'എല്ലാത്തിനും പിന്നില്‍ ന്യൂഡല്‍ഹിയിലെ മേലാളന്‍'; തുറന്നടിച്ച് തൊഗാഡിയ

ന്യൂഡൽഹിയിലെ രാഷ്ട്രീയ മേലാളന്റെ നിർദേശത്തെത്തുടർന്നാണു ക്രൈം ജോയിന്റ് പൊലീസ് കമ്മിഷണർ ജെ.കെ.ഭട്ട് തനിക്കും പരിഷത്ത് പ്രവർത്തകർക്കുമെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര അധ്യക്ഷൻ പ്രവീൺ തൊഗാഡിയയുടെ പുതിയ ആരോപണം. ഇരുവരും നടത്തിയ ഫോൺ സംഭാഷണം പരസ്യപ്പെടുത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ െനതന്യാഹുവിനു സ്വന്തം തട്ടകത്തിൽ സ്വീകരണം നൽകാൻ നരേന്ദ്ര മോദി അഹമ്മദാബാദിലുള്ളപ്പോഴായിരുന്നു തൊഗാഡിയയുടെ ആരോപണം. ആർഎസ്എസ് നേതാവ് സഞ്ജയ് ജോഷിയുടെ പേരിൽ 2005 ൽ പുറത്തുവന്ന ലൈംഗിക സിഡിക്കു പിന്നിൽ പ്രവർത്തിച്ചിരുന്നവരുടെ പേരുവിവരങ്ങൾ സമയം വരുമ്പോൾ വെളിപ്പെടുത്തുമെന്നും തൊഗാഡിയ മുന്നറിയിപ്പു നൽകി.

വ്യാജ ഏറ്റുമുട്ടലിൽ തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അയോധ്യയിലെ ശ്രീരാമജന്മഭൂമി മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ശാസ്ത്രി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

∙ അതു നാടകം: ഗുജറാത്ത് പൊലീസ്

വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്ന ഭീഷണിയുണ്ടെന്ന ആരോപണം തൊഗാഡിയയുടെ നാടകമാണെന്ന നിലപാടിലുറച്ച് ഗുജറാത്ത് പൊലീസ്. ഏറ്റുമുട്ടലിൽ വധിക്കാനുദ്ദേശിച്ച് രാജസ്ഥാൻ പൊലീസ് തന്നെ അറസ്റ്റ് ചെയ്യാനെത്തുന്നു എന്ന വിവരത്തെത്തുടർന്നു രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബോധരഹിതനാവുകയായിരുന്നു എന്നാണു തൊഗാഡിയ പറഞ്ഞത്. എന്നാൽ പൊലീസ് റിപ്പോർട്ട് ഇങ്ങനെ: സുബോധത്തോടെ തന്നെയായിരുന്നു തൊഗാഡിയയെ സഹായി ആശുപത്രിയിലാക്കിയത്.

രാവിലെ 11.10 നു സെഡ് വിഭാഗം സുരക്ഷാഭടന്മാരെ ഒഴിവാക്കി ധിരു കാപുരിയ എന്ന സഹായിക്കൊപ്പം തൊഗാഡിയ പാൽഡിയിലെ വിശ്വഹിന്ദു പരിഷത്ത് ഓഫിസിൽ നിന്നിറങ്ങി. 11.30 നു താൽത്തേജിലെ ഘനശ്യാംഭായ് ചരൺദാസ് എന്നയാളുടെ വീട്ടിലെത്തി. അടുത്തുള്ള അടിയന്തര ആംബുലൻസ് സർവീസിലേക്കു വിളിച്ചു സഹായം ഉറപ്പാക്കി. ആംബുലൻസിലേക്കു മാറ്റുമ്പോൾ തൊഗാഡിയ പൂർണ ആരോഗ്യവാനായിരുന്നു.

തൊട്ടടുത്തുള്ള സിവിൽ ആശുപത്രിയിൽ എത്തിക്കാമെന്ന ആംബുലൻസ് ജീവനക്കാരുടെ തീരുമാനത്തെ മറികടന്നു ചന്ദ്രമണി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അർധ ബോധാവസ്ഥയിലാണു തൊഗാഡിയയെ കൊണ്ടുവന്നതെന്നായിരുന്നു അവിടത്തെ ഡോക്ടർമാരുടെ വിശദീകരണം. നേരത്തേ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഘനശ്യാംഭായ് വിളിച്ച് എല്ലാം ഏർപ്പാടാക്കിയിരുന്നുവെന്നും ഫോൺ വിളികളും മറ്റും ഇതിനു െതളിവായുണ്ടെന്നും പൊലീസ് അറിയിച്ചു.

രാജസ്ഥാനിലും പ്രതിഷേധം

തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാർ തന്നെ പൊലീസിനെ അയച്ചതു വിവാദമായതോടെ രാജസ്ഥാനിൽ സംഘപരിവാർ സംഘടനയ്ക്കുള്ളിൽ പ്രതിഷേധം. ബിജെപിക്കും ആർഎസ്എസിനുമെതിരെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം രംഗത്തുവന്നു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തര വകുപ്പും ബിജെപി സർക്കാരും തുടങ്ങി.

Read more

തൊഗാഡിയയെ കസ്റ്റഡിയിലെടുക്കുന്നതിനു സർക്കാരിന്റെ അനുവാദം പൊലീസ് തേടിയില്ലെന്നാണു രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ സംസ്ഥാന വിഎച്ച്പി നേതൃത്വത്തിനു നൽകിയ വിശദീകരണം. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വൈകില്ലെന്നാണു സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്. ഇത്തരം ഒരു സംഭവവും മേലിൽ ഉണ്ടാവരുതെന്നു സംസ്ഥാന പൊലീസ് മേധാവിക്കു കർശന നിർദേശവും നൽകി.