വിഎസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ഒരുവര്‍ഷത്തെ ചെലവ് ഒന്നരക്കോടിയോളം രൂപ

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്‍ പ്രവര്‍ത്തനത്തിന് ഒരുവര്‍ഷം ചെലവാക്കിയത് ഒന്നരക്കോടിയോളം രൂപ. ഇക്കാലയളവില്‍ പുറത്തിറക്കിയ വിജിലന്‍സ് പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ടിലുള്ളതാകട്ടെ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള നിര്‍ദേശങ്ങളും.

സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ നല്‍കുന്ന 32 പേജ് റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഈ നിയമം സംബന്ധിച്ച ബില്ലിന്റെ മാതൃകയും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

ചെയര്‍മാന്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് അലവന്‍സുകള്‍ ഉള്‍പ്പെടെ 1.06 കോടിരൂപയാണ് ഒരുവര്‍ഷത്തിനിടെ ചെലവാക്കിയത്. ഓഫീസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ 35.86 ലക്ഷം രൂപ ചെലവാക്കിയതായും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു. താത്കാലിക അംഗത്തിന്റെ യാത്രാ ചെലവ് ഇനത്തില്‍ 1.24 ലക്ഷംരൂപയും ചെലവു വന്നതായി തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ വേണുഗോപാലിനു നല്‍കിയ മറുപടിയിലുണ്ട്.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെയും പുലയനാര്‍കോട്ട വൃദ്ധസദനത്തിലെയും പോരായ്മകളെക്കുറിച്ചുള്ള കുറിപ്പുകളും കമ്മിഷന്‍ തയ്യാറാക്കി. ആകെ 29 ജീവനക്കാരെയാണ് കമ്മിഷന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 12 പേര്‍ ചെയര്‍മാന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെടുന്നതാണ്.