Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

നാലാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചറിനെ തേടി 18 വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിയുടെ യാത്ര, അധ്യാപക ദിനത്തില്‍ ശിഷ്യന്റെ വേറിട്ട ഗുരുപൂജയുടെ കഥ സൈബര്‍ ലോകത്ത് വൈറലാകുന്നു

, 11:05 pm

നാലാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചറിനെ തേടി 18 വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിയുടെ യാത്ര. ചാര്‍ട്ടേഡ് അക്കൌണ്ടന്റായ ഇടുക്കി സ്വദേശിയായ സി.എ ആല്‍വിന്‍ ജോസാണ് തന്റെ പ്രിയ അധ്യാപികയെ തേടി യാത്ര ചെയ്തത്. ഇതിനെക്കുറിച്ച് ആല്‍വിന്‍ ഫെയ്‌സ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പിലെഴുതിയ കുറിപ്പാണ് വൈറലായി മാറിയത്.

ഓമന ടീച്ചര്‍ എന്ന പ്രിയ അധ്യാപികയെ തേടി വിദ്യാര്‍ത്ഥിയായിരുന്ന ആല്‍വിന്‍ യാത്ര ചെയ്തതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥയില്‍ ആല്‍വിന്‍ പറയുന്നു തന്നെ ജീവിതത്തില്‍ അറിവിന്റെ പാതയില്‍ കൈപിടിച്ച് നടത്തിയത് ടീച്ചറാണ്. രണ്ടാം ക്ലാസ് മലയാളം പോലെ മര്യാദക്ക് വായിക്കാന്‍ പോലും അറിയാത്ത തന്നെ ടീച്ചര്‍ ആണ് ആദ്യമായിട്ട് ഒരു പ്രസംഗ മത്സരത്തിന് കൊണ്ട് പോയതെന്ന് ആല്‍വിന്‍ ഓര്‍ക്കുന്നു ഇടുക്കി വെള്ളയാംകുടിയില്‍ സ്‌കൂള്‍ കലോത്സവത്തിനായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. അവിടെ വെച്ച് ആണ് ജീവിതത്തില്‍ ആദ്യമായ് ജയിക്കുന്നത് . അന്നത്തെ ആദ്യ ജയം ജീവിതത്തിലെ ഒരു വലിയ കാല്‍വെപ്പ് ആയിരുന്നു . ഒരു ഗ്രാമത്തില്‍ നിന്ന്, ഇന്നുള്ള നിലയിലേക്കു ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ആയി മാറുന്നതിന് നിദാനമായി മാറിയത് ആ വിജയമായിരുന്നു. സിഎ പാസ്സ് ആയി കഴിഞ്ഞു ആദ്യം ഓര്‍ത്തതും ഓമന ടീച്ചറെ കാണാന്‍ ആയിരുന്നുവെന്നു ആല്‍വിന്‍ കൂട്ടിച്ചേര്‍ത്തു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

#18_വര്‍ഷങ്ങള്‍ക്_ശേഷം_എന്റെ_ടീച്ചറെ_കണ്ടെത്താന്‍_ഒരു_യാത്ര…….#ഉടുമ്പന്നൂരിലേക്

( ഇത് ഒരു സ്ഥലം തേടി ഉള്ള യാത്ര അല്ല, മറിച്ചു കണ്ട് പിടിക്കാന്‍ പറ്റുമോ എന്ന് അറിവില്ലാത്ത, ഒരാളെ തേടി ഉള്ള യാത്ര ആണ് )

——————————

ഞാന്‍ ടീച്ചറുടെ അഡ്രസ് ഉള്ള പേപ്പറും, സമ്മാനം കൊടുക്കാനും ഉള്ള സാരിയും ബാഗില്‍ ആക്കി.. കണ്ട് പിടിക്കാന്‍ പറ്റുമോ എന്ന് അറിയില്ല .. എന്നാലും ഒരു ശ്രമം മാത്രം..

