'ഓഖി': സർക്കാരിന്റെ പുതിയ കണക്ക്; തിരികെ എത്താനുള്ളവർ 397, മരണം 37

ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു കടലിൽ കാണാതായവരുടെ എണ്ണം 397 എന്നു സർക്കാരിന്റെ പുതിയ കണക്ക്. ചെറുവള്ളങ്ങളിൽ പോയവരിൽ 96 പേരും വലിയ ബോട്ടുകളിൽ പോയവരിൽ 301 പേരും തിരിച്ചെത്താനുണ്ടെന്നു പൊലീസ് സ്റ്റേഷനുകൾ മുഖേനയും കടലോര ഗ്രാമങ്ങളിൽ നേരിട്ടെത്തിയും റവന്യു വകുപ്പു ശേഖരിച്ച കണക്കിൽ പറയുന്നു. വലിയ ബോട്ടുകളിൽ പോയവരുടെ കണക്ക് ആദ്യമായാണു ശേഖരിക്കുന്നത്.

ഇതാണു കാണാതായവരുടെ എണ്ണം തൊണ്ണൂറ്റിരണ്ടിൽ നിന്നു 397 ആയി ഉയരാൻ കാരണമെന്നു റവന്യു അധികൃതർ വ്യക്തമാക്കി. ചെറുവള്ളങ്ങളിൽ പോയി തിരിച്ചെത്താനുള്ള 96 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. അതേസമയം, ഇന്നലത്തെ കണക്കെടുപ്പ് അനുസരിച്ചു ചെറിയ വള്ളക്കാരിൽ 103 പേരും വലിയ ബോട്ടുകാരിൽ 156 പേരും ഉൾപ്പെടെ 259 പേർ എത്താനുണ്ടെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ഇതോടെ സർക്കാരിന്റെ പട്ടികയിൽ രൂപതയുടെ പട്ടികയെക്കാൾ 138 പേർ അധികമായി. കടലിൽ നാലു മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തതോടെ ആകെ മരണസംഖ്യ 37 ആയി.

ഈ നാലു മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാർഡും മൽസ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തിരച്ചിലിൽ ആലപ്പുഴ തീരത്തു നിന്നു 185 കിലോമീറ്റർ അകലെയാണു രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. മറൈൻ എൻഫോഴ്സ്മെന്റ് കായംകുളത്തിനു സമീപം കണ്ടെടുത്ത മൃതദേഹം അഴീക്കലിൽ എത്തിച്ചു. ചാവക്കാട്ടെ മൽസ്യത്തൊഴിലാളികളാണു തൃശൂരിലെ ചേറ്റുവയിൽ ഒരു മൃതദേഹം കരയ്ക്കെത്തിച്ചത്. കേരളത്തിൽ നിന്നുള്ള വലിയ ബോട്ടുകാരിൽ പകുതിയിലേറെപ്പേർ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീരമേഖലയിൽ എത്തിയിട്ടുണ്ടെന്നു സർക്കാർ സ്ഥിരീകരിച്ചു. ഇന്ധനവും ഭക്ഷണം നൽകിയാൽ ബോട്ടിൽ തന്നെ കേരളത്തിലേക്കു മടങ്ങാമെന്നു മത്സ്യത്തൊഴിലാളികൾ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഇതിനുള്ള പണം കൈമാറി. ഇന്നലെ തന്നെ ഈ ബോട്ടുകൾ കേരളത്തിലേക്കു തിരിച്ചു.

ചെറുവള്ളങ്ങളെക്കുറിച്ച് ആശങ്ക

Read more

ചുഴലിക്കാറ്റിൽ തകരുന്നവയാണ് ചെറിയ ബോട്ടുകൾ അഥവാ ഫൈബർ വള്ളങ്ങൾ. ‌അഞ്ചുപേർവരെ ഒരു വള്ളത്തിലുണ്ടാകും. ശക്തമായ കാറ്റു വന്നാൽ വള്ളം കയർകൊണ്ട് ചുറ്റിക്കെട്ടും. വള്ളം മറി‍ഞ്ഞാൽ നിവർത്തുക അസാധ്യം. ചുറ്റിക്കെട്ടിയ കയറിൽ പിടിച്ചു തൂങ്ങിയാണ് രക്ഷയ്ക്കായി കാത്തുകിടക്കുക. നെഞ്ചിനു താഴേക്കു വെള്ളത്തിൽ മുങ്ങുന്നതിനാൽ ശരീരം മരവിച്ചു കൊണ്ടിരിക്കും. മൂന്നു ദിവസം വരെ പിടിച്ചു കിടന്നവരുണ്ട്. തീർത്തും അവശരായപ പലരും പിടിവിട്ട് ആഴങ്ങളിലേക്കു പോയെന്ന് രക്ഷപ്പെട്ടെത്തിയവർ പറയുന്നു. ചിലരെയെങ്കിലും വലിയ ബോട്ടുകാർ രക്ഷപ്പെടുത്തിയിരിക്കാമെന്നാണു പ്രതീക്ഷ.