രമ്യ ഹരിദാസ് എം.പിയുടെ ക്വാറന്റൈന്‍ ചര്‍ച്ചയും മലയാളികളുടെ അസഹിഷ്ണുതയും

വിജു വി.വി 

മലയാളം ചാനലുകളില്‍ വാര്‍ത്താവേളയിലെ ചര്‍ച്ചകള്‍ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. അവയൊന്നും പ്രേക്ഷകര്‍ക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കുക, ഒരു വിഷയത്തെ കുറിച്ച് പല കോണുകളിലെ കാഴ്ചപ്പാടുകള്‍ നല്‍കുക, ഒരു വിഷയത്തെ ബാധിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുക എന്നീ കാര്യങ്ങള്‍ അനുസരിച്ചല്ല നടക്കുന്നത് എന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളെ ഐഡന്റിഫൈ ചെയ്യുക, അവര്‍ തമ്മിലുള്ള പോര് പ്രോത്സാഹിപ്പിക്കുകയും സജീവമാക്കി നിര്‍ത്തുകയും ചെയ്യുക. ഇതാണ് പല അവതാരകരും ചെയ്യുന്നത്. ഇതിലൂടെ ഒരു മത്സരം സെറ്റ് ചെയ്യുകയും അതിലെ അക്രമോത്സുകതയെ പരമാവധി ചൂഷണം ചെയത് കൂടുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ചാനലുകള്‍ ചെയ്യുന്നത്. ചാനലുകളിലെ വാര്‍ത്താചര്‍ച്ചകള്‍ കേള്‍ക്കുന്നവരില്‍ അക്രമോത്സുകത ക്രമേണ കൂടാന്‍ സാദ്ധ്യതയുണ്ട് എന്നാണ് വ്യക്തിപരമായി എന്റെ നിരീക്ഷണം. കുട്ടികളെ ഇത്തരം ചര്‍ച്ചകള്‍ കാണിക്കുന്നത് അപകടമാണ് എന്ന അഭിപ്രായവും ഉണ്ട്.

രമ്യ ഹരിദാസ് എം.പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകളുടെയും അധിക്ഷേപങ്ങളുടെയും പശ്ചാത്തലത്തില്‍ മീഡിയ വണ്ണില്‍ മെയ് പത്തിന് നടന്ന ചര്‍ച്ച കണ്ടുനോക്കി. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എം.പി എന്ന നിലയില്‍ അവരെ ബന്ധപ്പെടുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ അറിയിക്കുകയും അവരുടെ പ്രശ്‌നങ്ങളോട് അനുതാപത്തോടെ പെരുമാറുകയും ആണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഭാഗം ന്യായീകരിക്കാന്‍ എം.നൗഷാദ് എം.എല്‍.എയുമുണ്ട്. നമ്മള്‍ നേടിയ നേട്ടങ്ങള്‍ മറുനാടന്‍ മലയാളികളുടെ വരവോടെ ഇല്ലാതാകുമോ എന്ന ആശങ്ക ചര്‍ച്ചയിലൂടനീളം നൗഷാദ് പങ്കുവെയ്ക്കുന്നുണ്ട്. ഒപ്പമുള്ള സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ ബ്യൂറോക്രാറ്റിക് ലൈനില്‍ ആരോഗ്യവകുപ്പിന്റെ നടപടികളും വെല്ലുവിളികളും വിശദീകരിക്കുന്നു.

ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പറയുന്നിടത്ത് നേരത്തെ പ്രളയകാലത്തും സമാനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് രമ്യ പറയുന്നത്. ഇത് ആദ്യപകുതിയിലാണ്. സ്‌കൂളുകളും ഹോസ്റ്റലുകളുമൊക്കെ ഇതിനായി ഉപയോഗപ്പെടുത്താം എന്നും പറയുന്നു. ചര്‍ച്ചയുടെ അവസാന ഭാഗത്ത് സ്‌കൂളുകളെ കുറിച്ച് വീണ്ടും പറയുന്നുണ്ട്. നല്ല സൗകര്യമുള്ള സ്‌കൂളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്ന മട്ടിലാണ്. ഇതിനിടയില്‍ നൗഷാദ് കുറച്ച് പ്രകോപിതനായി പറയുന്നതാണ് സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചത്. നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ പൊതുശൗചാലയമല്ലേ? അവിടെ ആളുകളെ താമസിപ്പിക്കാന്‍ പറ്റുമോ? ഏതെങ്കിലും സ്‌കൂളുകളില്‍ ബാത്‌റൂം അറ്റാച്ച്ഡ് ക്ലാസ് മുറികളുണ്ടോ എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. അതോടെ ചര്‍ച്ച കഴിയുന്നു.