‘ ഹലോ വിവേക് ‘

‘ യെസ് പറയ് ടാ ‘

‘ ടാ ഇന്ന് തൊടുപുഴ ഉടുമ്പന്നൂര്‍ എന്ന സ്ഥലത്തേക്ക് ഒരു ട്രിപ്പ് പിടിച്ചാലോ ? ഞാന്‍ പറഞ്ഞട്ടില്ലേ എന്നെ 4ആം ക്ലാസ്സില്‍ പഠിപ്പിച്ച ഒരു ഓമന ടീച്ചര്‍ ! ടീച്ചര്‍ അവിടെ എവിടെയോ ആണ് . ടീച്ചറെ കാണണം ‘

‘ നിനക്കു അതിനു വീട് അറിയുമോ ? ‘

‘ ഇല്ലടാ , അവിടെ ചെന്ന് ചോദിച്ചു, കണ്ട് പിടിക്കണം ‘

‘ ഓക്കേ ഗണേഷും കാണും ചിലപ്പോള്‍, ഒക്കെ ‘

വിവേക് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഒക്കെ ആണ് . ഗണേഷ് ഞങ്ങടെ ബെസ്‌ററ് ബഡിയും .

‘ഓക്കേ ടാ അപ്പൊ നിങ്ങള്‍ വേഗം ഇറങ്ങിക്കോ ‘

ഞാന്‍ റെഡി ആയ് ബുള്ളറ്റ് എടുത്ത് ഇറങ്ങി . കളമശ്ശേരി സോഷ്യല്‍ പള്ളിക്ക് മുമ്പിലെ യൗസേഫ് പിതാവിന്റെ മുമ്പില്‍ കാര്യം പറഞ്ഞു , മനസ്സില്‍ മാതാവിന്റെ മുഖത്ത് ഒരു ഉമ്മയും കൊടുത്തു ഒന്ന് പ്രാത്ഥിച്ചു ..വണ്ടി എടുക്കുന്നെന്നു മുമ്പുള്ള പ്രാര്‍ത്ഥന .. ഗണേഷും വിവേകും എത്തി . ഏകദേശം 2.30 മണിക്കൂര്‍ ഉണ്ട് തൊടുപുഴ എത്താന്‍ .. യാത്ര തുടങ്ങുന്നു..
ഞാന്‍ 18 വര്‍ഷങ്ങള്‍ക് മുമ്പ് പഠിപ്പിച്ച ടീച്ചറെ കാണാന്‍ പോകുവാണ് .. 1999 and 2000 ഇല്‍ 3 ലും 4 ലും എന്നെ പഠിപ്പിച്ച ടീച്ചര്‍ ആണ് ഓമന ടീച്ചര്‍ . ക്ലാസിനു ശേഷം ടീച്ചര്‍ എവിടാണെന്നോ എങ്ങോട്ട് പോയെന്നോ അറിഞ്ഞു കൂടാ . ?
രണ്ടര മണിക്കൂര്‍ ട്രാവല്‍ ഇല്ലേ ? ടീച്ചറുടെ അഡ്രസ് കിട്ടിയ വിധം ഓര്‍ക്കാനും പറയനും ഉള്ള ടൈം ഉണ്ട് ..പറയാം..

