തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 150 കോടി രൂപയുടെ ക്രമക്കേടും അഴിമതിയും

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റും അജയ്‌ തറയില്‍ അംഗവുമായിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നതു 150 കോടി രൂപയുടെ ക്രമക്കേടും അഴിമതിയും. പ്രസിഡന്റിന്റെയും അംഗത്തിന്റെയും യാത്രകള്‍, ഔദ്യോഗികവസതി, മരാമത്തുപണികള്‍ക്കുള്ള അധികത്തുക, അന്നദാനം, കമ്പ്യൂട്ടര്‍വത്‌കരണം, ടെന്‍ഡര്‍ നടപടികള്‍, ഫണ്ട്‌ വിനിയോഗം എന്നീ ഇനങ്ങളിലാണു കോടികളുടെ വെട്ടിപ്പു നടന്നത്‌. പ്രസിഡന്റും അംഗവും പ്രതിദിനം ശരാശരി 300-500 കിലോമീറ്റര്‍ സഞ്ചരിച്ചെന്നു രേഖകളുണ്ടാക്കിയാണു യാത്രാപ്പടി കൈപ്പറ്റിയത്‌. ഇതുസംബന്ധിച്ച രേഖകള്‍ മംഗളത്തിനു ലഭിച്ചു. തിരുവിതാംകൂള്‍-കൊച്ചി ഹിന്ദു മതനിയമപ്രകാരം ബോര്‍ഡ്‌ പ്രസിഡന്റിന്‌ 5000 രൂപയും അംഗത്തിനു 3000 രൂപയുമാണു പ്രതിമാസ ഓണറേറിയം. സര്‍ക്കാര്‍ സര്‍വീസ്‌ ചട്ടപ്രകാരമുള്ള യാത്രാപ്പടിക്കേ അര്‍ഹതയുള്ളൂ. ബോര്‍ഡിന്റെ ഡ്രൈവറെയും വാഹനവുമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ആകസ്‌മികചെലവുകള്‍(ഇന്‍സിഡെന്റല്‍ എക്‌സ്‌പെന്‍സ്‌)ക്കുള്ള തുകയേ ലഭിക്കൂ. സ്വന്തം വാഹനവും ഡ്രൈവറുമാണെങ്കില്‍ കിലോമീറ്ററിന്‌ 14 രൂപ എഴുതിയെടുക്കാം. എന്നാല്‍ ബോര്‍ഡിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടും പ്രസിഡന്റും അംഗവും പ്രതിവര്‍ഷം യാത്രാപ്പടിയായി എഴുതിയെടുത്തത്‌ 24 ലക്ഷത്തോളം രൂപ! 2015 നവംബര്‍ മുതല്‍ 2017 ഒക്‌ടോബര്‍ വരെ പ്രതിദിനം 300-500 കിലോമീറ്റര്‍ ഔദ്യോഗികവാഹനങ്ങള്‍ ഉപയോഗിച്ചതായി രേഖകളുണ്ടാക്കി മാസംതോറും 70,000-95,000 രൂപ ബോര്‍ഡില്‍നിന്നു കൈപ്പറ്റി. കിലോമീറ്റര്‍ രേഖപ്പെടുത്തുന്ന ലോഗ്‌ ബുക്ക്‌ ഇല്ലാതെയാണു തുക വാങ്ങിയത്‌. ബോര്‍ഡില്‍ സമര്‍പ്പിച്ച ടൂര്‍ ജേണല്‍ പ്രകാരം പകല്‍ മുഴുവന്‍ പ്രസിഡന്റും അംഗവും യാത്രയിലാണ്‌! തിരുവനന്തപുരത്തെ ബോര്‍ഡ്‌ ആസ്‌ഥാനത്തു യോഗം നടന്ന ദിവസങ്ങളില്‍പോലും ഇതാണവസ്‌ഥ. വാഹന