കലോത്സവത്തില്‍ നിരീക്ഷണം ശക്തമാക്കി: നൃത്തവുമായി ബന്ധപ്പെട്ട എട്ട് വിധികര്‍ത്താക്കള്‍ പിന്മാറി

തൃശൂര്‍ : സ്‌കൂള്‍ കലോത്സവവേദികളില്‍ പോലീസും വിജിലന്‍സും നിരീക്ഷണം ശക്തമാക്കിയെന്ന വാര്‍ത്തയ്ക്കിടെ എട്ടു വിധികര്‍ത്താക്കള്‍ പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ രേഖാമൂലം അറിയിച്ചാണു പിന്മാറ്റം. പകരം വിധികര്‍ത്താക്കളെ നിശ്ചയിച്ചതായി ഡി.പി.ഐ: കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു. പിന്മാറിയവരില്‍ അഞ്ചുപേര്‍ നൃത്തവുമായി ബന്ധപ്പെട്ട വിധികര്‍ത്താക്കളാണ്.

വിധികര്‍ത്താക്കള്‍ കൂട്ടമായി പിന്മാറിയാല്‍ അതും വിജിലന്‍സ് അന്വേഷിച്ചേക്കും. വിധികര്‍ത്താക്കള്‍ താമസിക്കുന്ന ഹോട്ടലുകളുടേതടക്കമുള്ള വിശദവിവരം സ്പെഷല്‍ ബ്രാഞ്ചും അന്വേഷണ ഏജന്‍സികളും ശേഖരിച്ചിട്ടുണ്ട്. എല്ലാനീക്കങ്ങളും അതീവരഹസ്യമായാണു നിരീക്ഷിക്കുക.
വിധികര്‍ത്താക്കള്‍ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് നിരീക്ഷിക്കും. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നു വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സാധാരണ അന്വേഷണത്തില്‍ തെളിവു ലഭിച്ചാല്‍ വിശദാന്വേഷണം നടത്തും.

വിദ്യാഭ്യാസവകുപ്പ് വിധികര്‍ത്താക്കളെ നിശ്ചയിക്കാന്‍ പ്രത്യേക മാനദണ്ഡം സ്വീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു വര്‍ഷത്തിലധികം വിധിനിര്‍ണയിച്ചവരെ പാനലില്‍ ഉള്‍പ്പെടുത്തില്ല. വിജിലന്‍സ് നിരീക്ഷണം സ്വാഭാവികപ്രക്രിയമാത്രമാണെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവ നടത്തിപ്പിനെ ഇതു ബാധിക്കുകയില്ല. ചിലരുടെ പ്രതികരണം തെറ്റിദ്ധാരണമൂലമാണ്. പിന്മാറിയ വിധികര്‍ത്താക്കളോടു സംസാരിച്ച് ആശങ്ക ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥിരമായി ഒന്നാം സ്ഥാനത്തെത്തുന്ന ചില പ്രശസ്ത സ്‌കൂള്‍ ടീമുകള്‍ക്കു വേണ്ടി അണിയറയില്‍ എല്ലാ വര്‍ഷവും ചരടുവലി നടക്കുന്നതായാണ് വിവരം. ഗ്രൂപ്പ് ഇനങ്ങള്‍ക്കു രണ്ടു ലക്ഷം രൂപയിലേറെയാണ് കോഴയായി മറിയുന്നതെന്നു പറയുന്നു.