ഓമന ടീച്ചര്‍ , സ്ഥലം ശാസ്താംകോട്ട , 8 വയസുകാരന്‍ ഓര്‍മയില്‍ അത്രയേ അറിയൂ .. അന്ന് വരെ ഒന്നുമല്ലാതെ ആയിരുന്ന എന്നെ ആരൊക്കെയോ ആക്കിയത് ടീച്ചര്‍ ആണ് . 2000 ഇല്‍ കാനേഷുമാരി സെന്‍സസ് നടക്കുന്ന സമയം , അവധികാലം ആണ് . മുരിക്കാശ്ശേരി എന്ന എന്റെ ഗ്രാമത്തിലെ സെന്‍സസ് ഡ്യൂട്ടി മുഴുവന്‍ എന്റെ ടീച്ചര്‍ക്ക് ആയിരുന്നു .. കുന്നും മലയൊക്കെ കേറാന്‍ ടീച്ചര്‍ അന്ന് എന്നെ ആണ് കൂട്ടു വിളിച്ചത് .. അമ്മയെ പോലെ കണ്ടത് കൊണ്ടാവാം ഞാനും മുന്നും പിന്നും നോക്കാതെ ഒപ്പം ഇറങ്ങി.. ഒരു മകനെ പോലെ ഞാനും ടീച്ചര്‍ടെ ഒപ്പം നടന്നു. പല വീടുകള്‍ ചെല്ലുമ്പോളും ദാഹിച്ചു വലഞ്ഞു ആവും ചെല്ലുക , വീട്ടുകാര്‍ എന്തെങ്കിലും കുടിക്കാന്‍ കൊടുത്താല്‍ ടീച്ചര്‍ക്ക് മാത്രം , എന്നെ നോ മൈന്‍ഡ് .. പിള്ളേരല്ലേ .. പക്ഷെ വീട്ടുകാരുടെ കണ്ണ് ഒന്ന് തെറ്റിയാല്‍ ടീച്ചര്‍ടെ ആ ഒരു ഗ്ലാസ് വെള്ളം എനിക്ക് തരും, എന്നിട് തലയില്‍ ഒന്ന് തലോടും.. ഒപ്പം നടക്കുമ്പോ ഞാന്‍ ടീച്ചറെ ഇങ്ങനെ നോക്കാറുണ്ട് . ഒരു ‘അമ്മ സ്‌നേഹം പോലെ .. അന്നത്തെ ഒരു മാസം കൊണ്ട് ടീച്ചര്‍ മുഖം ഒരിക്കലും മറക്കാത്ത ഒന്നായി മാറിയിരുന്നു .. 2 ആം ക്ലാസ് വരെ മലയാളം പോലെ മര്യാദക്ക് വയ്ക്കാന്‍ പോലും അറിയാത്ത എന്നെ ടീച്ചര്‍ ആണ് ആദ്യമായിട്ട് ഒരു പ്രസംഗ മത്സരത്തിന് കൊണ്ട് പോകുന്നത്, ഇടുക്കി വെള്ളയാംകുടിയില്‍ സ്‌കൂള്‍ കലോത്സവത്തിന് .. അവിടെ വെച്ച് ആണ് ജീവിതത്തില്‍ ആദ്യമായ് ജയിക്കുന്നത് . അന്ന് ജയിച്ച ആദ്യ ജയം ജീവിതത്തിലെ ഒരു വലിയ കാല്‍വെപ്പ് ആയിരുന്നു .. ഒരു സാധാ ഗ്രാമത്തില്‍ നിന്ന്, ഇന്നുള്ള നിലയിലേക്കു ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് അയ് മാറിയപ്പോ, ജീവിതത്തിലെ ഓരോ ജയത്തിലും അന്ന് ടീച്ചര്‍ തന്ന ഓര്‍മ്മകള്‍ കരുത്തായിരുന്നു .. CA പാസ്സ് ആയ് കഴിഞ്ഞു ആദ്യം ഓര്‍ത്തതും ഓമന ടീച്ചറെ കാണാന്‍ ആയിരുന്നു .
എങ്ങനെ കാണാന്‍ എവിടെ ആണെന്ന് ഓര്‍ത്തു തപ്പാന്‍ ആണ് . 18 വര്‍ഷങ്ങള്‍ക് മുമ്പ് ഉള്ള ആളെ പറ്റി ആരോട് ചോദിക്കാന്‍ . ടീച്ചര്‍ മറ്റു എവിടെ നിന്നോ വന്ന ആളാണ് .. പഠിപ്പിക്കുമ്പോ വാടക വീട്ടില്‍ ആയിരുന്നു ടീച്ചറും ചെറിയ ഒരു മകളും താമസച്ചിരുന്നത് … 2001 ഇല്‍ ഞങ്ങടെ ക്ലാസ് നു ശേഷം ടീച്ചര്‍ സ്ഥലം മാറി പോയി എന്ന് കേട്ടിരുന്നു .. വേറെ ഒന്നും അറിവില്ല .
അകെ ഉള്ള തുമ്പ് വീട്ടിലെ പഴയ ഫോണ്‍ നമ്പര്‍ എഴുതുന്ന ഡയറിലെ 4 ആം ക്ലാസ്സിലെ പൊട്ട കൈ അക്ഷരത്തില്‍ എഴുതിയ 3 കാര്യങ്ങള്‍ ആണ് ..

