Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

‘ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങള്‍ വളരെ ‘കാലികപ്രസക്തമാണ്’; നമുക്കൊരു പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്താലോ’?

, 12:59 pm

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ യുക്തിക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പറഞ്ഞ ജനപ്രതിനിധികളെ പൊതുചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംവിധായകന്‍ ആഷിഖ് അബു. ക്വാറി ഉണ്ടായിട്ടും മഴ പെയ്തല്ലോ, വനത്തിലെങ്ങിനെ ഉരുള്‍പൊട്ടി, പ്ലംജൂഡി പൊളിച്ചു മാറ്റിയിട്ട് കാര്യമില്ല പ്രകൃതിയുടെ വിധി തടുക്കാനാവില്ല തുടങ്ങി വലിയ മണ്ടത്തരങ്ങളായിരുന്നു ജനപ്രതിനിധികള്‍ പറഞ്ഞത്.

ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രതിനിധികളുടെ പരിസ്ഥിതി പാണ്ഡിത്യം നിറഞ്ഞ് നില്‍ക്കുന്ന മാതൃഭൂമി പത്രത്തിന്റെ വാര്‍ത്തയുടെ ഇമേജ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഈ ക്ലിപ്പിങ് ഷെയര്‍ ചെയ്തു കൊണ്ടാണ് ജനപ്രതിനിധികളെ പൊതു ചര്‍ച്ചയ്ക്ക് ആഷിഖ് അബു ക്ഷണിച്ചിരിക്കുന്നത്.

ആഷിഖ് അബു എഴുതിയത് ഇങ്ങിനെ

പ്രിയ ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങള്‍ വളരെ ‘ കാലികപ്രസക്തമാണ് ‘.
നമുക്കൊരു പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്താലോ? അഭ്യര്‍ത്ഥനയാണ്. ചര്‍ച്ച സംഘടിപ്പിക്കുന്ന കാര്യം വ്യക്തിപരമായി ഏറ്റെടുക്കുന്നു. സമ്മതമെങ്കില്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യാനും തയ്യാര്‍!

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി

ക്വാറികള്‍ ഉണ്ടെങ്കില്‍ മഴ ഉണ്ടാകില്ലെന്നാണല്ലോ പറഞ്ഞ് നടക്കുന്നത്. എന്നിട്ടിപ്പോള്‍ എന്തുണ്ടായി ? ക്വാറികള്‍ ഇല്ലെങ്കില്‍ നിങ്ങളൊക്കെ റോഡിലൂടെ എങ്ങിനെ ഞെളിഞ്ഞ് നടക്കും. മണല്‍ വാരാന്‍ അനുവദിച്ച് വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടണം

മൂന്നാര്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍

ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയുമൊക്കെ അപ്രസക്തനാക്കി കൊണ്ടുള്ള സന്ദേശമാണ് ഈ പ്രളയം നല്‍കിയത്. പ്ലംജൂഡി റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയിട്ട് കാര്യമില്ല. പ്രകൃതിയുടെ വിധിയെ ആര്‍ക്കും തടുക്കാനാവില്ല. ഇടുക്കിയില്‍ ഇനിയും ഇളവ് വേണം.

പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ്

പാറമട കാരണമാണ് ഈരാറ്റുപേട്ടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതെന്ന് പറയുന്നു. ഗാഡ്ഗില്‍ പറയുന്നത് ശരിയാണെങ്കില്‍ വനത്തിലെങ്ങനെ ഉരുള്‍പൊട്ടി?

പിവി അന്‍വര്‍

ജെസിബി പോയിട്ട് ഒരു കൈക്കോട്ട് പോലും വെയ്ക്കാത്ത നിബിഡവനത്തില്‍ എങ്ങനെ ഉരുള്‍പൊട്ടി.

Advertisement