Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NEWS ELSEWHERE

പോക്‌സോ ചുമത്തിയിട്ട് 17 നാള്‍; എ.എസ്.ഐ.യെ പിടികൂടാനായില്ല

, 7:29 am

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എ.എസ്.ഐ.യെ 17 ദിവസമായിട്ടും അറസ്റ്റുചെയ്യാതെ പോലീസ്. നടപടി വൈകിച്ച് നീതി നിഷേധിക്കുകയാണെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍.

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നാസറാണ് പ്രതി. ഇദ്ദേഹം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പ്രതിയെ അന്വേഷിക്കുന്നതിന്റെ സൂചനയൊന്നും കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, പ്രതിക്ക് പോലീസ് ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞമാസം 28-നായിരുന്നു സംഭവം. 30-ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. ഈ മാസം രണ്ടാം തീയതി മജിസ്‌ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴിയും നല്‍കി. എന്നാല്‍, അറസ്റ്റുണ്ടായില്ല. കേരളത്തില്‍ പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഭവങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇതും.

ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ രക്ഷിക്കുന്ന നിയമമായ പോക്‌സോ ചുമത്തിയാണ് എ.എസ്.ഐ.യുടെ പേരില്‍ കേസെടുത്തിട്ടുള്ളത്. അറസ്റ്റുണ്ടാകാത്തതിനു കാരണം പ്രതി പോലീസുദ്യോഗസ്ഥനാണ് എന്നതുമാത്രമാണെന്ന് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ള സംഘടനകള്‍ പറയുന്നു.

സംഭവം പുറത്തറിഞ്ഞപ്പോള്‍ത്തന്നെ എ.എസ്.ഐ., പെണ്‍കുട്ടിയുടെ ചില ബന്ധുക്കളെ സമീപിച്ച് കേസൊതുക്കാന്‍ ശ്രമിച്ചിരുന്നു. അവരതിന് വഴങ്ങിയില്ല. പിന്നീട് കേസ് കൊടുത്തശേഷവും ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടത്തി. അതിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വഴങ്ങിയില്ല. പോക്‌സോ ചുമത്തിയതോടെയാണ് ഒത്തുതീര്‍പ്പുകൊണ്ടു കാര്യങ്ങള്‍ നടക്കില്ലെന്നു ഉറപ്പായത്.

കൊച്ചി നഗരത്തിലെ ഒരു സിവില്‍ സര്‍വീസ് പരീക്ഷാപരിശീലന കേന്ദ്രത്തിലെ ലിഫ്റ്റില്‍വെച്ചാണ് നാസര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണ് പഠിക്കുന്നത്. മകനെ കാണാനെത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന അകന്ന ബന്ധുകൂടിയായ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ചെറുക്കാന്‍ നോക്കിയ പെണ്‍കുട്ടിയുടെ വായും കഴുത്തും അമര്‍ത്തിപ്പിടിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് പെണ്‍കുട്ടി ഈ സ്ഥാപനത്തില്‍ പരിശീലനത്തിനു പോയില്ല. വീട്ടുകാര്‍ കാരണം അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാസര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നതുകൊണ്ടാണ് അറസ്റ്റു വൈകുന്നതെന്നാണ് പോലീസിന്റെ പക്ഷം.

മുന്‍കൂര്‍ ജാമ്യഹര്‍ജി 21-ലേക്കു മാറ്റി

മുന്‍കൂര്‍ ജാമ്യത്തിനായി തലയോലപ്പറമ്പ് എ.എസ്.ഐ. വി.എച്ച്. നാസര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടറിയാന്‍ മാറ്റി. ഹര്‍ജി ഈ മാസം 21-ന് പരിഗണിക്കും. നാസറിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നല്‍കിയ ഹര്‍ജി 22-ാം തീയതിയിലേക്ക് മാറ്റി.

Advertisement