ഓമന ടീച്ചര്‍
ശാസ്താംകോട്ട
0486 -2541819

4 ആം ക്ലാസ് തീരുന്നതിനു മുമ്പ് teacher ബോര്‍ഡ് ഇല്‍ എഴുതി ഇട്ടതാണ് അത് എന്ന് ഓര്‍മ്മ ഉണ്ട് .. ഹൈ സ്‌ക്കൂളിലെ സാമൂഹ്യപാഠം പുസ്തകത്തിലെ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ? ശാസ്താംകോട്ട എന്ന് ആവര്‍ത്തിച്ച് പഠിക്കുമ്പോ , മനസ്സില്‍ പറയുമായിരുന്ന്‌നു ആഹാ ഇത് ഓമന ടീച്ചറിന്റെ സ്ഥലം ആണല്ലോ ..
ഏതായാലും കിട്ടിയ തുമ്പ് വെച്ച ഒന്ന് വിളിച്ചാലോ എന്ന് അയ് .. ഒന്ന് നമ്പര്‍ കുത്തി നോക്കി .. അങ്ങനെ ഒരു നമ്പരെ ഇല്ല .. എഴുതി വെച്ചിരിക്കുന്നതെ തെറ്റാണു … ! പൊട്ട തെറ്റ്
ചെറുപ്രായത്തിലേ പോക്രിത്തരം

ഇനി മമ്മി ആണ് ഏക വഴി ..

‘മമ്മി ഞാന്‍ ഓമന ടീച്ചറെ ഒന്ന് കാണാന്‍ പോയാലോ എന്ന് ഓര്‍ക്കുവാ ‘

‘ ഏത് ഓമന ടീച്ചര്‍ ? ‘

‘എന്റെ മമ്മി എന്നെ 3യിലും 4ലും എന്നെ പഠിപ്പിച്ച ടീച്ചര്‍ ഇല്ലെ മമ്മി , ഓമന ടീച്ചര്‍.’

‘അതിനു ഓമന ടീച്ചര്‍ എവിടെ ആണെന്ന് നിനക്കു അറിയാമോ ? ‘

‘ ഓ പിന്നെ ശാസ്താംകോട്ട എവിടെയോ ആണ് , ബാക്കി ഒക്കെ തപ്പി കണ്ട് പിടിക്കും ‘

ഇത് കേട്ടതും മമ്മി നിര്‍ത്താതെ ചിരി ആണ് .. അല്ല ഇപ്പോ എന്താ ഉണ്ടായേ ചിരിക്കാന്‍

‘ ടാ കൊച്ചെ അത് ശാസ്താംകോട്ട അല്ല ശാസ്താംകുന്നേല്‍ ആണ് ,ടീച്ചറിന്റെ വീട്ടുപേര് ആണ് . വീട് തൊടുപുഴ ഏതോ ഒരു സ്ഥലത്തു ആണ് ‘

ഏഹ്ഹ് .. എന്നാലും കഴിഞ്ഞ 18 വര്‍ഷം ഞാന്‍ എന്റെ 4 ആം ക്ലാസ്സിലെ വിവരം ഓര്‍ത്തു മുന്നോട്ടു പോകുവായിരുന്നല്ലോ .. വലിയ തെറ്റ് .. ! ശാസ്താംകുന്നേല്‍ എങ്ങനെ ശാസ്താംകോട്ട എന്ന് ആലോചിക്കാന്‍ 8 വയസ്സിലെ മുഴുവന്‍ ഓര്‍മ എനിക്ക് ഇല്ലതാനും.. ‘

എന്തായാലും ഇത് നല്ലൊരു തെളിവ് ആണ് !

