ദേവസ്വം ബോര്‍ഡ്‌ അഴിമതി വിജിലന്‍സ്‌ അന്വേഷിക്കും, 'പ്രയാറും അജയ്‌ തറയിലും കണക്കു പറയേണ്ടിവരും'

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളും അഴിമതിയും ദേവസ്വം വിജിലന്‍സ്‌ അന്വേഷിക്കും. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ ദേവസ്വം ബോര്‍ഡ്‌ യോഗത്തിന്റെ നിര്‍ദേശം. അതിനുശേഷം തുടരന്വേഷണം പ്രഖ്യാപിക്കും. ഒരു പൈസയെങ്കിലും അനാവശ്യമായി ചെലവഴിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ പ്രയാര്‍ ഗോപാലകൃഷ്‌ണനും അജയ്‌ തറയിലും കണക്കുപറയേണ്ടി വരുമെന്ന്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ പറഞ്ഞു.

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റും അജയ്‌ തറയില്‍ അംഗവുമായ ദേവസ്വം ഭരണസമിതി നടത്തിയ ക്രമക്കേടുകള്‍ മംഗളമാണ്‌ പുറത്തുകൊണ്ടുവന്നത്‌. 150 കോടിയുടെ ക്രമക്കേടിനു പുറമേ വ്യാജരേഖകളുപയോഗിച്ച്‌ 24 ലക്ഷം രൂപ യാത്രപ്പടിയായി കൈപ്പറ്റിയതും മരാമത്ത്‌ വിഭാഗത്തിനു നിയമവിരുദ്ധമായി 59 കോടി അനുവദിച്ചതും ക്രമക്കേടിലൂടെ മരാമത്ത്‌ പണികള്‍ക്ക്‌ അനുമതി നല്‍കിയതും റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനെയും സര്‍ക്കാരിനെയും കബളിപ്പിച്ച്‌ നിയമനം നടത്തിയതുമടക്കം പത്തോളം ക്രമക്കേടുകളാണ്‌ മംഗളം പുറത്തുകൊണ്ടുവന്നത്‌.

ഇതേത്തുടര്‍ന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടു. വാര്‍ത്തയില്‍ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഇന്നലെ ബോര്‍ഡ്‌ യോഗം ചേര്‍ന്നത്‌. പ്രയാറിനും അജയ്‌ തറയിലിനുമെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അവ അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ്‌ എസ്‌.പിയെ ചുമതലപ്പെടുത്തിയെന്നും പത്മകുമാര്‍ പറഞ്ഞു. എല്ലാ രേഖകളും സുരക്ഷിതമായി വയ്‌ക്കാന്‍ വാര്‍ത്ത പുറത്തുവന്ന അന്നുതന്നെ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടാല്‍ വിശദമായ അന്വേഷണത്തിന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടും.

മുന്‍ ദേവസ്വം സെക്രട്ടറിക്ക്‌ എതിരായ ആരോപണങ്ങള്‍ സംബന്ധിച്ച്‌ ദേവസ്വം കമ്മിഷണറോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുന്‍ പ്രസിഡന്റും അംഗവും യാത്രാപ്പടി ഇനത്തില്‍ 24 ലക്ഷം രൂപയാണ്‌ എഴുതിയെടുത്തത്‌. ഈ പ്രവണത അവസാനിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും അംഗങ്ങളും ഉള്‍പ്പെടെ ബോര്‍ഡിന്റെ വാഹനം ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഡിസംബര്‍ ഒന്നു മുതല്‍ ലോഗ്‌ ബുക്ക്‌ നിര്‍ബന്ധമാക്കും.

Read more

ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഉപയോഗം സംബന്ധിച്ച്‌ പരിശോധിക്കുന്നതിനായി ഫിനാന്‍സ്‌ വിജിലന്‍സ്‌ രൂപീകരിക്കാനും തീരുമാനമായി. നിലവില്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച്‌ പരിശോധന നടത്താന്‍ കഴിയുന്നില്ല. ചിലര്‍ ഇതിനെ സാമ്പത്തിക സമ്പാദനത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും സി.സി. ടിവി കാമറ സ്‌ഥാപിക്കും. ബോര്‍ഡ്‌ ആസ്‌ഥാനത്തിരുന്നാല്‍ ക്ഷേത്രങ്ങളില്‍ നടക്കുന്നത്‌ കാണാന്‍ കഴിയും. വരുമാനച്ചോര്‍ച്ച അവസാനിപ്പിക്കാന്‍ ഇതുപകരിക്കും. ഏറ്റവും കുറഞ്ഞ ചെലവില്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങള്‍ നടത്തുന്നതിനു മുന്‍ഗണന നല്‍കുമെന്നും പത്മകുമാര്‍ പറഞ്ഞു.