എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിന്തല്‍മണ്ണയില്‍ നടന്ന സിപിഐ.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഎം പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ രൂപം;-

പെരിന്തൽമണ്ണയിലെ മുസ്ളീംലീഗ് ഓഫീസ് എസ്.എഫ്.ഐ ക്കാർ അടിച്ചു തകർത്തു. ഓഫീസ് ഉപകരണങ്ങളും ഫാനും എസിയും തകർത്തെറിഞ്ഞ അക്രമിസംഘം ബോർഡുകളും ആരാധ്യനായ ലീഗ് നേതാക്കളുടെ ചിത്രങ്ങളും നശിപ്പിച്ചു. മങ്കട നിയോജക മണ്ഡലത്തിലെ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ സംഘർഷമാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലേക്ക് വ്യാപിപ്പിച്ചത്. അനിഷ്ടസംഭവത്തിൽ പ്രതിഷേധിച്ച് അക്രമത്തിനെതിരെ നാളെ( ചൊവ്വാഴ്ച) പെരിന്തൽമണ്ണ താലൂക്കിൽ യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

രാഷ്ട്രീയ എതിരാളികളെ കയ്യൂക്ക് കൊണ്ടും അക്രമം കൊണ്ടും അടിച്ചമര്‍ത്തുന്ന സി പി എം ശൈലി കേരളത്തിന്റെ നിയമവാഴ്ചയെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. കേരളം ക്രമസമാധാനത്തിൽ മികച്ച സംസ്ഥാനമാണെന്ന് ഗവർണർ നയപ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പെരിന്തൽമണ്ണയിൽ അക്രമം അരങ്ങേറിയത്. എസ് എഫ് ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സി പി എം ചെയ്യുന്നത്.

സി പി എം പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ഇരുന്നൂറോളം എസ് എഫ് ഐ പ്രവർത്തകർ മുക്കാൽ മണിക്കൂറാണ് ലീഗ് ഓഫീസിൽ അഴിഞ്ഞാടിയത്. ഈ ഓഫീസിന്റെ ഇരുന്നൂറ് മീറ്റർ ചുറ്റളവിലാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ. നഗ്നമായ നിയമ ലംഘനം നടത്തിയിട്ടും അക്രമ സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

ഭരണത്തിന്റെ തണലില്‍ എന്ത് അക്രമവും കാണിക്കാമെന്നുള്ള ധാര്‍ഷ്ട്യമാണ് സി പി എമ്മിനുള്ളത് .ഇക്കാര്യം അംഗീകരിച്ച് കൊടുക്കാന്‍ യു ഡി എഫ് അടക്കമുള്ള ജനാധിപത്യ ചേരിക്ക് സാധ്യമല്ല. നാളെ നടക്കുന്ന ഹർത്താൽ സമാധാനപരമായിട്ടായിരിക്കും.