ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യ ആകര്‍ഷണമായിരുന്നു ഇന്നലത്തെ ഭീമന്‍ രഘുവിന്റെ നില്‍പ്പ് പ്രകടനം. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍ എഴുന്നേറ്റ് നിന്ന് കേട്ട് നടന്‍ ഭീമന്‍ രഘുവിനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ആ നില്‍പ്പ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ഭീമന്‍ രഘുവിനെ ട്രോളിക്കൊണ്ട് നിരവധി ട്രോളുകളാണ് പിറക്കുന്നത്.
എന്നാല്‍, സംഭവം ട്രോള്‍ ആയതോടെ വിശദീകരണവുമായി ഭീമന്‍ രഘു രംഗത്തെത്തിയിട്ടുണ്ട്. പിണറായിയോടുളള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെന്ന് നടന്‍ പിന്നീട് വ്യക്തമാക്കി.
മൂലക്കുരുവല്ല, ഇത് നരന്‍ സിനിമയിലെ കീരിയാശാന്റെ ബഹുമാനത്തിന്റെ പീക്ക് ലെവല്‍ ആണെന്നും ചിലര്‍ ഭീമനെട്രോളിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നത്. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോഴാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. 15 മിനിറ്റോളമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതിന് ശേഷമാണ് നടന്‍ ഇരുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന്‍ രഘു കസേരയിലിരുന്നത്.
രണ്ടുമാസം മുമ്പാണ് ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും ഭീമന്‍ രഘു അന്ന് പറഞ്ഞിരുന്നു. അന്ന് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ഭീമന്‍ ആലപിച്ചിരുന്നു.