രജിസ്‌റ്റര്‍ പ്രകാരം മിക്കവാറും ദിവസങ്ങളില്‍ ഇവരുടെ യാത്രകള്‍ അവസാനിക്കുന്നതു സ്വവസതികളിലാണ്‌. തലസ്‌ഥാനത്തു നിയമവിരുദ്ധമായി ഔദ്യോഗികവസതികള്‍ ഉപയോഗിക്കുകയും അതിനായി അനധികൃതനിയമനങ്ങള്‍ നടത്തി ശമ്പളം ഇനത്തില്‍ ബോര്‍ഡിനു ലക്ഷങ്ങള്‍ നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. ദേവസ്വം ബോര്‍ഡ്‌ മരാമത്തുപണികള്‍ക്കായി ബജറ്റിനു പുറമേ, 2016-17, 2017-18 വര്‍ഷങ്ങളില്‍ നിയമവിരുദ്ധമായി അനുവദിച്ചത്‌ 59 കോടി രൂപ. കരാറുകാര്‍ നല്‍കിയ നിവേദനപ്രകാരം 30 കോടി രൂപ പാസാക്കി. മരാമത്തുപണികളുടെ എല്ലാ നിയമങ്ങളും ലംഘിച്ച്‌ ചീഫ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌ അഞ്ചുലക്ഷം രൂപയുടെയും എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍മാര്‍ക്കു രണ്ടുലക്ഷം രൂപയുടെയും ജോലികള്‍ സ്വന്തമായി ചെയ്യാന്‍ ബോര്‍ഡ്‌ അനുമതി നല്‍കിയതില്‍ വ്യാപക അഴിമതി നടന്നു. കെട്ടിടനിര്‍മാണത്തിനായി ചതുരശ്രയടിക്ക്‌ 6000 രൂപവരെ ചെലവാക്കി. നിയമപ്രകാരം ഇതു 2000 രൂപയില്‍ താഴെയായിരിക്കണം. ശബരിമലയില്‍, 2010-11 കാലയളവില്‍ പ്രതിദിനം 3000 പേര്‍ക്കാണ്‌ അന്നദാനം നടത്തിയത്‌. എന്നാല്‍ ഇവരുടെ ഭരണകാലയളവില്‍ പ്രതിദിനം 30,000 പേര്‍ ഭക്ഷണം കഴിച്ചെന്നാണു രേഖകള്‍! ഉത്സവകാലത്ത്‌ അന്നദാനത്തിനായി ഭക്‌തര്‍ ലോഡ്‌ കണക്കിന്‌ അരിയും പച്ചക്കറിയും സംഭാവന ചെയ്യാറുണ്ട്‌. ഇതൊന്നും രജിസ്‌റ്ററില്‍ ഉള്‍പ്പെടുത്താതെ ആറുകോടിയോളം രൂപയാണു സ്‌ഥിരം ഫണ്ടില്‍നിന്നു പിന്‍വലിച്ചത്‌. ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ കമ്പ്യൂട്ടര്‍വത്‌കരണം നടത്തിയതിലും അഴിമതി നടന്നു. 25 കോടിയുടെ പദ്ധതിയാണു നടപ്പാക്കിയത്‌. 263 സബ്‌ഗ്രൂപ്പ്‌ ഓഫീസുകളിലും ശബരിമലയിലും പരമാവധി അഞ്ഞൂറോളം കമ്പ്യൂട്ടറുകളാണു സ്‌ഥാപിച്ചത്‌. ഒന്നിനു പരമാവധി 30,000 രൂപ ചെലവായാല്‍പോലും ആകെ ഒന്നരക്കോടി രൂപയില്‍ കൂടുതലാകില്ല. ടെന്‍ഡര്‍ നടപടികളിലെ അപാകത, ഫണ്ട്‌ തിരിമറി എന്നിവയിലൂടെയും ബോര്‍ഡിനു കോടികള്‍ നഷ്‌ടപ്പെട്ടു.