അഗ്‌നിരക്ഷാസേന: പേരില്‍ 'രക്ഷ' മാറ്റി 'അടിയന്തരം' ചേര്‍ക്കണം -തച്ചങ്കരി

തിരുവനന്തപുരം: അഗ്‌നിരക്ഷാസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി സേനയുടെ പേരും പരിഷ്‌കരിക്കണമെന്ന് മേധാവി ടോമിന്‍ ജെ. തച്ചങ്കരി. പേരിലെ “രക്ഷ”യ്ക്കു പകരം “അടിയന്തരം” ഉള്‍പ്പെടുത്തണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസിനു നല്‍കിയ കത്തിലെ ശുപാര്‍ശ.

കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് (അഗ്‌നിരക്ഷാസേന) എന്ന പേര് കേരള ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (അഗ്‌നി അടിയന്തര സേന) എന്ന് മാറ്റണമെന്നാണ് ആവശ്യം.

1962-ല്‍ തുടങ്ങിയ അഗ്‌നിശമനസേനയുടെ പേര് 2003-ലാണ് അഗ്‌നിരക്ഷാസേന എന്നാക്കിയത്. “അടിയന്തര സേന” എന്ന പേരിലുള്ള കര്‍ണാടക, അസം, ജമ്മുകശ്മീര്‍, ബംഗാള്‍, നാഗാലന്‍ഡ്, ഗോവ, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, പഞ്ചാബ്, സിക്കിം സംസ്ഥാനങ്ങള്‍ക്ക് വിദേശസഹായം ലഭിക്കുന്നുണ്ട്.

കാരണങ്ങള്‍

* ലോകമെമ്പാടും സേന അറിയപ്പെടുന്നത് എമര്‍ജന്‍സി സര്‍വീസസ് എന്ന പേരിലാണ്.

* തീപ്പിടിത്തങ്ങള്‍ നിയന്ത്രിക്കുന്നതിനേക്കാളധികം സേനയുടെ സേവനം ഉപയോഗിക്കുന്നത് മറ്റ് അടിയന്തര ഘട്ടങ്ങളിലാണ്.

* ലോകബാങ്ക് അടക്കമുള്ള ആഗോള ഏജന്‍സികളുടെ ധനസഹായം ലഭിക്കാന്‍ എമര്‍ജന്‍സി സര്‍വീസസ് എന്ന് പേരില്‍ വേണം.

* എമര്‍ജന്‍സി സര്‍വീസസ് എന്ന് പേരിനൊപ്പം ചേര്‍ത്ത മറ്റു സംസ്ഥാനങ്ങളിലെ സേനാവിഭാഗങ്ങള്‍ക്ക് ലോകബാങ്കിന്റെ സഹായം ലഭിക്കുന്നു.

* ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് എന്ന് പേരുമാറ്റാന്‍ 2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

പണം കിട്ടാന്‍ പേരു മാറ്റണം

അടിയന്തരഘട്ടങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് അഗ്‌നിരക്ഷാസേനയെയാണ്. എല്ലാ രാജ്യങ്ങളും അഗ്‌നിരക്ഷാസേനയുടെ നവീകരണത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. പണദൗര്‍ലഭ്യമാണ് കേരളത്തില്‍ പ്രശ്നം. പേരു മാറ്റുന്നതിലൂടെ ലഭിക്കുന്ന വിദേശസഹായം സേനയുടെ ആധുനികീകരണത്തിന് ഉപയോഗിക്കാനാവും.

-ടോമിന്‍ ജെ. തച്ചങ്കരി (അഗ്‌നിരക്ഷാസേനാ മേധാവി)