വീട്ടുപേര് ‘ ശാസ്താംകുന്നേല്‍ ‘

എന്നാലും 60 കഷിഞ്ഞ മമ്മിക് ഇത്ര ഓര്‍മയോ ? സമ്മതിച്ചിരിക്കുന്നു . മമ്മിയുടെ ഓര്‍മ്മ എനിക്കും പണ്ടേ ബോധ്യപ്പെട്ടിട്ടുള്ളതാണ് . സ്‌കൂളില്‍ പഠിക്കുമ്പോ ഓരോ ഹിന്ദി വാക്ക് പറയുമ്പോള്‍ അതിന്റെ അര്‍ഥം മമ്മി പറയണത് കേള്‍ക്കണം . ആള് 10 ആം ക്ലാസ്സില്‍ പഠിച്ച ഓര്‍മയില്‍ നിന്നാണെന്ന് ഓര്‍ക്കണം . സ്‌കൂള്‍ 1970 ലെ രാജാക്കാട് ഒക്കെ ഉള്ളതാണ് . അതാണ് മമ്മീടെ ഓര്‍മ്മ .. സമ്മതിച്ചിരിക്കുന്നു .. !

ഇനി ടീച്ചറിന്റെ കാര്യം എങ്ങനെ സെറ്റ് ആകും ?
3 ഡീറ്റൈല്‍സ് ആയ്
1 . പേര് : ഓമന
2 . വീട്ടുപേര് : ശാസ്താംകുന്നേല്‍
3 . സ്ഥലം : തൊടുപുഴ എവിടെയോ
4. മറ്റുള്ളവ : 1999, 2001 മുരിക്കാശ്ശേരി സ്‌കൂളില്‍ എന്നെ പഠിപ്പിച്ചട്ടുണ്ട് .

കൂടെ പഠിച്ച പലരോടും ചോദിച്ചു ആര്‍ക്കും അത് ഒന്നും അത്ര ഓര്‍മ്മ ഇല്ല .. തൊടുപുഴ എവിടെ ആണെന്ന് ഓര്‍ത്തു തപ്പും ..

ഒരു ബുധനാഴ്ച , ഓഫീസ് കഴിഞ്ഞു സിസ്റ്റം ഒക്കെ ഓഫ് ചെയ്യാന്‍ പോകുന്നൂ . ആലോചന അടുത്ത ഞായറാഴ്ച എങ്ങോട് ട്രിപ്പ് പോകും . പല സ്ഥലങ്ങള്‍ വെറുതെ ഒന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു .. ഇടക്ക് ഒരു ഭംഗിക് വെറുതെ ടൈപ്പ് ചെയ്തു ‘ ഓമന ടീച്ചര്‍ ശാസ്താംകുന്നേല്‍ ‘
കുറെ ശാസ്താംകുന്നേല്‍ റിസള്‍ട്ട് വന്നു .. ആദ്യത്തെ ഒന്നുമല്ല .. കുറെ ഫയല്‍ തുറന്ന് നോക്കി, നോ രക്ഷ ,

വെറുതെ ഓരോന്ന് ഓപ്പണ്‍ ചെയ്തു കൊണ്ടേ ഇരുന്നു . പക്ഷെ അതില്‍ നാലാമത്തെ ഫയല്‍
– ഒരു സ്‌കൂളിന്റെ ആയിരുന്നു അതില്‍ എന്റെ ടീച്ചറിന്റെ ഫോട്ടോ
St. George HSS ഉടുമ്പന്നൂര്‍ ടീച്ചേര്‍സ് വിവരങ്ങള്‍ ആണ് . ഒരു നിമിഷം വിശ്വസിക്കാന്‍ പറ്റിയില്ല . ഫുള്‍ അഡ്രെസ്സ് അടക്കം ഉണ്ട് അതില്‍ . കണക്ക് പ്രകാരം ടീച്ചറുടെ retirement ആയിട്ടുണ്ടാവണം .. സന്തോഷം കൊണ്ട് മറ്റൊരു ലോകത്തു ആയ പോലെ .. ഒന്ന് ഉറപ്പിച്ചു , പോകണം , ഉടുമ്പന്നൂരിലേക് , കണ്ട് പിടിക്കണം ടീച്ചറെ .. ഒരു സമ്മാനം കൊടുക്കണം , ഒരുപാട് വര്‍ഷങ്ങള്‍ക് ശേഷം കാണാന്‍ പോകുവല്ലേ , Yes 18 വര്‍ഷങ്ങള്‍ .. വെബ് സൈറ്റില്‍ കൊടുത്ത ടീച്ചറുടെ
മുഖത്തേക്ക് ഒന്ന് നോക്കി .. വലിയ മാറ്റം ഒന്നുമില്ലല്ലേ .. 8 വയസ്സിലെ ഓര്‍മയില്‍ ഇത് പോലെ ഒക്കെ തന്നെ ആണ് .. വൈകിട്ട് മമ്മിയെ വിളിച്ചു കാര്യം പറഞ്ഞു , ഒരു കേസ് തെളിയിച്ച CBI ഓഫീസറുടെ ഭാവം ആയിരുന്നു എനിക്ക് .. മമ്മി നല്ല ചിരിയും ..
അങ്ങനെ അടുത്ത ദിവസം തന്നെ ടീച്ചേര്‍ക്കുള്ള ഒരു സാരിയും വാങ്ങി . അതില്‍ കൂടുതല്‍ എന്റെ ടീച്ചര്‍ക്ക് എന്ത് കൊടുക്കാന്‍ ആവും … എല്ലാം തീരുമാനിച്ചു , അടുത്ത ഞായറഴ്ച ഇറങ്ങാന്‍ തീരുമാനിച്ചു എന്റെ ടീച്ചറെ തേടി ഉടുമ്പന്നൂരിലേക് ..

മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴ റൂട്ട് നല്ല കിടിലന്‍ വഴി ആണ് .. ഉറക്കെ പാട്ടൊക്കെ പാടി നല്ല അടിപൊളി റോഡ് ഒക്കെ ആസ്വദിച്ചു അങ്ങനെ .. ഗണേഷും വിവേകും മുമ്പില്‍ ഉണ്ട് . കുറച്ചു ദൂരം ചെന്നപ്പോ ഉടുമ്പന്നൂരിലേക്ക് ഉള്ള ബോര്‍ഡ് കണ്ടു . ആ വഴി എടുത്തു . ഏകദേശം ഒരു 45 മിനിട്‌സ് .. ഉടുമ്പന്നൂര്‍ ! സ്ഥലം എത്തിയിരിക്കുന്നു .
വണ്ടിയില്‍ നിന്ന് ഇറങ്ങി അടുത്ത് കണ്ട ഒരു ബേക്കറിയില്‍ ചോദിച്ചു
‘ ചേട്ടാ ഈ ഓമന ടീച്ചര്‍ , ഉടുമ്പന്നൂര്‍ സ്‌കൂളില്‍ ഒക്കെ പഠിപ്പിച്ചതാണ് , ശാസ്താംകുന്നേല്‍ എന്നാണ് വീട്ടുപേര് . വീട് എവിടാണെന്ന് അറിയുമോ ‘

ചേട്ടന്‍ കുറച്ചു നേരം ആലോചിച്ചു
‘ അങ്ങനെ ഒരാളെ അറിയില്ലലോ മോനെ , നിങ്ങള്‍ നേരെ കാണുന്ന ഇറച്ചിക്കടയില്‍ ഒന്ന് ചോദിച്ചേക് അവര് പണ്ട് തൊട്ടേ ഇവിടെ ഉള്ളവരാണ് , അവര്‍ക്കു അറിയാന്‍ പറ്റണം ‘

‘ ശെരി ചേട്ടാ’

ഞങ്ങള്‍ നേരെ അടുത്ത് കണ്ട ഇറച്ചി കടയിലേക്കു ചെന്ന് . ഞായറാഴ്ച അല്ലെ നല്ല തിരക്കുണ്ട് .

‘ ചേട്ടാ അതേയ് ഈ ഓമന ടീച്ചറെടെ വീട് എവിടെയാണെന്ന് അറിയുവോ , ശാസ്താംകുന്നേല്‍ . ഇവിടുത്തെ സ്‌കൂളില്‍ പഠിപ്പിച്ചതാണ് .’

