കേരളത്തിലെ മൂന്ന് ജയിലുകളിലായി വധശിക്ഷ കാത്തിരിക്കുന്നത് 20 പേരെ

അമീറുല്‍ ഇസ്‌ളാംകൂടി എത്തിയതോടെ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് 20 പേര്‍. ഇതില്‍ നാലു പേര്‍ ഇതരസംസ്ഥാനക്കാരാണ്. കേരളത്തില്‍ അവസാനം വധശിക്ഷ നടപ്പാക്കിയത് റിപ്പര്‍ ചന്ദ്രന്റേതാണ്. 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിപ്പറെ തൂക്കിക്കൊന്നത്. അതിനു മുമ്പത്തെ വധശിക്ഷയും കണ്ണൂരില്‍ തന്നെ. വയനാട് സ്വദേശി വാകേരി ബാലകൃഷ്ണനെ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1979ല്‍ അഴകേശന്റെ വധശിക്ഷയാണ് അവസാനം നടപ്പാക്കിയത്. ഒടുവില്‍ വധശിക്ഷാ ഇളവ് നല്‍കപ്പെട്ടത് സൌമ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്കാണ്.

അമീറുല്‍ ഇസ്‌ളാമിനു മുമ്പ് വധശിക്ഷ വിധിക്കപ്പെട്ടത് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യുവിനെയാണ്. പൂജപ്പുരയിലാണ് കൂടുതല്‍ പേര്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത്-പത്ത്. ആലുവ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണിയാണ് ഇതില്‍ കുപ്രസിദ്ധന്‍. അസം സ്വദേശിയായ പ്രദീപ് ബോറയും യുപി സ്വദേശി നരേന്ദ്രകുമാറും വധശിക്ഷ വിധിക്കപ്പെട്ട് ഇവിടെയുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴു പേര്‍. കണിച്ചുകുളങ്ങര കേസില്‍ ശിക്ഷിക്കപ്പെട്ട ഉണ്ണിയും പെണ്‍കുട്ടിയെ ഗോവയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ഹംസയും വയനാട് അനിതയെ പീഡിപ്പിച്ചു കൊന്ന നാസറും അബ്ദുള്‍ ഗഫൂറും ഇക്കൂട്ടത്തിലാണ്. വിയ്യൂരില്‍ അമീറുല്‍ ഇസ്‌ളാമും എത്തുന്നതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ മൂന്നായി. അട്ടക്കുളങ്ങരയില്‍ ഗുണ്ടാനേതാവിനെ ബോംബെറിഞ്ഞ് കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട സോജു, മദ്യപിച്ച് മൂന്നുപേരെ മുറിയില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കന്യാകുമാരി സ്വദേശി തോമസ് ആല്‍വ എഡിസന്‍ എന്നിവരാണ് മറ്റ് രണ്ടു പേര്‍.

Read more

സെഷന്‍സ് കോടതിയാണ് ഇവരുടെയെല്ലാം വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിവരെ അപ്പീല്‍ ഹര്‍ജിയും പിന്നീട് രാഷ്ട്രപതിക്ക് ദയാ ഹര്‍ജിയും സമര്‍പ്പിക്കാം. അതിനാലാണ് ശിക്ഷ നടപ്പാക്കല്‍ വൈകുന്നത്.