“എന്നാല്‍ പ്രളയകാലത്ത് ആളുകളെ സ്‌കൂളുകളില്‍ താമസിപ്പിച്ചില്ലേ? അതുപോലെ ഇപ്പോഴും താമസിപ്പിച്ചു കൂടെ” എന്ന് രമ്യ ഹരിദാസ് എം.പി ചോദിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അങ്ങനെയൊന്ന് ആ ചര്‍ച്ചയില്‍ ഞാന്‍ കണ്ടില്ല. എന്നിട്ടും “രമ്യ പ്രളയവും കോവിഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള കഴിവില്ലാത്തയാളാണെന്നും മലയാളിക്ക് നാണക്കേടാണെന്നു”മുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതു കണ്ടു. ഇതില്‍ ഇടയ്ക്കിടെ കീഴാള രാഷ്ട്രീയ പോസ്റ്റുകള്‍ ഇടുന്ന ബുജികളും ഉണ്ടായിരുന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്?

പല പഞ്ചായത്തുകളിലും സ്‌കൂളുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. സി.പി.എം അനുഭാവികള്‍ ഉള്‍പ്പെടെ ഇതിന്റെ അനുഭവങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പുകളായി ഇട്ടിട്ടുണ്ട്.
ഇനി ഇവയെല്ലാം ബാത്ത് റൂം അറ്റാച്ച്ഡ് ക്ലാസ് മുറികള്‍ ആണെന്നാണോ? അല്ല. എല്ലാം സാധാരണ സ്‌കൂളുകളാണ്. യഥാര്‍ത്ഥത്തില്‍ തന്റെ ബ്ലോക്ക് പഞ്ചായത്ത് അനുഭവ പരിചയം വെച്ച് ക്രിയാത്മകമായ നിര്‍ദേശം മുന്നോട്ടുവെയ്ക്കുകയാണ് രമ്യ ചെയ്തത്.

താരതമ്യേന ഭേദപ്പെട്ട ചര്‍ച്ചയായിരുന്നു മീഡിയവണ്ണില്‍ അജിംസ് നയിച്ചത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയക്കാരേക്കാള്‍ എത്രയോ ഭേദമായാണ് അവര്‍ സംസാരിച്ചത്. എന്നിട്ടും എന്തുകൊണ്ട് രമ്യയ്‌ക്കെതിരെ അണിയറയില്‍ ട്രോളുകള്‍ ഇറങ്ങുന്നു? അവരുടെ കഴിവുകളെ ചോദ്യം ചെയ്യുന്നു? മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ സോഷ്യല്‍ മീഡിയയില്‍ അതിന് ആധികാരികത നല്‍കുന്നു. അത് അവര്‍ സംവരണ മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ചു എന്ന ടാഗ് ഉള്ളതുകൊണ്ടു മാത്രമാണ്. എന്നാല്‍ മുഹമ്മദലി നല്ല ഫുട്‌ബോളറായിരുന്നു എന്നു പറഞ്ഞ കായികമന്ത്രിയുടെ കഴിവിനെ കുറിച്ച് നമ്മള്‍ക്ക് സംശയമില്ല താനും. പുറത്തു വരാന്‍ അവസരം കാത്തു കിടക്കുന്ന സംവരണ വിരുദ്ധത കേരളത്തിന്റെ പൊതുബോധത്തിലുണ്ട്. സാധാരണ ഒരു രാഷ്ട്രീയക്കാരന് സംഭവിക്കുന്നതിന്റെ നൂറിലൊന്ന് പിഴവുണ്ടായിരുന്നാലും അവര്‍ ആക്രമിക്കപ്പെടും എന്നതാണ് അതിന്റെ പ്രത്യേകത. ഇത് രമ്യ ഹരിദാസ് എന്ന രാഷ്ട്രീയക്കാരി മാത്രം നേരിടുന്ന പ്രശ്‌നമല്ല. പൊതുഇടത്തില്‍ എത്തിപ്പെടുന്ന ഏതുകീഴാള പ്രതിനിധിക്കും സംഭവിക്കാവുന്നതാണ്. പിഴവുകളില്‍ ഇളവിന്റെ കാര്യത്തിലുള്ള ആനൂകൂല്യം മറ്റുള്ളവരേക്കാള്‍ നൂറിലൊന്നു മാത്രമേ ലഭിക്കൂ.

റോബിന്‍ ജെഫ്രി പറഞ്ഞതു പോലെ, “മാതൃദായ ക്രമത്തിലെ സവര്‍ണ പുരുഷന്മാരുടെ അതൃപ്തികളെ രാഷ്ട്രീയബോധമാക്കി പരിവര്‍ത്തിപ്പിച്ച മലയാളിപൊതുബോധത്തില്‍” ഇത്തരം കാര്യങ്ങള്‍ വളരെ സ്വാഭാവികമായും പോപ്പുലര്‍ ആയും പ്രചരിപ്പിക്കപ്പെടും.

(ലേഖകൻ ഐ.ഐ.ടി മദ്രാസിൽ ഗവേഷകനും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമാണ്)

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