പിന്നിലൂടെ വന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയറ്റില്‍ ചവിട്ടി, തലയ്ക്കടിച്ചു വീഴ്ത്തി; ചെന്നിത്തലയെ ചോദ്യംചെയ്ത ആന്‍ഡേഴ്സണ്‍

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യംചെയ്ത യുവാവിനു മര്‍ദനമേറ്റു. വാരിയെല്ലിന് ഉള്‍പ്പെടെ പരുക്കേറ്റ ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ആരോപണം. രമേശ് ആഭ്യന്തരമന്ത്രിയായിരിക്കെ സഹോദരന്റെ കസ്റ്റഡി മരണത്തില്‍ പരാതിപറയാനായി ശ്രീജിത്ത് സമീപിച്ചിരുന്നു.

സമരം ചെയ്താല്‍ വെറുതേ കൊതുകുകടി കൊള്ളുമെന്നു പറഞ്ഞ് രമേശ് അധിക്ഷേപിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. അടുത്തിടെ സമര പ്പന്തലിലെത്തിയ രമേശിനെ ഇക്കാര്യം ഓര്‍മിപ്പിച്ച് ആന്‍ഡേഴ്‌സണ്‍ ചോദ്യംചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നു. അതിനു പിന്നാലെ ആന്‍ഡേഴ്‌സന്റെ വീടിനുനേരെ കല്ലേറും ഉണ്ടായി. ഇന്നലെ സെക്രട്ടറിയറ്റിനു മുന്നില്‍ ശ്രീജിത്തിന്റെ സമരപ്പന്തലിന്റെ സമീപത്താണുവച്ചാണ് മര്‍ദനമേറ്റത്. പിന്നിലൂടെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയ്ക്കടിച്ചു വീഴ്ത്തിയെന്നും വയറ്റില്‍ ചവിട്ടിയെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു. 2 ശ്രീജിത്തിന്റെ നിരാഹാരസമരം ഇന്നലെ 42-ാം ദിവസത്തിലേക്കു കടന്നിരുന്നു. 2014 മേയ് 21-നാണ് ശ്രീജിവ് മരിച്ചത്.

മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ അറസ്റ്റ് ചെയ്ത പോലീസ് മര്‍ദിച്ചും വിഷം കൊടുത്തും കൊലപ്പെടുത്തിയെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ കണ്ടെത്തലും പോലീസിന് എതിരായിരുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പോലീസിന്റെ പ്രതികാര നടപടിയിലേക്കു നയിച്ചതെന്നാണ് ആരോപണം. പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രീജിവ് മരിച്ച സംഭവം സി.ബി.ഐ. അന്വേഷിക്കാന്‍ വിജ്ഞാപനമിറങ്ങി. സെക്രട്ടേറിയറ്റിനു മുന്നില്‍ സഹോദരന്‍ ശ്രീജിത്തിന്റെ സമരം 771 ദിവസമെത്തിയപ്പോഴാണ് സി.ബി.ഐ. അന്വേഷണത്തിനുള്ള കേന്ദ്രവിജ്ഞാപനം ഇറങ്ങിയത്. എന്നാല്‍, സി.ബി.ഐയുടെ അന്വേഷണം തുടങ്ങിയതിനു ശേഷമേ സമരം അവസാനിപ്പിക്കൂ എന്നു ശ്രീജിത്ത് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ലഭിച്ച കേന്ദ്ര വിജ്ഞാപനത്തിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ടെത്തി ശ്രീജിത്തിനു െകെമാറി. കേസ് ഏറ്റെടുക്കണമെന്ന ആവശ്യം സി.ബി.ഐ. നേരത്തേ നിരസിച്ചിരുന്നു.

ശ്രീജിത്തിന്റെ സമരം സാമൂഹിക മാധ്യമ കൂട്ടായ്മ ഏറ്റെടുത്തതോടെ, തിരുവനന്തപുരത്ത് വന്‍ പ്രകടനം നടന്നു. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കത്തെഴുതി. കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കള്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ശ്രീജിത്തിന്റെ അമ്മ രമണി ഗവര്‍ണര്‍ പി. സദാശിവത്തിനു നിവേദനം നല്‍കുകയും ചെയ്തു.