'ഹൃദയ വേദനയോടെ പറയട്ടെ, ഇനി കേരളത്തിലെ ട്രാന്‍സ്ജന്‍ഡേഴ്‌സ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി ഇടപെടില്ല'; ആക്ടിവിസ്റ്റിന്റെ കുറിപ്പ് വൈറല്‍

ഇനി കേരളത്തിലെ ട്രാന്‍സ്ജെണ്ടര്‍ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി ഇടപെടില്ലെന്ന് ആക്ടിവിസ്റ്റും ട്രാന്‍സ്ജെണ്ടര്‍ കമ്യൂണിറ്റിയുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ ദിയ സന പറഞ്ഞു. ദളിത് പ്രശ്നങ്ങളില്‍ സമരം ചെയ്യാന്‍ ദളിത് ആയ ഒരാള്‍ക്കും ആദിവാസി പ്രശ്നങ്ങളില്‍ അറസ്റ്റ് വരിക്കാന്‍ ആദിവാസിയ്ക്കും സ്ത്രീപക്ഷ പ്രശ്നങ്ങളില്‍ സംസാരിക്കാന്‍ സ്ത്രീയ്ക്ക് മാത്രവും ആണ് അവകാശം എന്ന മുരട്ടു ന്യായം ആണ് ട്രാന്‍സ്ചില ട്രാന്‍സ്ജെണ്ടര്‍ ആക്റ്റിവിസ്റ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ ഇനി പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാന്‍ ഇല്ലെന്നും ദിയ വൈകാരികമായി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെ വേദനയോടെ ആണെങ്കിലും ചില സത്യങ്ങള്‍ തുറന്നു പറയുക തന്നെ വേണം, എന്റെ കുറ്റസമ്മതമോ തുറന്നു പറച്ചിലോ പരാജയമോ ഒക്കെയായി ഇതിനെ വായിക്കാം .

ക്യാന്‍സര്‍ ബാധിച്ച ഒരു അവയവം മുറിച്ചു മാറ്റാനായി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റുന്നത്തിനു തൊട്ടു മുന്‍പുള്ള ഒരാളുടെ അവസ്ഥയില്‍ ആണ് ഞാന്‍. ഇരുപത്തിയേഴു വര്‍ഷം സ്വന്തം ശരീരത്തിന്റെ ഭാഗമായിരുന്ന ഒരവയവം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മുറിച്ചു മാറ്റുന്നു, ആ അവയവം പിന്നീട് കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യും , മുറിച്ചു മാറ്റിയതിന്റെ മുറിവ് അവിടെ അവശേഷിക്കുകയും ചെയ്യും .

കഴിഞ്ഞ നാല് വര്‍ഷങ്ങളായി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്ന ട്രാന്‍സ്‌ജെണ്ടര്‍ കമ്യൂണിറ്റിയിലെ സഹജീവികള്‍ക്കു വേണ്ടിയുള്ള എളിയ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇനി ഒരിക്കലും ട്രാന്‍സ്‌ജെണ്ടര്‍ കമ്യൂണിറ്റിയിലെ സഹജീവികള്‍ക്ക് ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ , അതെന്തുമാവട്ടെ , ആക്രമണമോ , പോലീസ് കസ്റ്റഡിയോ, ജയിലോ , സമരമോ , ഉറങ്ങാന്‍ ഒരു ഇടം ഇല്ലാത്തതോ എന്തുമാവട്ടെ , കനത്ത ഹൃദയ വേദനയോടെ തന്നെ ഇടപെടുന്നത് ഒഴിവാക്കുകയാണ്.

ഞാന്‍ ഒരു സ്ത്രീ ആണ് എന്നത് കൊണ്ട് ട്രാന്‍സ്‌ജെണ്ടര്‍ കമ്യൂണിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അര്‍ഹയല്ല എന്ന രീതിയിലുള്ള ഒരു വിഭാഗത്തിന്റെ പൊതുവേദിയില്‍ ഉള്ള വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ ആണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണം .

ദളിത് പ്രശ്‌നങ്ങളില്‍ സമരം ചെയ്യാന്‍ ദളിത് ആയ ഒരാള്‍ക്കും ആദിവാസി പ്രശ്‌നങ്ങളില്‍ അറസ്റ്റ് വരിക്കാന്‍ ആദിവാസിയ്ക്കും സ്ത്രീപക്ഷ പ്രശ്‌നങ്ങളില്‍ സംസാരിക്കാന്‍ സ്ത്രീയ്ക്ക് മാത്രവും ആണ് അവകാശം എന്ന മുരട്ടു ന്യായം ആണ് ട്രാന്‍സ്‌ജെണ്ടര്‍ വിഷയത്തില്‍ ട്രാന്‍സ് ജെണ്ടര്‍ അല്ലാത്ത ഒരാള്‍ ഇടപെടരുത് എന്ന് പറയുന്നതിലൂടെ ചില ട്രാന്‍സ്‌ജെണ്ടര്‍ ആക്റ്റിവിസ്റ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

സ്ത്രീ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു , രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒട്ടും സുരക്ഷിതമല്ലാത്ത പലതരം സാഹചര്യങ്ങളിലേയ്ക്ക് ഓടി ഇറങ്ങുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ശാരീരികമായ ആക്രമണം പോലും നേരിട്ടിട്ടുണ്ട്.എന്നിട്ടും സ്ത്രീ എന്ന നിലയില്‍ തന്നെ ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടായിരുന്നു .

ട്രാന്‍സ്‌ജെണ്ടര്‍ കമ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് വേണ്ടി ട്രാന്‍സ്‌ജെണ്ടര്‍ ആയവര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന തീരുമാനം കമ്യൂണിറ്റിയില്‍ ഉണ്ടെങ്കില്‍ എനിക്ക് പരിഭവം ഒന്നുമില്ല. പക്ഷെ ബാക്കി വച്ച ഒരു സ്വപ്നം ഉണ്ട് , അതുകൂടി ഞാന്‍ ഇവിടെ തിരികെ വച്ചു പോവുകയാണ്. ഒരു വലിയ സ്വപ്നം

ട്രാന്‍സ്‌ജെണ്ടര്‍ ആയുള്ളവര്‍ക്കു സുരക്ഷിതമായി കേരളത്തില്‍ താമസിക്കാന്‍ ഉള്ള സൗകര്യം. ലോഡ്ജുകളില്‍ നിന്നും ലോഡ്ജുകളിലേയ്ക്ക് ആട്ടിപ്പായിക്കുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം , ഈ ഒരു മോഹം ഞാന്‍ നിങ്ങള്ക്ക് കൈമാറുകയാണ്. അങ്ങനെ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയ പലതും . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുകള്‍ , നിയമ സഹായകേന്ദ്രങ്ങള്‍, ട്രാന്‍സ്‌ജെണ്ടറുകള്‍ക്കെതിരെ ഉള്ള അനേകം വ്യാജകേസുകളില്‍ നിയമ പരിഹാരം , സംരംഭകര്‍ക്ക് ലോണുകള്‍ എന്നിവയൊക്കെ സ്വപ്നങ്ങളായിരുന്നു. അതൊക്കെ ഞാന്‍ നിനകളെ ഏല്‍പ്പിച്ചാണ് തിരികെ പോകുന്നത്.

അക്കാഡമിസ്റ്റ്- ആക്റ്റിവിസ്റ്റ് പരിവേഷം നല്‍കുന്ന സ്റ്റേജ് പ്രോഗ്രാമുകളിലും ചടങ്ങുകളിലും പത്രസമ്മേളനങ്ങളിലും മുഖം കാണിക്കുന്നതിലും ഉപരി അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും നട്ടുച്ചയും എന്നിലാതെ ജീവിക്കാനായി ഭിക്ഷാടനം ചെയ്യുന്ന , ഗതിയില്ലാതെ ലൈംഗിക തൊഴില്‍ ചെയ്യുന്ന , അച്ചാറും കുഞ്ഞു കരകൗശല സാധനങ്ങളും ഉണ്ടാക്കി വിറ്റു ജീവിതത്തോട് പോരടിക്കുന്നവരുടെ കൂടെ നില്‍ക്കാനായിരുന്നു എന്നും താല്പര്യം.

ട്രാന്‍സ്‌ജെണ്ടറുകള്‍ക്കു വേണ്ടി ട്രാന്‍സ്‌ജെണ്ടര്‍ ആയവര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന കമ്യൂണിറ്റി ലീഡര്‍മാര്‍ എടുത്ത തീരുമാനം, കമ്യൂണിറ്റിയുടെ തീരുമാനമായതിനാല്‍ അംഗീകരിക്കുന്നു. ലീഡര്‍ ആയുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുക എന്നത് തന്നെയാണ് ഏതൊരു കൂട്ടായ ലക്ഷ്യത്തിനും ഗുണം ചെയ്യുക.

ഒരുപാട് ഓര്‍മ്മകള്‍ ഈ നാല് വര്‍ഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
.
എന്നെ പതിയെ മറന്നേക്കുക.
ദിയ സന…..

https://www.facebook.com/diya.sana.7/posts/1057276597745141?pnref=story