പിണറായി മന്ത്രിസഭയില്‍നിന്ന് ഒരു മന്ത്രികൂടി പുറത്തേക്ക്? ഭക്ഷ്യവകുപ്പ് പരാജയം; മന്ത്രി പി.തിലോത്തമനെതിരെ നീക്കം

പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രി കൂടി പുറത്തേക്കെന്ന് സൂചന. ഭക്ഷ്യമന്ത്രി സി.പി.ഐയിലെ പി.തിലോത്തമനെയാണ് മന്ത്രി സ്ഥാനത്തു നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം ഉണ്ടായിരിക്കുന്നത്. സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പി.തിലോത്തമനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

മന്ത്രിസ്ഥാനത്ത് തിലോത്തമന്‍ പൂര്‍ണ്ണപരാജയമാണെന്നാണ് ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടത്. സര്‍ക്കാരിന്റെ പ്രതിഛായയെതന്നെ തകര്‍ക്കുന്ന തരത്തില്‍ ഭക്ഷ്യവകുപ്പ് മാറിയെന്നാണ് ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടത്. സമ്മേളനങ്ങളില്‍ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇതേവരെ മന്ത്രിമാര്‍ക്ക് ആയിട്ടില്ലെന്നാണ് പൊതുവികാരം. മന്ത്രിസഭയില്‍ ഇപ്പോള്‍ സി.പി.ഐക്ക് നാലു മന്ത്രിമാരാണുള്ളത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, വനംമന്ത്രി കെ.രാജു, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതില്‍ സുനില്‍കുമാറാനു മാത്രമാണ് ഏറ്റവും കുറച്ച് വിമര്‍ശനം ഏല്‍ക്കുന്നത്.

പി.തിലോത്തമനെയാണ് ഭൂരിപക്ഷം പ്രതിനിധികളും ഏതിര്‍ക്കുന്നത്. മന്ത്രി അഴിമതിരഹിതനാണെങ്കിലും അമ്പേ പരാജയമാണെന്നാണ് ഏല്ലാവരുടെയും വിലയിരുത്തല്‍. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി റേഷന്‍മുടങ്ങിയത് മന്ത്രിസഭക്ക് തീരാകളങ്കമായിരുന്നു. ഇതിന്റെ ക്ഷീണം സി്പി.ഐക്കുമുണ്ടായി. അതേപോലെ തന്നെ ഭക്ഷ്യഭദ്രതാനിയമവും പൊതുവിതരണരംഗവും കുളമായി. റേഷന്‍കടകളിലും സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും മിക്കസമയങ്ങളിലും സാധനങ്ങള്‍ക്ക് കടുത്തക്ഷാമമാണ് അനുഭവപ്പെടുന്നത്. വാതില്‍പ്പടി വിതരണം നടപ്പാക്കിയിട്ടുപോലും റേഷന്‍രംഗത്ത് കരിഞ്ചന്തക്കാര്‍ വര്‍ദ്ധിക്കുകയാണ്. അര്‍ഹമായ ഭക്ഷ്യവിഹിതം കേന്ദ്രത്തില്‍ നിന്ന് വാങ്ങി എടുക്കാന്‍ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല. റേഷന്‍ വസ്തുക്കള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്.

വിപണിയില്‍ നടക്കുന്നതൊന്നും ഭക്ഷ്യവകുപ്പ് അറിയുന്നില്ല തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് പി.തിലോത്തമനെതിരെ ഉയരുന്നത്.മന്ത്രിയുടെ ഓഫീസിനെ പറ്റിയുംനിരവധി പരാതികളാണ് ഉയരുന്നത്. കഴിവുകെട്ട ഉദ്യോഗസ്ഥരാണ് മന്ത്രിക്കൊപ്പമെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. അതേസമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ഭക്ഷ്യ മന്ത്രി സി.ദിവാകരന്‍ എം.എല്‍.എയെ അനുകൂലിക്കുന്ന വിഭാഗമാണെന്നാണ് തിലോത്തമനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ദിവാകരശന മന്ത്രിയാക്കാനുള്ള പിന്‍വാതില്‍ തന്ത്രങ്ങളാണ് ഇതിനു പിന്നിലെന്നും ഇവര്‍ പറയുന്നു.

Read more

അതേസമയം അഴിമതി വിരുദ്ധനെന്ന പ്രതിഛായയും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്തയാളെന്ന പരിഗണനയും തിലോത്തമന് സഹായമാകുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം പ്രതിനിധികളും എതിരാകുന്നതും വകുപ്പ് പരാജയമാണെന്ന പൊതുവികാരവും അവഗണിക്കാന്‍ നേതൃത്വത്തിന് ആകുന്നുമില്ല. നിയമസഭാ സമ്മേളനത്തിനു ശേഷം സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണിക്കും സാധ്യത ഉണ്ട്.