തിരുവാഭരണഘോഷയാത്രാസംഘത്തെ പോലീസ് വടംകെട്ടി തടഞ്ഞു; ചെണ്ടമേളവും ചുവടുവെപ്പുകളും നിര്‍ത്തിവച്ചു

മകരവിളക്കുദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവുമായി പന്തളത്ത് നിന്ന് എത്തിയ സംഘത്തെ പോലീസ് വടംകെട്ടി തടഞ്ഞു. വലിയനടപ്പന്തലില്‍നിന്ന് താഴേതിരുമുറ്റത്തേക്ക് കയറുന്ന പടിക്കെട്ടിലാണ് പതിവിനു വിരുദ്ധമായി വടംകെട്ടിയത്.

ഇതുമൂലം ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ചുവന്ന തിരുവാഭരണപേടകങ്ങള്‍ക്ക് വലിയനടപ്പന്തലില്‍ പത്തു മിനിറ്റോളം കാത്തുനില്‍ക്കേണ്ടിവന്നു. ഈ സമയം ചെണ്ടമേളവും ചുവടുവെപ്പുകളും നിര്‍ത്തിവച്ചു.

തിരുവാഭരണപേടകത്തിനൊപ്പം പന്തളത്ത് നിന്ന് ഇരുമുടിക്കെട്ടുമായി നടന്നുവരുന്നവരെ താഴേതിരുമുറ്റത്തെ ആലിന്റെ ഇടതുവശത്തുകൂടി കടത്തിവിടുകയാണ് പതിവ്. പേടകത്തെ വലതുവശത്തുകൂടിയാണ് കയറ്റിവിടുക. എന്നാല്‍ ഇത്തവണ ഇതു രണ്ടുമുണ്ടായില്ല. ഘോഷയാത്രയെ പോലീസ് കയര്‍കെട്ടി തടയുകയായിരുന്നു. ഇതോടെ ഈ ഭാഗത്ത് തിക്കും തിരക്കുമായി. പലരും താഴെ വീണു. എന്നിട്ടും പോലീസ് കെട്ടിയിരുന്ന വടം അഴിച്ചില്ല. ഇവിടത്തെ ചെറിയ ഗേറ്റ് ബലമായി തുറന്ന് അയ്യപ്പന്മാര്‍ മുകളിലേക്ക് കയറി.

വലതുഭാഗത്ത് കയറില്‍ കാല്‍ കുരുങ്ങി പലരും വീണു. യാത്രാസംഘത്തെ പോലീസ് മര്‍ദിച്ചതായും പരാതിയുണ്ട്. പേടകത്തിന് അകമ്പടി വന്ന പോലീസുകാരെയും പിടിച്ചുതള്ളി.

തിരുവാഭരണഘോഷയാത്രയെ വടംകെട്ടി തടയുകവഴി പന്തളം കൊട്ടാരത്തെ അപമാനിക്കുകയാണുണ്ടായതെന്ന് കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ്മ പറഞ്ഞു.

എന്നാല്‍ തിരുവാഭരണപേടകത്തിന് സൗകര്യമൊരുക്കാനായാണ് വടംകെട്ടിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. പന്തളം കൊട്ടാരത്തിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് ഗൗരവമായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.