Connect with us

NEWS ELSEWHERE

സിമെന്റിനും കമ്പിക്കും വില കൂടി , നിര്‍മാണ മേഖലയ്ക്ക് തിരിച്ചടി

, 7:39 am

സംസ്ഥാനത്തു സിമെന്റിനും കമ്പിയ്ക്കും കുത്തനെ വില കൂടിയതോടെ നട്ടംതിരിഞ്ഞ് നിര്‍മാണ മേഖല. സിമെന്റ് ഒരു പായ്ക്കറ്റിന് 50 രൂപയിലധികമാണു കൂടിയത്. നിര്‍മാതാക്കള്‍ അകാരണമായി വില കൂട്ടുകയാണെന്നു വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടിലെ രണ്ടു കമ്പനികളാണു വില വര്‍ധനയ്ക്കു ചുക്കാന്‍ പിടിച്ചതെന്നാണു വിവരം.

അഞ്ചുദിവസം മുമ്പ് അമ്പതുരൂപ കൂട്ടിയിരുന്നു. ചില്ലറവില്‍പനക്കാരില്‍നിന്നു പ്രതിഷേധമുയര്‍ന്നതോടെ വര്‍ധന 30 രൂപയാക്കി കുറച്ചു. ടി.എം.ടി. കമ്പികളുടെ വിലയും വര്‍ധിച്ചു. കിലോയ്ക്ക് അഞ്ചുരൂപയോളമാണ് വര്‍ധന. മേല്‍ക്കൂര നിര്‍മാണത്തിന് ഉപയോഗിക്കുന്ന ജി.ഐ. പൈപ്പുകളുടെ വിലയും കിലോയ്ക്ക് ഒമ്പതുരൂപയോളം കൂടിയിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിപണി പ്രതികൂലമായിരിക്കെയാണ് കമ്പനികള്‍ സിമെന്റിന് കുത്തനെ വില കൂട്ടിയത്. ചില കമ്പനികള്‍ ഇന്‍വോയ്സ് വിലയില്‍ പത്തുരൂപ കൂട്ടിയതിനൊപ്പം ഡീലര്‍മാര്‍ക്ക് നല്‍കിയിരുന്ന 40 രൂപ ഡിസ്‌കൗണ്ട് നിര്‍ത്തി. മറ്റുചില കമ്പനികള്‍ ഡിസ്‌കൗണ്ട് 20 രൂപ നിര്‍ത്തിയതിനൊപ്പം ഇന്‍വോയ്സ് വിലയില്‍ 30 രൂപയുടെ വര്‍ധനയും വരുത്തി. ഫലത്തില്‍ ബാഗിന് 50 രൂപയുടെ വര്‍ധന.

പ്രമുഖ സിമെന്റ് ബ്രാന്‍ഡുകളുടെ വില 400 നു മുകളിലാണ്. ശങ്കര്‍ സിമെന്റ് 380 ല്‍ നിന്ന് 410 ലേക്കും ചെട്ടിനാടിന്റെ വില 350 ല്‍ നിന്ന് 380 ലേക്കും എ.സി.സിയുടെ വില 360 ല്‍ നിന്ന് 390 ലേക്കും കുതിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടേതടക്കമുള്ള കമ്പികള്‍ക്കും വില കൂടി. കിലോയ്ക്ക് 48 രൂപയുണ്ടായിരുന്ന കമ്പി വില 53 ആയി ഉയര്‍ന്നു. ടാറ്റായുടെ കമ്പികള്‍ക്ക് 68 രൂപയും വൈസാഗ് 390 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ജി.ഐ. പൈപ്പുകളുടെ വില കിലോയ്ക്ക് 68 ല്‍ നിന്ന് 75 മുതല്‍ 78 രൂപയോളം കൂടിക്കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടില്ല. മലബാര്‍ സിമെന്റ് 350 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ആവശ്യമായ സിമെന്റിന്റെ പത്തുശതമാനം പോലും മലബാര്‍ സിമെന്റിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വിപണിയില്‍ കാര്യമായ ഇടപെടലിന് കഴിയുന്നുമില്ല. വില വര്‍ധന സര്‍ക്കാരിതര നിര്‍മാണ പ്രവര്‍ത്തികളുടെ ചെലവ് ക്രമാതീതമായി ഉയര്‍ത്തുമെന്നാണ് വിലയിരുത്തുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണു മേഖല നീങ്ങുന്നതെന്ന് ക്രെഡായ്(കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ്് അസോസിയേഷന്‍ ഓഫ് ഇന്ത്യ) നേതൃത്വം പറയുന്നു.

കൊള്ളലാഭം കൊയ്ാന്‍ സിമയെന്റ് വില ക്രമാതീതമായി വര്‍ധിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ജനങ്ങളെ പിഴിയുന്ന കമ്പനികള്‍ ഐ.പി.എല്‍. പോലെയുള്ള കായിക മാമാങ്കങ്ങളുടെ മുഖ്യ പ്രായോജകരാകുന്നതിനുവേണ്ടി പണം വാരിക്കോരി ചെലവിടുന്നു. അതുമൂലമുണ്ടാകുന്ന അധികബാധ്യത ഉപയോക്താക്കളുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണെന്നും ക്രെഡായി കുറ്റപ്പെടുത്തി.