പാസഞ്ചറേ വിട! നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ ഇനി ഇല്ല

കനത്ത നഷ്ടത്തിലോടുന്ന യാത്രാവണ്ടികൾ റെയിൽവേ നിർത്തലാക്കുന്നു. ആദ്യപടിയായി പൂർവ റെയിൽവേ എട്ടു സർവീസുകൾ റദ്ദാക്കി. ബംഗാളിലൂടെ സർവീസ് നടത്തുന്നവയാണിവയെല്ലാം. കേരളത്തിൽ എറണാകുളം– കൊല്ലം സെക്ടറിലെ പല പാസഞ്ചർ ട്രെയിനുകളും നിർത്തലാക്കൽ ഭീഷണിയുടെ നിഴലിലാണ്. ആവശ്യത്തിനു ജീവനക്കാരില്ലെന്നപേരിൽ മാസങ്ങൾക്കു മുൻപ് ഈ റൂട്ടിലെ എട്ടു പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയിരുന്നു.

ജീവനക്കാരില്ലെന്നതു ശരിയാണെങ്കിൽക്കൂടി നിർത്തലാക്കാനുള്ള പ്രധാന കാരണം വരുമാനമില്ലായ്മതന്നെ. രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണു കേരളത്തിലെ നിർത്തലാക്കിയ ട്രെയിനുകൾ ദിവസങ്ങൾക്കകം പുനരാരംഭിച്ചത്. നഷ്ടത്തിലുള്ള സർവീസുകളുടെ നടത്തിപ്പിന്റെ പാതി ചെലവ് അതതു സംസ്ഥാനം വഹിക്കണമെന്നാണു റെയിൽവേയുടെ ഇപ്പോഴത്തെ നിലപാട്. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുകയും കമ്മിറ്റിയുടെ 42, 88 എന്നീ റിപ്പോർട്ടുകളിൽ നടപടി ആവശ്യപ്പെടുകയും ചെയ്ത വിഷയമാണ് ഇതെന്നു റെയിൽവേ വ്യക്തമാക്കുന്നു. ട്രെയിൻ സർവീസുകൾ നിർത്തലാക്കുന്ന വിവരം മുൻകൂട്ടി അതതു സംസ്ഥാനങ്ങളെ അറിയിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

പാതി ചെലവ് സംസ്ഥാനം വഹിക്കാൻ തയാറാകാത്തപക്ഷം സർവീസ് നിർത്തലാക്കാം. സർവീസ് തുടരണോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാനമാണ്. ഇന്ത്യൻ റെയിൽവേയുടെ കണക്കുകൾ പ്രകാരം യാത്രാ ട്രെയിനുകളിൽ ഭൂരിഭാഗവും കാര്യമായ ലാഭം ഉണ്ടാക്കുന്നവയല്ല. ചരക്കു ഗതാഗതത്തിലൂടെയാണു റെയിൽവേ ലാഭമുണ്ടാക്കുന്നത്. എന്നാൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അനുവദിച്ച പല ട്രെയിനുകളും റെയിൽവേയുടെ നിലനിൽപുതന്നെ അവതാളത്തിലാക്കുന്നതരത്തിൽ നഷ്ടത്തിലാണെന്ന് ആക്ഷേപമുണ്ട്.

Read more

കേരളത്തിൽ കൊല്ലം– എറണാകുളം പകൽ സമയ പാസഞ്ചർ ട്രെയിനുകളാണു നഷ്ടക്കണക്കിൽ മുന്നിൽനിൽക്കുന്നത്. രാവിലെ പത്തിനും വൈകുന്നേരം നാലിനും ഇടയ്ക്കുള്ള പാസഞ്ചറുകൾ മിക്കവാറും ആളില്ലാതെ സർവീസ് നടത്തേണ്ടിവരുന്നുണ്ട്. ഇവിടെ രാത്രി പാസഞ്ചറുകളെയും ജനം കയ്യൊഴിയുകയാണ്. കണ്ണൂർ–ബൈന്ദൂർ പാസഞ്ചർ ട്രെയിൻ നഷ്ടമായതിനെ തുടർന്നു നേരത്തെ നിർത്തലാക്കിയിരുന്നു.