Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NEWS ELSEWHERE

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇനി ‘സ്വന്തം വിമാനം’

, 7:28 am

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ഫോഴ്സ് 1’ പോലെ ഇന്ത്യയ്ക്കും സ്വന്തം ഔദ്യോഗിക വിവിഐപി വിമാനം വരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത രണ്ടു വിമാനങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നത്. 2020 മുതല്‍ ഇന്ത്യയുടെ ഭരണത്തലവന്‍മാര്‍ക്കും സ്വന്തം വിമാനത്തിന്റെ ഗമയില്‍ വിദേശത്തു ചെന്നിറങ്ങാം.

എയര്‍ ഇന്ത്യ ഈയിടെ സ്വന്തമാക്കിയ രണ്ട് ബോയിങ് 777-300 ഇആര്‍ വിമാനങ്ങളാണു വിവിഐപി ആവശ്യത്തിനായി കേന്ദ്രം വാങ്ങുന്നത്. ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തും. ബോയിങ് കമ്പനിയുടെ യുഎസ്സിലെ ആസ്ഥാനത്തു തന്നെയാണ് ഈ അധികസംവിധാനങ്ങള്‍ ഒരുക്കുന്നത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിനു 18 മാസം വേണ്ടിവരും.

നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണു കടംകൊള്ളുന്നത്. ഈ വിമാനത്തില്‍ നിന്നു വ്യത്യസ്തമായി ബോയിങ് 777നു തുടര്‍ച്ചയായി യുഎസ് വരെ പറക്കാനാകും. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനു ബജറ്റില്‍ 4469 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു. വിവിഐപി യാത്രകള്‍ക്കായി എയര്‍ ഇന്ത്യ 44 പൈലറ്റുമാരുടെ ഒരു പട്ടിക തയാറാക്കും. ഇതില്‍ നാലുപേര്‍ ഏതു സമയത്തും ഡല്‍ഹിയില്‍ ലഭ്യമായിരിക്കും.

എയര്‍ഫോഴ്സ് 1

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം. പറക്കുന്ന വൈറ്റ് ഹൗസ് എന്നറിയപ്പെടുന്നു. അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം. വിപുലമായ വാര്‍ത്താവിനിമയ സംവിധാനം. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സാ സൗകര്യങ്ങള്‍. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. എത്രനേരവും ആകാശത്തു തുടരാം. ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍പ്പോലും ക്ഷതമേല്‍ക്കില്ല.

Advertisement