‘ ഏത് നമ്മടെ ശാസ്താംകുന്നെലെ ടീച്ചറോ , എന്ത് പറ്റി മക്കളെ എന്താ കാര്യം ‘

‘ ഏയ് എന്നെ പണ്ട് ഇടുക്കിയിലെ ഒരു സ്‌കൂളില്‍ പഠിപ്പിച്ചതാണ് ഒന്ന് കാണാന്‍ വന്നതാണ് ‘

‘ അഹ് ശെരിയാണ് ടീച്ചര്‍ പണ്ട് ഇടുക്കിലെ ഒരു സ്‌കൂളില്‍ ആയിരുന്നു . ടീച്ചറുടെ വീട് ഇവിടെ നിന്ന് നേരെ പോയി ഇടത്തോട്ട് 5 മിനിറ്റ് , അവിടെ ചോദിച്ചാല്‍ മതിടാ മക്കളേ ‘

ഞങ്ങള്‍ വണ്ടി എടുത്ത് ആളു പറഞ്ഞ വഴിയില്‍ എത്തി . ആദ്യം കണ്ട വീട്ടില്‍ ചോദിച്ചു ,

‘തൊട്ട് അപ്പുറത്തുള്ള വീട് കാണിച്ചു ‘
‘ അതാണ് ടീച്ചറുടെ വീട് ‘

ഗണേഷും വിവേകും പുറത്തു നിന്നു .
ഞാന്‍ വണ്ടി വീടിന്റെ മുറ്റത്തു നിര്‍ത്തി ഇട്ടിരുന്ന ജാക്കറ്റ് ഊരി ബൈക്കില്‍ വെച്ച് വീടിന്റെ മുമ്പിലേക് ചെന്ന് .
ഇനി ടീച്ചര്‍ക്ക് എന്നെ അറിയില്ലെങ്കിലോ ?? ആദ്യം കാണുമ്പോ എന്ത് പറയും ? എങ്ങനെ പരിചയപ്പെടുത്തും ? ആഹ് എന്തേലും ആവട്ടെ ഞാന്‍ വീടിന്റെ ബെല്ല് അടിച്ചു . ആദ്യം വന്നത് ടീച്ചറുടെ മകന്‍ ആയിരുന്നു 18 വയസു തോന്നിക്കും .
‘ ഓമന ടീച്ചര്‍ ? ‘

‘ എന്റെ ‘അമ്മ ആണ്, അകത്തേക്കു വരൂ ‘
എന്നെ ഉള്ളിലേക്കു ക്ഷണിച്ചു .
ടീച്ചര്‍ വന്നു .. പഴയ അതെ രൂപം തന്നെ .

‘ ആരാ മനസിലായില്ലലോ ? ‘

ടീച്ചറുടെ മുഖത്തും ഒരു ആകാംഷ ഉണ്ട് .

‘ പേര് ആല്‍വിന്‍ എന്നാണ് , എന്നെ ടീച്ചര്‍ 4 ആം ക്ലാസ്സില്‍ പഠിപ്പിച്ചട്ടുണ്ട് . അന്ന് സെന്‍സസ് നടക്കുന്ന സമയത്തു കുറെ ദിവസം ഞാന്‍ ആയിരുന്നു ടീച്ചര്‍ക്ക് കൂട്ട് വന്നത് ‘

‘ അഹ് ഓര്‍കുന്നുണ്ട് ഓര്‍ക്കുന്നുണ്ട് ‘

‘ പക്ഷെ ടീച്ചര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല 18 വര്‍ഷം മുമ്പുള്ള 8 വയസ്സിലെ കാര്യങ്ങള്‍ ഒക്കെ ഇപ്പോഴും ഓര്‍മ ഉണ്ടോ ? ഇപ്പൊ എന്താ ചെയ്യുന്നേ , വീട് എങ്ങനെയാ കണ്ട് പിടിച്ചേ ? എന്നെ എങ്ങനെ ഓര്‍മ്മ വന്നു ? ആരാ പറഞ്ഞേ ഞാന്‍ ഇവിടെ ആണെന്ന് ? എന്നിങ്ങനെ 100 കൂട്ടം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ടീച്ചര്‍ക്ക്
എല്ലാം വിശദമായി പറഞ്ഞു കൊടുത്തു .. ഞാന്‍ ഇപ്പൊ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അയ് ഇവിടെ വരെ എത്താന്‍ ഉള്ള ഒരു കാരണം ടീച്ചര്‍ ആണെന്ന് പറഞ്ഞപ്പോ ലോകത്തില്‍ എങ്ങും കാണാത്ത ഒരു സന്തോഷം ടീച്ചറുടെ മുഖത്തു ഞാന്‍ കണ്ടു .
ടീച്ചറുടെ അപ്പനും അമ്മയും ഭര്‍ത്താവും എല്ലാം വന്നു .. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ കാണാന്‍ വന്ന തന്റെ കുഞ്ഞു വിദ്യാര്‍ത്ഥിയെ അവര്‍ക്കു കാണിച്ചു കൊടുക്കാന്‍ വലിയൊരു ആകാംഷ ആയിരുന്നു !
ഞാന്‍ ടീച്ചര്‍ക്ക് ആയിട്ടു കൊണ്ട് വന്ന സാരി തുറന്ന് ടീച്ചറുടെ കൈല്‍ കൊടുത്തു
‘ ഇഷ്ടമാകുമോ എന്ന് അറിയില്ലാട്ടോ ‘

