സാമ്പത്തിക പ്രതിസന്ധി പെൻഷൻ പ്രായം 58 ആക്കാൻ ധനവകുപ്പിന്റെ ശുപാർശ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കൽ പ്രായം 58 ആക്കണമെന്നു ധനവകുപ്പിന്റെ ശുപാർശ. വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഫയൽ മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു. സിപിഎമ്മും ഇടതുമുന്നണിയും അംഗീകരിച്ചാൽ മാത്രമേ അന്തിമതീരുമാനം ഉണ്ടാകൂ.

പ്രതിമാസം ശരാശരി 7000 സംസ്ഥാനസർക്കാർ ജീവനക്കാരാണു വിരമിക്കുന്നത്. കഴിഞ്ഞ മേയിൽ 22,000 പേരാണു വിരമിച്ചത്. 2018 മേയിൽ ഇതു 30,000 വരെ ആകും. ഭൂരിഭാഗം ജീവനക്കാരുടെയും ജനനത്തീയതി മേയിലായതുകൊണ്ടാണിത്. ഇത്രയും പേർക്കുള്ള ആനുകൂല്യം ഒരുമിച്ചുനൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ. 80% പേരും 56 വയസ്സിൽ വിരമിക്കേണ്ടവരാണെന്നും അതിനാൽ പ്രായപരിധി ഉയർത്തണമെന്നുമാണു വകുപ്പിന്റെ അഭിപ്രായം.

ധനവകുപ്പ് നൽകിയ മറ്റു ശുപാർശകൾ.

1. വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആക്കുമ്പോൾ വർധിപ്പിച്ച കാലയളവിൽ മറ്റ് ആനുകൂല്യങ്ങൾ ഒഴിവാക്കി ശമ്പളം മാത്രം നൽകുക.

2. അധികമായി ലഭിക്കുന്ന രണ്ടു വർഷം സർവീസിലും പെൻഷനിലും പരിഗണിക്കേണ്ടതില്ല.

3. യുവാക്കളുടെ അവസരം നഷ്ടമാകാതിരിക്കാൻ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ജനറൽ വിഭാഗത്തിൽ പ്രായപരിധി 36ൽ നിന്നു 40 ആക്കണം.

സിപിഐ സംഘടന അനുകൂലം; നിലപാടെടുക്കാതെ സിപിഎം സംഘടനകൾ.

Read more

സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ വിരമിക്കൽ പ്രായം ഉയർത്തണമെന്നു പരസ്യനിലപാടു സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, സിപിഎം അനുകൂല സർവീസ് സംഘടനകൾ നിലപാടു പ്രഖ്യാപിച്ചിട്ടില്ല.