Connect with us

NEWS ELSEWHERE

നിയമ വിദ്യാര്‍ഥിനിയുടെ അമ്മയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു

, 7:13 am

കുറുപ്പംപടിയില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയാണ് കാരണം. 24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു. കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇവരുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്കിടുകയായിരുന്നു പതിവ്.

രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്നാണ് പൊലീസുകാരുടെ പരാതി. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികില്‍സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നതത്രെ. വിസമ്മതിച്ചാല്‍ തങ്ങള്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.

നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി.