തി 2.8 കോടി ഡോളർ (ഏകദേശം 175 കോടി രൂപ) ചെലവിൽ നവീകരിക്കും.

എഡിൻബറ ഓൾഡ് പ്രിൻസ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷന്റെ ഭാഗമായി 1903ൽ ആരംഭിച്ച ഹോട്ടലാണു ‘ദ് കാലിഡോണിയൻ’. ഹിൽട്ടൺ ഗ്രൂപ്പിന്റെ വാൽഡോഫ് അസ്റ്റോറിയ ബ്രാൻഡിലാണ് 241 മുറി ഹോട്ടൽ പ്രവർത്തിക്കുന്നത്.

ഏറ്റെടുക്കലോടെ ട്വന്റി14 ഹോൾഡിങ്‌സിനു കീഴിലുള്ള ആഡംബര ഹോട്ടൽ, കെട്ടിട സമുച്ചയങ്ങളുടെ മതിപ്പു വില 65 കോടിയിലേറെ ഡോളർ (4000 കോടിയിലേറെ രൂപ) ആയതായി എംഡി: അദീബ് അഹമ്മദ് പറഞ്ഞു.