വീണ്ടും വീണ്ടും ടീച്ചറുടെ മുഖത്തു സന്തോഷത്തിന്റെ ഒരായിരം വാള്‍ട്ട് കത്തി നില്‍ക്കുന്നത് കാണാമായിരുന്നു ..
‘ ദേ എന്റെ കൊച്ചു ഇത്ര വര്‍ഷത്തിന് ശേഷം എന്നെ കാണാന്‍ എനിക്ക് സമ്മാനം ആയിട്ട് വന്നേക്കുന്നു ‘ ആ വാക്കുകളില്‍ എല്ലാം ഉണ്ടായിരുന്നു .. ഒരുപാട് സംസാരിച്ചു .. സമയം പോയതേ അറിഞ്ഞില്ല .

ഇറങ്ങാന്‍ സമയം ആയിരിക്കുന്നു, തന്നെ നോക്കി 2 ഫ്രണ്ട്സ് പുറത്തു നില്കുന്നുണ്ടന്ന് അപ്പോഴാണ് ഓര്‍ത്തത് ..
ഫുഡ് കഴിച്ചു പോകാം എന്ന് ഒരുപാട് നിര്‍ബന്ധിച്ചു .. ഇനിയും ഒരിക്കല്‍ വരാം എന്ന് വാക്ക് കൊടുത്തു .. ഇറങ്ങുന്നതിനു മുമ്പ് ‘ ഞാന്‍ അധികം താമസിക്കാതെ ജോലി ആവശ്യം ആയിട്ട് ഗള്‍ഫിലേക് പോകും എന്ന് പറഞ്ഞു , ടീച്ചറുടെ അനുഗ്രഹം വേണം ‘

2 കൈയും തലയില്‍ വെച്ച് ടീച്ചര്‍ പറഞ്ഞു

‘ ലോകത്തില്‍ എവിടെ പോയാലും നന്നായി വരും കേട്ടോ എല്ലാ അനുഗ്രഹവും ഉണ്ട് മോന് ‘

നന്ദി . ഒരു ലോകം കീഴടക്കിയ സന്തോഷം .
യാത്ര പറഞ്ഞു
തിരികെ ബുള്ളറ്റ് എടുത്ത് തിരിച്ചു ഫ്രണ്ട്‌സന്റെ അടുത്തേക്ക് .. ഉടമ്പന്നൂരില്‍ നിന്ന് അധികം ഇല്ല തൊമ്മന്‍കുത്തിലേക്ക് . നേരെ അങ്ങോട്ട് ..
യാത്രയില്‍ മുഴവനും എന്തോ ഒരു സന്തോഷത്തിന്റെ വലയം ചുറ്റിലും ഉണ്ടായിരുന്നു . ഇപ്പോഴും ഉണ്ട് .. നന്ദിയുടെ അനുഗ്രഹത്തിന്റെ , എന്റെ ടീച്ചറുടെ ..

നന്ദി എന്റെ ഓമന ടീച്ചറിന് ..
എന്നെ ഞാന്‍ ആക്കി തീര്‍ത്തതില്‍ ..

നന്ദി നന്ദി …………….

#സെപ്റ്റംബര്‍ 5 ടീച്ചേര്‍സ് ഡേ എന്റെ ടീച്ചര്‍ക്ക്

 

18_വർഷങ്ങൾക്_ശേഷം_എന്റെ_ടീച്ചറെ_കണ്ടെത്താൻ_ഒരു_യാത്ര

Advertisement