നിലമ്പൂര്‍ രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കുന്നു; സര്‍വീസ് കൊച്ചുവേളിയില്‍ നിന്ന്

തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി ട്രെയിൻ സ്വതന്ത്ര സർവീസാക്കി മാറ്റാനുള്ള നടപടികൾ ദക്ഷിണ റെയിൽവേ ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്നാകും നിലമ്പൂരിലേക്കുള്ള സർവീസ് പുറപ്പെടുക. ഇപ്പോൾ തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസിൽ ചേർത്താണു ഷൊർണൂർ വരെ രാജ്യറാണി സർവീസ് നടത്തുന്നത്.

ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസിന്റെ 15 കോച്ചുകൾ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണ് ഇപ്പോൾ. അമൃത മധുരയിലേക്കു നീട്ടിയതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്കു തിരുവനന്തപുരത്തേക്കു ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണെന്നു പരാതിയുണ്ടായി.

നിലമ്പൂരിലേക്കു സ്വതന്ത്ര ട്രെയിൻ വേണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നു പി.വി. അബ്ദുൽ വഹാബ് എംപിക്കു ദക്ഷിണ റെയിൽവേ അധികൃതർ ഉറപ്പു നൽകിയിരുന്നു. എട്ടിനു പകരം 18 കോച്ചുകൾ കൊച്ചുവേളി- നിലമ്പൂർ രാജ്യറാണിയിലുണ്ടാകും. അമൃതയ്ക്കു മുൻപായി രാത്രി 10.15ന് ആകും രാജ്യറാണി കൊച്ചുവേളിയിൽനിന്നു പുറപ്പെടുക.

മടക്കയാത്രയിലും അമൃതയ്ക്കു മുൻപിൽ

രാവിലെ 6.10നു കൊച്ചുവേളിയിൽ എത്തിച്ചേരും. കോച്ചുകൾ ലഭിക്കുന്ന മുറയ്ക്കാകും സ്വതന്ത്ര സർവീസ് ആരംഭിക്കുക. അമൃതയിലും ഏഴ് കോച്ചുകൾ കൂട്ടും. ഇതോടെ 22 കോച്ചുകളാകും. അതിൽ എസി കോച്ചുകൾ കൂട്ടണമെന്ന ദീർഘകാല ആവശ്യവും വൈകാതെ നടപ്പാകും.

ഷൊർണൂരിലേക്കു പോകേണ്ടാത്തതിനാൽ അമൃതയുടെ യാത്രാസമയത്തിൽ ഒരു മണിക്കൂറിന്റെ കുറവുണ്ടാകുമെന്നാണു പ്രതീക്ഷ. രാവിലെ മധുരയിലെത്തുന്ന ട്രെയിനാണു തീർഥാടകർക്ക് ആവശ്യം. ഉച്ചയ്ക്ക് 1.10നാണ് ഇപ്പോൾ ട്രെയിൻ അവിടെയെത്തുന്നത്. രാജ്യറാണി വേർപെടുത്തുമ്പോൾ അമൃത നേരത്തേ പുറപ്പെട്ട് വേഗം കൂട്ടിയാൽ രാവിലെ 9.30നു മുൻപു മധുരയിലെത്തിക്കാനാകും.

തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിനു പുതിയ കോച്ചുകൾ നൽകാനും നടപടിയായി. കൊച്ചുവേളി യാഡിൽ എത്തിച്ച പുതിയ കോച്ചുകളുടെ പരിശോധന നടക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ കോച്ചുകളുമായിട്ടാകും വേണാടിന്റെ സർവീസ്.