ടിപി വധക്കേസ് പ്രതി അനൂപ് ജയിലിൽ ‘ലഹരി ബിസിനസുകാരൻ’

ടിപി വധക്കേസ് പ്രതിക്കു വിയ്യൂർ ജയിലിൽ കഞ്ചാവ് കച്ചവടം. വിൽപന മാസ വരുമാനം 50,000 രൂപ വരെ. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതി എം.സി.അനൂപാണു ജയിലിൽ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ് ‘ബിസിനസു’കാരനായി വിലസുന്നത്.

ജയിലിലെ മേസ്തിരി പട്ടം രാഷ്ട്രീയ സ്വാധീനം ചെലുത്തി നേടിയെടുത്ത അനൂപ്, പുറം പണിക്കു പോകുന്ന തടവുകാരെ ഭീഷണിപ്പെടുത്തി ബീഡിയും കഞ്ചാവും മദ്യവും എത്തിക്കും. ഇതു വിപണിയിലുള്ളതിന്റെ പത്തിരട്ടി വരെ വിലയ്ക്കു വിൽക്കും. സഹായിക്കാത്ത സഹതടവുകാരെ മർദിക്കുന്നതാണു ശൈലി. ജയിലിലെ പരാതിപ്പെട്ടിയിൽ പേരു വയ്ക്കാതെ ലഭിച്ച കുറിപ്പിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ‌

രണ്ടാഴ്ച മുൻപ് റഹിം എന്ന തടവുകാരനെ ക്രൂരമായി മർദിച്ചു. പുറത്തുനിന്ന് ജയിൽ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തു കൊടുക്കാത്തതായിരുന്നു കാരണമെന്നു പരാതിയിൽ പറയുന്നു. റഹിം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഷാജി എന്ന തടവുകാരനെയും മർദിച്ചതായി പരാതിയിലുണ്ട്. പുറം പണിക്കു പോകുന്നവർ ബീഡിയും കഞ്ചാവും മദ്യവും ജയിലിനുള്ളിൽ എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടാറുണ്ടെന്നു പരാതിയിൽ പറയുന്നു. ഇതു സമ്മതിക്കാത്തവരെ ക്രൂരമായി മർദിക്കും.

മനുഷ്യാവകാശ കമ്മിഷൻ അന്വേഷിക്കും.

Read more

വിയ്യൂർ ജയിലിൽ ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതി എം.സി.അനൂപ് ജയിലിൽ കഞ്ചാവും ബീഡിയും എത്തിക്കാൻ സഹായിക്കാത്ത സഹതടവുകാരെ മർദിക്കുന്നെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ജയിൽ ഡിജിപി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. ജയിലിലെ പരാതിപ്പെട്ടിയിൽ പേരു വയ്ക്കാതെ ലഭിച്ച പരാതി, തൃശൂർ സെഷൻസ് ജഡ്ജി മനുഷ്യാവകാശ കമ്മിഷനിലേക്ക് അയയ്ക്കുകയായിരുന്നു. കേസ് മാർച്ച് 15നു തൃശൂരിൽ പരിഗണിക്കും.