Connect with us

NEWS ELSEWHERE

കോടികളുടെ പുതിയ പ്ലാന്റ് ഉപയോഗിക്കാതെ കിടക്കുമ്പോൾ മന്ത്രിയുടെ മണ്ഡലത്തിൽ പുതിയ പ്ലാന്റ് തുടങ്ങുന്നത് വിവാദമാകുന്നു

, 7:53 am

കോടികൾ മുടക്കി പണിത എം.പി.ഐ. പ്ലാന്റ് കൂത്താട്ടുകുളത്ത് വേണ്ടരീതിയിൽ ഉപയോഗിക്കാതെ ഇട്ടിരിക്കുമ്പോൾ വീണ്ടും കോടികൾ മുടക്കി മന്ത്രിയുടെ മണ്ഡലത്തിൽ പ്ലാന്റ് തുടങ്ങുന്നത് വിവാദമാകുന്നു. പുനല്ലൂർ വിളക്കുംപാറ എരൂരിൽ മീറ്റ് പ്രോഡക്ട്‌ ഓഫ് ഇന്ത്യയുടെ മൂല്യവർധിത ഉത്‌പന്ന സംസ്‌കരണ പ്ലാന്റിന് മേയ് അവസാനമാണ് മന്ത്രി കെ. രാജു ശിലയിട്ടത്. ഇതിനെതിരേ എം.പി.ഐ.യിലെ ഡീലേഴ്‌സ് അസോസിയേഷനാണ് രംഗത്തുവന്നിരിക്കുന്നത്.

സംസ്ഥാന സർക്കാർ സ്ഥാപനമായ എം.പി.ഐ. പുതിയ പ്ലാന്റ് കൂത്താട്ടുകുളത്ത് 32 കോടി ചെലവഴിച്ച് നിർമിച്ചെങ്കിലും ഇതുവരെ അത് പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. റംസാൻ സീസണിൽപോലും വ്യാപാരികൾക്ക് എം.പി.ഐ. ഉത്‌പന്നങ്ങൾ കിട്ടുന്നില്ലെന്ന് എം.പി.ഐ. ഡീലേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.

പുതിയ പ്ലാന്റ് നിർമിച്ചിട്ട് ഇതുവരെ അത് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. മാടുകളെ ഇപ്പോഴും പഴയ പ്ലാന്റിൽത്തന്നെയാണ് അറവ് നടത്തുന്നത്. പുതിയ പ്ലാന്റിന്റെ ശേഷി മുഴുവൻ ഉപയോഗിച്ചുകൊണ്ട് ഇറച്ചി ഉത്‌പാദനം നടത്തിയാലും തികയാത്തത്ര ഡിമാന്റാണ് ഉള്ളത്. എന്നാൽ, എം.പി.ഐ.യിൽനിന്ന് ഉത്‌പന്നങ്ങൾ കിട്ടാത്ത സ്ഥിതിയാണുള്ളത്.

ദിവസവും 400 മൃഗങ്ങളെ കശാപ്പുചെയ്ത് 35 മെട്രിക് ടണ്ണിലധികം ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റാണ് കൂത്താട്ടുകളത്ത് ഒരു വർഷത്തിനിടെ മന്ത്രിതന്നെ ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഇപ്പോഴും എം.പി.ഐ. ഉത്‌പന്നങ്ങൾ ആവശ്യത്തിനു കിട്ടാതെ എറണാകുളം ജില്ലയിലെ വ്യാപാരികൾ പോലും കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡീലേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. കേരളം മുഴുവൻ ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ എത്തിക്കാൻ വേണ്ടി തുടങ്ങിയ പ്ലാന്റിൽനിന്ന് ഉത്‌പാദനം ഇനിയും വേണ്ടരീതിയിൽ നടക്കാത്തതിനാൽ സാധനങ്ങൾ കിട്ടാതെ വ്യാപാരികൾ കടകൾ അടച്ചുകൊണ്ടിരിക്കുകയാണ്. സമീപ ജില്ലകളിൽപോലും ഉത്‌പന്നങ്ങൾ കൊടുക്കാൻ എം.പി.ഐ.ക്ക് കഴിയുന്നില്ല.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പ്ലാന്റ് നോക്കുകുത്തിയായി നിൽക്കുമ്പോഴാണ് മുല്യവർധിത ഉത്‌പന്നങ്ങൾ ഉണ്ടാക്കാനായി മന്ത്രിയുടെ മണ്ഡലത്തിൽ 13.5 കോടി രൂപ ചെലവിൽ വീണ്ടും പ്ലാൻറ് നിർമാണം തുടങ്ങുന്നത്.

കൂത്താട്ടുകുളത്തുനിന്ന് ഇറച്ചി ശീതീകരണിയുള്ള റിഫർ വാനുകളിൽ എരൂരിൽ എത്തിച്ച്, അവിടെ നിന്ന് സോസേജ്, കട്‌ലറ്റുകൾ, മീറ്റ് റോൾ, കബാബ്, അച്ചാറുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിനാണ് പ്ലാന്റ് നിർമിക്കുന്നത്. സംസ്ഥാനത്തിന്റെ നടുക്ക് എറണാകുളത്ത് സ്ഥിതിചെയ്യുന്ന പ്ലാന്റിൽനിന്നുപോലും ഉത്‌പന്നങ്ങൾ എല്ലായിടത്തും എത്തിക്കാൻ സാധിക്കാത്ത എം.പി.ഐ., കൂത്താട്ടുകുളത്തു നിന്ന് ഇറച്ചി കൊണ്ടുപോയി പുനല്ലൂരിൽ നിർമാണം നടത്തി വിതരണം ചെയ്യുന്നതിന്റെ അനൗചിത്യവും അസോസിയേഷൻ ചോദ്യം ചെയ്യുന്നുണ്ട്്. അങ്ങനെ വേണമെങ്കിൽ കൂത്താട്ടുകുളത്തുതന്നെ പ്ലാന്റ് സ്ഥാപിക്കാൻ കഴിയുമെന്നിരിക്കെ, അസംസ്‌കൃത വസ്തുക്കളും ഉത്‌പന്നങ്ങളും കൊണ്ടുപോകാൻ വൻ തുകതന്നെ ഗതാഗത നിരക്ക് വേണ്ടിവരുന്നിടത്ത്് പ്ലാന്റ് തുടങ്ങിയത് എം.പി.ഐ.ക്ക് വീണ്ടും ബാധ്യത വരുത്താനാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.