ഏഷ്യാനെറ്റ് ്യൂസ് ഉടമയുടെ റിസോര്‍ട്ട് കൈയേറ്റഭൂമിയിലെന്ന് സര്‍ക്കാര്‍; രേഖകളുടെ പരിശോധന തുടരും

കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന്റെ കൈവശഭൂമിയില്‍ കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍. ഭൂമിയുടെ രേഖകളുടെ സാധുത ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധന വേണമെന്നും കോട്ടയം തഹസില്‍ദാര്‍ (എല്‍.ആര്‍.) പി.എസ്. ഗീതാകുമാരി നല്‍കിയ വിശദീകരണപത്രികയില്‍ പറയുന്നു.

കൈയേറ്റം ഒഴിപ്പിക്കാന്‍ കുമരകം പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ചോദ്യംചെയ്ത് റിസോര്‍ട്ട് കൊടുത്ത ഹര്‍ജിയിലാണിത്. ബി.െജ.പി. എം.പി. രാജീവ് ചന്ദ്രശേഖറാണ് റിസോര്‍ട്ടിന്റെ ഉടമ. കൈയേറ്റസ്ഥലത്തെ കോട്ടേജും കല്‍ക്കെട്ടും മതിലും 15 ദിവസത്തിനകം പൊളിച്ചുനീക്കാനും പുറമ്പോക്കുഭൂമി ഒഴിവാക്കാനുമുള്ളതാണ് നോട്ടീസ്.

കളക്ടര്‍ നിയോഗിച്ച സമിതി നേരത്തേ നടത്തിയ പരിശോധനയില്‍ ഒന്നരസെന്റോളം കൈയേറ്റം കണ്ടെത്തിയെന്ന് സര്‍ക്കാര്‍ ബോധിപ്പിക്കുന്നു. ചട്ടപ്രകാരം നടപടിക്ക് പഞ്ചായത്തിന് അധികാരമുണ്ടെന്നിരിക്കേ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ല.

റിസോര്‍ട്ടിന്റെ 41 സെന്റ് വരുന്ന ഭൂമി കുഞ്ഞപ്പന്റെ മക്കളില്‍നിന്ന് വാങ്ങിയെന്നാണ് റിസോര്‍ട്ടിന്റെ വാദം. സ്ഥലം പതിനൊന്നാം ബ്ലോക്കിലാണെന്നും പറയുന്നു. എന്നാല്‍, വസ്തു പത്താം ബ്ലോക്കിലാണ്. കുഞ്ഞപ്പന് സ്ഥലം പതിച്ചുനല്‍കിയതുള്‍പ്പെടെയുള്ള രേഖകളുടെ ആധികാരികത സംശയാസ്​പദവുമാണ്.

വസ്തുവിന്റെ തണ്ടപ്പേരുമാറ്റിയതുമായി ബന്ധപ്പെട്ട ഫയല്‍ നശിപ്പിക്കപ്പെട്ടെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ശരിയായ അന്വേഷണം നടത്തിയാലേ 11-ാം ബ്ലോക്കിലെ കായല്‍നിലം എങ്ങനെ സ്വകാര്യവ്യക്തിയുടേതായെന്ന് കണ്ടെത്താനാകൂ എന്നും വിശദീകരണപത്രികയില്‍ പറയുന്നു.